Police registered case over alleged disruption of Thrissur pooram
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ പരാമര്‍ശം. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വൃണപ്പെടുത്തി ലഹളയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ പ്രധാന പരാമര്‍ശം.
അതേസമയം ആരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥന്റെ (എസ്.ഐ.ടി) പരാതിയിലാണ് കേസെടുത്തത്. മലപ്പുറം സൈബര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഐ.സി ചിത്തിരഞ്ജനാണ് പരാതിക്കാരന്‍.
ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍, രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്.
അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലക്കംമറിയുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്. പൂരം കലങ്ങിയില്ലെന്നും വെടിക്കെട്ട് അല്‍പം വൈകുക മാത്രമാണ് ഉണ്ടായതെന്നുമായിരുന്നു വിഷയത്തെ ലഘൂകരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി.
Keywords: Thrissur pooram, Police, Register, Case
COMMENTS