സിദ്ധാർത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന പാലന ചുമതലയിൽ നിന്ന് ഒഴിവാക്കിയ നടപടിയിലൂടെ ഭരണ മുന്നണിയിലെ ...
സിദ്ധാർത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന പാലന ചുമതലയിൽ നിന്ന് ഒഴിവാക്കിയ നടപടിയിലൂടെ ഭരണ മുന്നണിയിലെ കക്ഷികളെയും പ്രതിപക്ഷത്തെയും ചെറുതായൊന്ന് ആശ്വസിപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്തിരിക്കുന്നത്. ഫലത്തിൽ അജിത് കുമാറിനെതിരെ നടപടി ഒന്നുമില്ല. ക്രമസമാധാന പാലന ചുമതല പോയെങ്കിലും അദ്ദേഹം ബറ്റാലിയൻ ചുമതലയുള്ള എ ഡി ജി പിയായി തുടരും.
അതിനാൽ, സർക്കാർ അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ചു എന്ന് പറയാൻ കഴിയില്ല. ഫലത്തിൽ, അദ്ദേഹത്തിന് എതിരെ ഔദ്യോഗികമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉണ്ടായിരുന്ന രണ്ട് ചുമതലകളിൽ ഒന്ന് എടുത്തുമാറ്റി എന്നുമാത്രം.
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ, സ്വർണം കള്ളക്കടത്ത് ആരോപണം, ആർഎസ്എസ് നേതാക്കളെ കണ്ടതിലെ അപാകം തുടങ്ങിയ കാര്യങ്ങളുടെ പേരിൽ അജിത് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നാണ് സിപിഎമ്മിലെ പോലും അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നത്.
ഇതൊന്നും തന്നെ മുഖ്യമന്ത്രി മുഖവലയ്ക്ക് എടുത്തിട്ടില്ല എന്നാണ് ഇപ്പോഴത്തെ നടപടി വ്യക്തമാക്കുന്നത്. ആരോപണങ്ങൾ വന്നതു മുതൽ മുഖ്യമന്ത്രി സംരക്ഷണ കവചമൊരുക്കി കാത്ത അജിത് കുമാറിനെ കാര്യമായ പോറൽ ഏൽക്കാതെ രക്ഷിച്ചെടുത്തിരിക്കുകയാണ് ചുമതല ഒഴിവാക്കൽ നടപടിയിലൂടെ.
കഴിഞ്ഞദിവസം പാർട്ടി യോഗത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉൾപ്പെടെയുള്ളവർ അജിത് കുമാർ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തിട്ടും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല എന്നാണ് ഇപ്പോഴത്തെ നടപടിയിലൂടെ വ്യക്തമാകുന്നത്.
നാളെ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് തിരക്കിട്ട ചുമതല ഒഴിവാക്കൽ നടപടി വന്നിരിക്കുന്നത്. ഇതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെയും ആക്ഷേപങ്ങളുടെയും മുനയൊടിക്കാം എന്നാണ് സർക്കാർ കരുതുന്നത്.
അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സിപിഐ കർശന നിലപാട് എടുത്തിരുന്നു. ഇപ്പോൾ സിപിഐക്കും ഫലത്തിൽ ഉത്തരം കൊടുത്തിരിക്കുകയാണ് മുഖ്യമന്ത്രി. നടപടി എടുത്തില്ലെന്ന് ഇനി സിപിഐക്കും പറയാനാവില്ല. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കിയതിനെ സിപിഐ സ്വാഗതം ചെയ്തിട്ടുണ്ട്.
ഇത്തരം ഒഴിവാക്കലുകൾ അജിത് കുമാറിന് പുത്തരിയല്ല. നേരത്തെ സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട സ്വർണ്ണം കള്ളക്കടത്ത് കേസിൽ ആരോപണം വന്നപ്പോൾ വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ ഒഴിവാക്കിയിരുന്നു. മാസങ്ങൾക്കു ശേഷം അദ്ദേഹത്തെ ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി ആക്കി സ്ഥാനക്കയറ്റം നൽകിയിരുന്നു. അജിത് കുമാറിന് ഇനി നാലുവർഷത്തെ സർവീസ് ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ കുറച്ചു നാൾ കഴിയുമ്പോൾ അദ്ദേഹം ഏതു പദവിയിൽ തിരിച്ചെത്തുമെന്ന് കാത്തിരുന്നു കാണാം.
അജിത് കുമാറിന്റെ ഇപ്പോഴത്തെ സ്ഥാന ചലനത്തിനു പിന്നിൽ യഥാർത്ഥത്തിൽ പി വി അൻവർ എംഎൽഎയുടെ പടപ്പുറപ്പാട് ആയിരുന്നു. എന്നാൽ, ഡിജിപിയും പ്രത്യേക അന്വേഷക സംഘവും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സ്ഥാനമാറ്റം എന്നാണ് സർക്കാർ വിശദീകരണം. അതായത് അൻവറിന്റെ ആരോപണങ്ങൾ മുഖവിലയ്ക്കെടുത്തില്ലെന്നാണ് സർക്കാർ വാദത്തിന്റെ വ്യംഗ്യം.
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ വിഷയത്തിൽ അജിത് കുമാറിനെതിരെ ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് കയ്യിലിരിക്കെ തന്നെ ഈ വിഷയത്തിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രി ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡിജിപിയെ കൂടാതെ ക്രൈം ബ്രാഞ്ച് മേധാവി, ഇന്റലിജൻസ് എ ഡിജിപി എന്നിവരാണ് വിഷയം അന്വേഷിക്കുന്നത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിലും അജിത് കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്.
സർക്കാർ സമ്മതിക്കുന്നില്ലെങ്കിലും പി വി അൻവർ ഉയർത്തിയ ആരോപണങ്ങൾ തന്നെയാണ് ഫലത്തിൽ എഡിജിപിയുടെ കസേര തെറിക്കുന്നതിൽ എത്തിച്ചിരിക്കുന്നത്.
Keywords: Ajith Kumar, PV Anwar, ADGP, DGP, Kerala police, Law and Order
COMMENTS