In the wake of the report prepared by the Child Rights Committee, the National Child Rights Commission has sent a letter to the states demanding the
അഭിനന്ദ്
ന്യൂഡല്‍ഹി : വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാത്ത മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ നല്കിവരുന്ന സാമ്പത്തിക സാഹം നിറുത്തലാക്കണമെന്ന് നിര്‍ദ്ദേശിച്ച് ദേശീയ ബാലവകാശ കമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്കു കത്തയച്ചു.
ഒക്ടോബര്‍ 11 നാണ് ദേശീയ ബാലവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്.
മദ്രസകളുടെ ചരിത്രത്തെക്കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനത്തില്‍ അവരുടെ പങ്കിനെക്കുറിച്ചുമുള്ള 11 അധ്യായമുള്ള 'വിശ്വാസത്തിന്റെ സംരക്ഷകര്‍ അല്ലെങ്കില്‍ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവര്‍: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളും മദ്രസകളും' എന്ന തലക്കെട്ടില്‍ ബാലാവകാശ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് ശുപാര്‍ശ വന്നത്.
2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (ആര്‍ടിഇ) പരിധിക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന മതസ്ഥാപനങ്ങള്‍ ഗുണത്തെക്കാള്‍ ദോഷങ്ങളാണുണ്ടാക്കുന്നതെന്നു കമ്മിഷന്‍ നിരീക്ഷിച്ചു.
മദ്രസകളെ ആര്‍ടിഇ നിയമത്തില്‍ നിന്ന് ഒഴിവാക്കിയത് ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നഷ്ടപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29 ഉം 30 ഉം ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സംസ്‌കാരം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നുണ്ട്. ഈ വ്യവസ്ഥകള്‍ ആര്‍ടിഇ നിയമം അനുശാസിക്കുന്ന ഔപചാരിക വിദ്യാഭ്യാസം മദ്രസകളിലെ കുട്ടികള്‍ക്കു നിഷേധിക്കുകയാണ്. ഇത് ഒരര്‍ത്ഥത്തില്‍ അശ്രദ്ധമായി വിവേചനത്തിന് കാരണമായെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു.
മദ്രസകളുടെ പ്രാഥമിക ലക്ഷ്യം മതവിദ്യാഭ്യാസമാണ്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവശ്യ ഘടകങ്ങളായ അടിസ്ഥാന സൗകര്യങ്ങള്‍, പരിശീലനം ലഭിച്ച അധ്യാപകര്‍, ശരിയായ അക്കാദമിക് പാഠ്യപദ്ധതി എന്നിവ പല മദ്രസകളിലുമില്ല. മുഖ്യധാരാ സ്‌കൂളുകളിലെ കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് മദ്രസ വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നു.
മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍, യൂണിഫോം, ഉച്ചഭക്ഷണ പദ്ധതിയിലേക്കുള്ള പ്രവേശനം തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ടു പ്രകാരം 1.2 കോടി മുസ്ലിം കുട്ടികള്‍ ഔപചാരിക വിദ്യാഭ്യാസം നേടുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാലാവകാശ ലംഘനങ്ങള്‍, ശാരീരിക സുരക്ഷാ പ്രശ്‌നങ്ങള്‍ തിടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പല മദ്രസകളുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാത്തപക്ഷം മദ്രസകള്‍ക്കും മദ്രസ ബോര്‍ഡുകള്‍ക്കുമുള്ള സംസ്ഥാന ധനസഹായം നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കൂടാതെ, അമുസ്‌ലിം കുട്ടികളെ മദ്രസകളില്‍ നിന്ന് പുറത്താക്കാന്‍ എന്‍സിപിസിആര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഭരണഘടനയുടെ 28ാം അനുച്ഛേദം ലംഘിക്കുന്നു എന്നതാണ് ഈ നിര്‍ദ്ദേശത്തിനു കാരണം. മാതാപിതാക്കളുടെ സമ്മതമില്ലാതെ മതപരമായ പ്രബോധനം അടിച്ചേല്‍പ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
മതപരവും ഔപചാരികവുമായ വിദ്യാഭ്യാസം ഒരുപോലെ നിലനില്‍ക്കുമെങ്കിലും ഒരേ സ്ഥാപനത്തിനുള്ളില്‍ സമതുലിതമായ സമീപനമാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.
ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചെലവില്‍ മതവിദ്യാഭ്യാസം അനുവദിക്കാനാവില്ലെന്നും എല്ലാ കുട്ടികളുടെയും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശത്തിന് സംസ്ഥാനം മുന്‍ഗണന നല്‍കണമെന്നും റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു.
യു ഡി ഐ എസ് ഇ കോഡ് എടുക്കുകയോ കേവലം ഒരു ബോര്‍ഡ് രൂപീകരിക്കുകയോ ചെയ്യുന്നതുകൊണ്ട് മദ്രസകള്‍ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമ വ്യവസ്ഥകള്‍ പാലിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് കമ്മിഷന്‍ പറയുന്നു. മദ്രസകളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് സംയോജിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലവകാശ കമ്മിഷന്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
ബാലവകാശ കമ്മിഷന്റെ നിര്‍ദ്ദേശശം രാജ്യവ്യാപകമായി വലിയ എതിര്‍പ്പിനും കാരണമായിരിക്കുകയാണ്. മത സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമായാണ് പലരും ഇതിനെ വ്യാഖ്യാനിക്കുന്നത്. എന്നാല്‍, മത പഠനത്തിന്റെ പേരില്‍ ഔപചാരിക വിദ്യാഭ്യാസം കുട്ടികള്‍ക്കു നിഷേധിക്കുന്നതിനെതിരേയും പ്രതിഷേധം ശക്തമാണ്.
Summary: In the wake of the report prepared by the Child Rights Committee, the National Child Rights Commission has sent a letter to the states demanding the closure of madrassas in the coun-try. The commission recommended that funding to madrassas be stopped and children studying in madrassas be enrolled in formal schools.
COMMENTS