Israeli forces entered Lebanon as part of a military operation against Hezbollah, the world's largest armed terrorist group
മാത്യു കെ തോമസ്
ദുബായ് : ലോകത്തിലെ ഏറ്റവും വലിയ സായുധ തീവ്രവാദി വിഭാഗമായ ഹിസ്ബുള്ളയ്ക്കെതിരെയുള്ള സൈനിക നടപടിയുടെ ഭാഗമായി ഇസ്രയേലി സേന ലബനനില്‍ പ്രവേശിച്ചു. കരയുദ്ധത്തെ ''പരിമിതമായ'' കര ഓപ്പറേഷന്‍ എന്നാണ് ഇതിനെ ഇസ്രയേല്‍ വിശേഷിപ്പിക്കുന്നത്.
അതിര്‍ത്തിയോടു ചേര്‍ന്നുള്ള തെക്കന്‍ ലെബനനിലെ ഗ്രാമങ്ങളിലെ ഹിസ്ബുള്ള ക്യാമ്പുകള്‍ ഉന്നമിട്ടാണ് ആക്രമണം. 'നോര്‍ത്തേണ്‍ ആരോസ്' എന്നു പേരിട്ടിട്ടുള്ള ആക്രമണങ്ങള്‍ സമാന്തരമായി തുടരുമെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) പറഞ്ഞു.
താമസക്കാരോട് ഒഴിഞ്ഞു പോകാന്‍ മുന്നറിയിപ്പു നല്കിയ ശേഷം തെക്കന്‍ ബെയ്റൂട്ടില്‍ ഇസ്രായേല്‍ കുറഞ്ഞത് ആറ് വ്യോമാക്രമണങ്ങളെങ്കിലും നടത്തിയതായി ഒരു ലെബനീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തെക്കന്‍ ലെബനനിലെ ഒരു പലസ്തീന്‍ ക്യാമ്പും വ്യോമാക്രമണത്തില്‍ തകര്‍ന്നു.
ഭീകര ഗ്രൂപ്പായ ഹിസ്ബുള്ള ഗ്രൂപ്പിന്റെ താല്‍പ്പര്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും സമീപമാണ് നിങ്ങള്‍ സ്ഥിതിചെയ്യുന്നത്. നിങ്ങളുടെ സുരക്ഷയ്ക്കും കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കും, നിങ്ങള്‍ ഉടന്‍ തന്നെ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുകയും അവയില്‍ നിന്ന് അകന്നു നില്‍ക്കുകയും വേണം, ഇതായിരുന്നു ഇസ്രയേല്‍ മുന്നറിയിപ്പ്. ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ കൂടുതല്‍ വ്യോമാക്രമണം നടത്തി, തിങ്കളാഴ്ച ലെബനനിലുണ്ടായ ആക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വടക്കന്‍ ഇസ്രായേലില്‍ സമാധാനം കൊണ്ടുവരാന്‍ ആവശ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. , ലെബനനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ കര, വ്യോമ, കടല്‍ ആക്രമണങ്ങള്‍ സംയുക്തമായി ആരംഭിച്ചിരിക്കുകയാണ് ഇസ്രയേല്‍.
പരിമിതമായ കര ഓപ്പറേഷനല്ല നടക്കുന്നതെന്നും തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ വളഞ്ഞ് അവരെ ഉന്മൂലനം ചെയ്യാനുള്ള ദൗത്യത്തിലാണ് ഇസ്രയേല്‍ സേനയെന്ന് ബ്രസല്‍സ് ആസ്ഥാനമായുള്ള സൈനിക, സുരക്ഷാ അനലിസ്റ്റ് എലിജ മാഗ്‌നിയര്‍ പറഞ്ഞു.
കുറഞ്ഞത് 18 ഇസ്രയേലി ബ്രിഗേഡുകളെങ്കിലും യുദ്ധസജ്ജരായിട്ടുണ്ട്. 70,000 മുതല്‍ 100,000 വരെ സൈനികര്‍ യുദ്ധത്തിനിറങ്ങിയിരിക്കുകയാണെന്നും മഗ്‌നിയര്‍ പറഞ്ഞു.
ഹിസ്ബുള്ളയുടെ ശക്തി മിസൈല്‍ യൂണിറ്റുകളും പ്രത്യേക സേനയും ചേര്‍ന്നതാണ്. മിസൈല്‍ യൂണിറ്റുകളില്‍ 70 ശതമാനം വരെ ഇസ്രയേല്‍ നശിപ്പിച്ചു കഴിഞ്ഞു. തുടര്‍ന്നാണ് ഹിസ്ബുള്ളയുടെ പ്രത്യേക സേനയെ വളയാനാരംഭിച്ചിരിക്കുന്നത്.
ഇതിനിടെ ഹിസ്ബുള്ളയുടെ ഉപനേതാവ് നൈം ഖാസെം ആദ്യമായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. സായുധ സംഘത്തലവന്‍ ഹസന്‍ നസ്റല്ലയുടെ മരണത്തിന് ശേഷം ഹിസ്ബുള്ള ഉന്നതരില്‍ ഒരാള്‍ രംഗത്തു വരുന്നത് ആദ്യമാണ്. ഇസ്രായേല്‍ കര വഴി പ്രവേശിക്കാന്‍ തീരുമാനിച്ചാല്‍ തിരിച്ചടിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് നൈം ഖാസെം പറഞ്ഞു.
യുഎന്‍ സെക്രട്ടറി ജനറലും യുഎസ് പ്രസിഡന്റും ജോ ബൈഡനും ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ലെബനനിലേക്കുള്ള കര അധിനിവേശത്തെ എതിര്‍ക്കുകയും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. കര ആക്രമണത്തെ എതിര്‍ത്തതിനൊപ്പം ഇസ്രയേലിനു കൂടുതല്‍ ആയുധങ്ങള്‍ എത്തിക്കാനുള്ള നടപടി ജോ ബൈഡന്‍ സ്വീകരിക്കുകയും ചെയ്തു.
ഇതിനിടെ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ നിരവധി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സിറിയന്‍ ഗോലാന്റെ ദിശയില്‍ നിന്ന് ഇസ്രായേലി യുദ്ധവിമാനങ്ങളും ഡ്രോണുകളും ആക്രമണം നടത്തിയതായി ഔദ്യോഗിക സന എജന്‍സി അറിയിച്ചു.
സെന്‍ട്രല്‍ ഗാസ മുനമ്പിലെ നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിനു കിഴക്ക് അല്‍-ഫഖാരി പ്രദേശത്ത് മൈനുകള്‍ പൊട്ടി ഇസ്രയേലി എഞ്ചിനീയറിംഗ് യൂണിറ്റിലെ അംഗങ്ങളെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തതായി ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു.
ഇസ്രയേലില്‍, ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളില്‍ ഇസ്രയേലില്‍ കുറഞ്ഞത് 1,139 പേര്‍ കൊല്ലപ്പെടുകയും 200 ലധികം ആളുകള്‍ ബന്ദികളാകുകയും ചെയ്തു. ഇതിനു തിരിച്ചടിയായാണ് ഇസ്രയേല്‍ യുദ്ധരംഗത്തിറങ്ങിയത്.
Summary: Israeli forces entered Lebanon as part of a military operation against Hezbollah, the world's largest armed terrorist group. Israel describes the ground war as a "limited" ground operation.
COMMENTS