Iran's supreme leader Ayatollah Ali Khamenei has threatened that the country of Israel will not exist for long. For the first time in five years, Kham
മാത്യു കെ തോമസ്
ദുബായ് : ഇസ്രയേല്‍ എന്ന രാജ്യം അധികകാലം ഭൂമുഖത്തുണ്ടാവില്ലെന്നു ഭീഷണി മുഴക്കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഖമേനി വെള്ളിയാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് സംസാരിക്കുന്നത്. ടെഹ്റാനിലെ ഒരു പള്ളിയില്‍ പതിനായിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഖമേനി. ഇസ്രായേലിന് നേരെ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ ഒരു 'പൊതു സേവനം' എന്നാണ് ഖമേനി വിശേഷിപ്പിച്ചത്.
ഹമാസിനെതിരെയോ ഹിസ്ബുള്ളയ്ക്കെതിരെയോ ഇസ്രയേല്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് ഇറാന്‍ നേതാവ് തന്റെ അരികില്‍ കരുതിവച്ചിരുന്ന തോക്ക് ഉയര്‍ത്തി പറഞ്ഞു. 'ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്' എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം ജനം ഏറ്റെടുത്തു.
ഇസ്രയേലിന്റെ ആക്രമണം ഭയന്ന് ഒളിവിലായിരുന്നു ഖമേനി. ഇറാന്‍ ആരെയും ഭയക്കുന്നില്ലെന്നു വ്യക്തമാക്കാന്‍ കൂടിയാണ് അദ്ദേഹം പൊതു ജന മദ്ധ്യത്തിലെത്തിയതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
കഴിഞ്ഞയാഴ്ച ബെയ്റൂട്ടില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പിന്തുണയുള്ള ലെബനന്‍ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ മുന്‍ മേധാവി ഹസന്‍ നസ്റല്ലയെയും അദ്ദേഹം തന്റെ പ്രസംഗത്തില്‍ അനുസ്മരിക്കുകയും പ്രശംസിക്കുകയും ചെയ്തു.
'സയ്യിദ് ഹസന്‍ നസ്റല്ല ഇനി നമ്മോടൊപ്പമില്ല, പക്ഷേ അദ്ദേഹത്തിന്റെ ആത്മാവും പാതയും നമ്മെ എന്നും പ്രചോദിപ്പിക്കും. സയണിസ്റ്റ് ശത്രുവിനെതിരെ ഉയര്‍ന്ന പതാകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഈ സ്വാധീനം വര്‍ദ്ധിപ്പിക്കും. നമ്മുടെ അചഞ്ചലമായ വിശ്വാസം ശക്തിപ്പെടുത്തുന്നതിനൊപ്പം ശത്രുവിനെതിരെ നിലകൊള്ളുകയും വേണം,' ഖമേനി യോഗത്തോട് പറഞ്ഞു.
നസ്രല്ലയുടെ നേതൃത്വത്തില്‍ സ്ഥിരമായി വളര്‍ന്നുവന്ന 'അനുഗ്രഹീത വൃക്ഷം' എന്നാണ് ഖമേനി ഹിസ്ബുള്ളയെ വിശേഷിപ്പിച്ചത്.
'ലെബനനിലെ രക്തപ്പുഴയില്‍ കഴിയുന്ന ജനങ്ങളെ സഹായിക്കുകയും ലെബനന്റെ ജിഹാദിനെയും അല്‍-അഖ്‌സ പള്ളിക്കുവേണ്ടിയുള്ള യുദ്ധത്തെയും പിന്തുണയ്ക്കുകയും ചെയ്യുക എന്നത് എല്ലാ മുസ്ലിങ്ങളുടെയും കടമയും ഉത്തരവാദിത്തവുമാണ്,' അദ്ദേഹം പ്രഖ്യാപിച്ചു.
ഇസ്രയേലിനെതിരായ ഹമാസിന്റെ ഒക്ടോബര്‍ ഏഴ് ആക്രമണത്തെ 'ശരിയായ നീക്കം' എന്നാണ് ഖമേനി വിശേഷിപ്പിച്ചത്.
'അധിനിവേശത്തിനെതിരെ നിലകൊള്ളുന്ന ലെബനീസ്, ഫലസ്തീന്‍ ജനങ്ങളുടെ പ്രതിഷേധത്തെ തടയാന്‍ ഒരു അന്താരാഷ്ട്ര നിയമത്തിനും അവകാശമില്ല,' അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. മേഖലയിലെ എല്ലാ ഭൂമിയുടെയും വിഭവങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കുന്നതിനുള്ള അമേരിക്കയുടെ 'ഉപകരണം' എന്നാണ് ഇസ്രായേലിനെ ഖമേനി വിശേഷിപ്പിച്ചത്. സയണിസ്റ്റ് അസ്തിത്വം ഭൂമിയില്‍ നിന്ന് പിഴുതെറിയപ്പെടും, അതിന് വേരുകളില്ല, അത് വ്യാജമാണ്, അസ്ഥിരമാണ്, അമേരിക്കന്‍ പിന്തുണയുള്ളതിനാല്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ,' ഖമേനി പറഞ്ഞു.
റവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് മറുപടിയായി ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈല്‍ ആക്രമണത്തിന് ശേഷം 2020 ജനുവരിയിലാണ് ഖമേനി അവസാനമായി വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്.
Summary: Iran's supreme leader Ayatollah Ali Khamenei has threatened that the country of Israel will not exist for long. For the first time in five years, Khamenei attended the Friday prayers and spoke.
COMMENTS