It is reported that Iran, which has fired more than 180 ballistic missiles at its country, will give a strong response to Israel within days
മാത്യു കെ തോമസ്
ദുബായ് : തങ്ങളുടെ രാജ്യത്തേയ്ക്കു 180ല്‍ പരം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്ത ഇറാന് ദിവസങ്ങള്‍ക്കുള്ളില്‍ ഇസ്രായേല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് റിപ്പോര്‍ട്ട്.
ഇറാന്റെ പ്രധാന എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ ഇസ്രായേല്‍ ലക്ഷ്യമിടുന്നുവെന്നാണ് അറിയാനാവുന്നത്. ഇറാന്റെ പ്രധാന പവര്‍ പ്ലാന്റുകള്‍ക്ക് നേരെയും ആക്രമണമുണ്ടായേക്കാം. ഇറാനിലുടനീളമുള്ള മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളും ഇസ്രായേല്‍ ലക്ഷ്യമിട്ടേക്കാം.
മിസൈല്‍ ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേല്‍ മറുപടി നല്‍കിയാല്‍ വീണ്ടും തിരിച്ചടിക്കുമെന്ന് ഇറാനും പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെ ഇറാന്‍ വീണ്ടും പ്രതികരിച്ചാല്‍, ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും ഇല്ലാതാക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും ആലോചിക്കുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. ഏറ്റുമുട്ടല്‍ രൂക്ഷമായാല്‍ ഇതോടൊപ്പം ടെഹ്റാനില്‍ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതുപോലെ ഇറാനിലുടനീളം രഹസ്യ ഓപ്പറേഷനുകള്‍ നടത്തുന്നതിനും ഇറാന്റെ തന്ത്രപ്രധാനമായ സൗകര്യങ്ങളിലുടനീളം വ്യോമാക്രമണം നടത്താനും ഇസ്രായേല്‍ മുതിര്‍ന്നേക്കുമെന്നു ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ പറഞ്ഞിട്ടുണ്ട്.
'ഇറാന്‍ ഒരു വലിയ തെറ്റ് ചെയ്തു, അതിന് പ്രതിഫലം നല്‍കും. സ്വയം പ്രതിരോധിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയവും ശത്രുക്കളോട് പ്രതികാരം ചെയ്യാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയവും ഇറാന്‍ ഭരണകൂടം മനസ്സിലാക്കുന്നില്ല,' എന്നാണ് നെതന്യാഹു പ്രതികരിച്ചത്.
ഇസ്രയേലിന് പിന്തുണ ഉറപ്പിക്കുമ്പോള്‍ തന്നെ, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേലിനോട് 'ആനുപാതികമായി' പ്രതികരിക്കാന്‍ ആവശ്യപ്പെട്ടു. ഇറാന്റെ എണ്ണ, ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്നാണ് അമേരിക്ക അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇത് ഇസ്രയേല്‍ അനുസരിക്കുമോ എന്നു വ്യക്തമല്ല. ഇറാനില്‍ നിന്ന് കൂടുതല്‍ തിരിച്ചടിക്ക് കാരണമാകാത്ത രീതിയില്‍ ആക്രമിക്കാനാണ് അമേരിക്ക ഇസ്രായേലിനെ ഉപദേശിക്കുന്നത്.
ഇറാനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുമെന്ന് ഖമേനി
ഇസ്രയേല്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന തിരിച്ചറിവില്‍ അജ്ഞാത കേന്ദ്രത്തില്‍ ഒളിവില്‍ പോയ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ ഇന്നലെ പൊതു മദ്ധ്യത്തിലെത്തി. ഇസ്രയേലിനെതിരെ നടന്ന ബാലിസ്റ്റിക് മിസൈല്‍ ആക്രമണം പരമോന്നത നേതാവിന്റെ നേരിട്ടുള്ള ഉത്തരവാണെന്നാണ് റിപ്പോര്‍ട്ട്.
ഇസ്രയേല്‍ എന്ന രാജ്യം അധികകാലം ഭൂമുഖത്തുണ്ടാവില്ലെന്നു വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കു ശേഷം ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഭീഷണി മുഴക്കി.
അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഖമേനി വെള്ളിയാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് സംസാരിക്കുന്നത്. ടെഹ്റാനിലെ ഒരു പള്ളിയില്‍ പതിനായിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഖമേനി. ഇസ്രായേലിന് നേരെ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ ഒരു 'പൊതു സേവനം' എന്നാണ് ഖമേനി വിശേഷിപ്പിച്ചത്.
ഹമാസിനെതിരെയോ ഹിസ്ബുള്ളയ്ക്കെതിരെയോ ഇസ്രയേല്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് ഇറാന്‍ നേതാവ് തന്റെ അരികില്‍ കരുതിവച്ചിരുന്ന തോക്ക് ഉയര്‍ത്തി പറഞ്ഞു. 'ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്' എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം ജനം ഏറ്റെടുത്തു.
ഇസ്രയേലിന്റെ ആക്രമണം ഭയന്ന് ഒളിവിലായിരുന്നു ഖമേനി. ഇറാന്‍ ആരെയും ഭയക്കുന്നില്ലെന്നു വ്യക്തമാക്കാന്‍ കൂടിയാണ് അദ്ദേഹം പൊതു ജന മദ്ധ്യത്തിലെത്തിയതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
കഴിഞ്ഞയാഴ്ച ബെയ്റൂട്ടില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പിന്തുണയുള്ള ലെബനന്‍ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ മുന്‍ മേധാവി ഹസന്‍ നസ്റല്ലയെയും അദ്ദേഹം തന്റെ പ്രസംഗത്തില്‍ അനുസ്മരിക്കുകയും പ്രശംസിക്കുകയും ചെയ്തു.
'സയ്യിദ് ഹസന്‍ നസ്റല്ല ഇനി നമ്മോടൊപ്പമില്ല, പക്ഷേ അദ്ദേഹത്തിന്റെ ആത്മാവും പാതയും നമ്മെ എന്നും പ്രചോദിപ്പിക്കും. സയണിസ്റ്റ് ശത്രുവിനെതിരെ ഉയര്‍ന്ന പതാകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഈ സ്വാധീനം വര്‍ദ്ധിപ്പിക്കും. നമ്മുടെ അചഞ്ചലമായ വിശ്വാസം ശക്തിപ്പെടുത്തുന്നതിനൊപ്പം ശത്രുവിനെതിരെ നിലകൊള്ളുകയും വേണം,' ഖമേനി യോഗത്തോട് പറഞ്ഞു.
നസ്രല്ലയുടെ നേതൃത്വത്തില്‍ സ്ഥിരമായി വളര്‍ന്നുവന്ന 'അനുഗ്രഹീത വൃക്ഷം' എന്നാണ് ഖമേനി ഹിസ്ബുള്ളയെ വിശേഷിപ്പിച്ചത്.
മൂന്നാം യുദ്ധമുഖം ഉടന്‍ ഇസ്രയേല്‍ തുറക്കുമോ?
നിലവില്‍ ലബനനിലെ ഹിസ്ബുള്ളയെ നേരിടുന്ന തിരക്കിലാണ് ഇസ്രയേല്‍ സേന. ഗാസയില്‍ ഹമാസിനെ ഏതാണ്ട് നിലംപരിശാക്കിയ ശേഷമാണ് അവര്‍ ഹിസ്ബുള്ളയിലേക്കു തിരിഞ്ഞത്. ഹിസ്ബുള്ളയെ കൂടി തകര്‍ത്ത ശേഷമായിരിക്കുമോ ഇറാനെതിരേ തിരിയുക എന്നും വ്യക്തമല്ല. ഉടനടി ഒരു മൂന്നാം യുദ്ധമുഖം തുറക്കുന്നത് ബുദ്ധിപരമായിരിക്കില്ലെന്നാണ് ഇസ്രയേല്‍ സൈനിക നേതൃത്വം രാഷ്ട്രീയ നേതൃത്വത്തോടു പറഞ്ഞിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.
ഇറാനുമായി ഇസ്രയേല്‍ നേരിട്ട് അതിര്‍ത്തി പങ്കിടുന്നില്ല. ജോര്‍ഡാനും ഇറാഖും കടന്നു മാത്രമേ ഇസ്രയേലിന് ഇറാനിലെത്താനാവൂ. അതുകൊണ്ടു തന്നെ മിസൈല്‍ ആക്രമണമോ യുദ്ധവിമാനത്തിലെത്തി ബോംബിടുകയോ മാത്രമാണ് ഇസ്രയേലിനു മുന്നിലുള്ള വഴി.
ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ ആസ്ഥാനത്ത് ആക്രമണം നടത്തിയിരുന്നു. കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റല്ലയുടെ പിന്‍ഗാമിയായി പരക്കെ കണക്കാക്കപ്പെടുന്ന ഹാഷിം സഫീദ്ദീനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ആക്രമണം. ഈ ആക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് അനിസിയും മറ്റ് 15 പേരും കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സേന അവകാശപ്പെട്ടു.
ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളും ബെയ്റൂട്ടിലെ വിമാനത്താവളവും ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ ആക്രമണം നടത്തി. വ്യാഴാഴ്ച വൈകി ആരംഭിച്ച തുടര്‍ച്ചയായ പത്ത് വ്യോമാക്രമണങ്ങളില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു, 2006 ന് ശേഷം സെന്‍ട്രല്‍ ബെയ്റൂട്ടില്‍ നടന്ന രണ്ടാമത്തെ ആക്രമണമാണിത്. കര ആക്രമണത്തില്‍ ഇതുവരെ ഒന്‍പത് ഇസ്രയേലി സൈനികരാണ് മരിച്ചത്. ഹിസ്ബുള്ളയുമായുള്ള കരയുദ്ധം നേരിടാന്‍ ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേലിന്റെ അധിക ബറ്റാലിയനുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്.
രക്ഷക വേഷം കെട്ട ഇറാന്‍
ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം വലിയ വിജയമാണെന്ന് ഇറാന്‍ പറയുന്നുണ്ട്. ആകാശത്തു വച്ചു തന്നെ മിക്കവാറും മിസൈലുകളെ തകര്‍ത്തുവെന്നും ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പറയുന്നു. ഇസ്രയേലിലെ വ്യോമ താവളത്തില്‍ മിസൈല്‍ പതിച്ചുവെങ്കിലും അതിന്റെ ഫൂട്ടേജ് ആരും കണ്ടിട്ടില്ല. അതിനാല്‍ കാര്യങ്ങള്‍ വ്യക്തവുമല്ല.
ഇറാന്റെ ലക്ഷ്യം ഇസ്രയേലികളെ കൊല്ലുകയായിരുന്നില്ല. അവര്‍ക്കും വലിയ യുദ്ധം ഉണ്ടാക്കാന്‍ താല്‍പ്പര്യമില്ല. ഇസ്രയേലിനെ ആക്രമിക്കാനുള്ള ഇച്ഛാശക്തിയും കഴിവും തങ്ങള്‍ക്കുണ്ടെന്ന് പറയുക എന്നതായിരുന്നു ഇറാന്റെ ലക്ഷ്യം. മുസ്ലിം ലോകത്ത്, പ്രത്യേകിച്ച് അറബ് ലോകത്ത്, ഇസ്രയേലിനെ നേരിടാന്‍ ധൈര്യമുള്ള ഒരേയൊരു രാജ്യമാണ് തങ്ങളെന്ന് തെളിയിക്കുക കൂടിയായിരുന്നി ഇറാന്‍.
ഇസ്രായേലിന് അതിശക്തമായ മിസൈല്‍, വ്യോമ ശേഷി ഉണ്ടെങ്കിലും സൈനികരുടെ എണ്ണവും നിലവിലെ സുരക്ഷാ സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ ഇറാനെ ആക്രമിക്കാന്‍ ഇസ്രയേല്‍ പൂര്‍ണമായി പ്രാപ്തമല്ലെന്നു കരുതുന്നവരുമുണ്ട്. എന്തായാലും രണ്ട് രാജ്യങ്ങള്‍ക്കും പരസ്പരം അതിര്‍ത്തികളില്ലാത്തതിനാല്‍ മിസൈലുകള്‍, അട്ടിമറികള്‍, ബോംബാക്രമണം, സൈബര്‍ ആക്രമണങ്ങള്‍ എന്നിവയായിരിക്കും നടക്കാന്‍ പോവുക.
ഇടപെടാന്‍ നിര്‍ബന്ധിതമായി അമേരിക്ക
യുദ്ധമുണ്ടായാല്‍ സ്വാഭാവികമായും അമേരിക്കയ്ക്കും അതില്‍ ഇടപെടേണ്ടിവരും. ഗള്‍ഫ് രാജ്യങ്ങള്‍ യുദ്ധത്തില്‍ പങ്കെടുത്തില്ലെങ്കിലും യുദ്ധത്തില്‍ കാഴ്ചക്കാരാകാന്‍ കഴിയില്ല. കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ധാരാളം അമേരിക്കന്‍ സൈനിക താവളങ്ങളുണ്ട് എന്നതാണ്. അമേരിക്ക ഇടപെട്ടാല്‍ ഇറാഖ്, ചെങ്കടല്‍ തുടങ്ങിയ മേഖലകളിലേക്കും മറ്റിടങ്ങളിലേക്കും യുദ്ധം വ്യാപിക്കും.
അമേരിക്ക ഇറാനില്‍ ബോംബാക്രമണം നടത്തിയാല്‍ ബഹ്‌റൈന്‍, ഈജിപ്റ്റ്, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലെയെല്ലാം അമേരിക്കന്‍ താവളങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തേണ്ടിവരും. അതു കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയുണ്ടാക്കുകയും ചെയ്യും.
അമേരിക്കന്‍ ഉപരോധത്തില്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നു തരിപ്പണമായ ഇറാന് ഇനിയൊരു ആക്രമണം താങ്ങാനുള്ള ശേഷിയുണ്ടോ എന്നതും കണ്ടറിയണം.
ഇസ്രായേല്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ ഉടന്‍ സ്വതന്ത്രരാവുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു നേരിട്ട് ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്തത് ഇറാനില്‍ ഏറ്റുമുട്ടലിനു ശേഷം വരാന്‍ പോകുന്ന ഭരണമാറ്റത്തെ സൂചിപ്പിക്കുന്ന മറഞ്ഞിരിക്കുന്ന സന്ദേശമായാണ് പലരും കാണുന്നത്. പക്ഷേ, ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമെല്ലാം ഭരണമാറ്റത്തിനു പുറപ്പെട്ട് ആ രാജ്യങ്ങളെ തീവ്രവാദികളുടെ കൈയില്‍ എറിഞ്ഞുകൊടുത്ത അമേരിക്കന്‍ അനുഭവം ഇറാനിലും ആവര്‍ത്തിക്കുമോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.
Summary: It is reported that Iran, which has fired more than 180 ballistic missiles at its country, will give a strong response to Israel within days. Iran's main oil producing centers are known as Isr-ael. Iran's major power plants could also be attacked. Israel may also target other strategic locations throughout Iran. Israeli Prime Minister Benjamin Netanyahu has announced a strong response to the missile attack.
COMMENTS