As expected, Israel carried out airstrikes on Iran. It is reported that 20 military bases in Iran were attacked today
മാത്യു കെ തോമസ്
ദുബായ്: പ്രതീക്ഷിച്ചതുപോലെ ഇറാനില്‍ ഇസ്രയോല്‍ വ്യോമാക്രമണം നടത്തി. ഇറാനിലെ 20 സൈനിക കേന്ദ്രങ്ങളിലാണ് ഇന്നു വെളുപ്പിന് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ഇറാനെതിരായ തിരിച്ചടിയില്‍ നിരവധി സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് സ്ഥിരീകരിച്ചു.2000 കിലോ മീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ എഫ്-35 ഉള്‍പ്പെടെ നൂറിലധികം പോര്‍ വിമാനങ്ങള്‍ ആക്രമത്തില്‍ പങ്കെടുത്തു. ടെഹ്റാന്‍ സമയം വെളുപ്പിന് 5:45ന് ആക്രമണം അവസാനിച്ചുവെന്ന് ഇസ്രയേല്‍ സേന അറിയിച്ചു.
മൂന്ന് ഘട്ടങ്ങളായായിരുന്നു ആക്രമണമെന്ന് യുഎസ് സേനാ വൃത്തങ്ങളും പറഞ്ഞു. ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നും ഇസ്രയേലിനു സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും യുഎസ് സൈനിക വക്താവ് പറഞ്ഞു.
ഇറാനിലെ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേല്‍ അമേരിക്കയെ അറിയിച്ചിരുന്നുവെങ്കിലും ഓപ്പറേഷനില്‍ പങ്കെടുത്തിട്ടില്ലെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
രണ്ടാമത്തെയും മൂന്നാമത്തെയും ആക്രണങ്ങള്‍ ഇറാനിയന്‍ ഡ്രോണ്‍, മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു. 20 ലധികം ലക്ഷ്യങ്ങള്‍ തകര്‍ത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ആക്രമണത്തില്‍ മരണമോ ആര്‍ക്കെങ്കിലും പരിക്കോ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.
ടെല്‍ അവീവിലെ ഐഡിഎഫ് ആസ്ഥാനത്തെ സുരക്ഷിതമായ സമുച്ചയത്തില്‍ നിന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തന്നെയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.
''ഐഡിഎഫ് നിലവില്‍ ഇറാനിലെ കൃത്യമായ ലക്ഷ്യങ്ങള്‍ ആക്രമിക്കുകയാണ്,'' ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി പ്രസ്താവനയില്‍ പറഞ്ഞു. 'ഇറാന്‍ ഭരണകൂടം ഇസ്രായേല്‍ രാഷ്ട്രത്തിനെതിരായി നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് മറുപടിയായാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന് അംഗീകാരം നല്‍കുന്നതിനായി ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് യോഗം ചേര്‍ന്നിരുന്നു.
ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ ഇസ്രായേല്‍ ടാര്‍ഗെറ്റഡ് സ്ട്രൈക്കുകള്‍ നടത്തുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് സീന്‍ സാവെറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോറിന്റെ ആസ്ഥാനം ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങളിലോ എണ്ണപ്പാടങ്ങളിലോ ആക്രമണം നടത്തുന്നില്ലെന്നും സൈനിക ലക്ഷ്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇറാനിലുടനീളം വ്യാപകമായ ഇന്റര്‍നെറ്റ് തടസ്സം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ടെഹ്റാനിന്റെ തെക്ക്, തെക്കുപടിഞ്ഞാറന്‍ മേഖലകളിലുള്ള സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്ന ആക്രമണമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനശബ്ദം കേട്ട നഗരങ്ങളിലൊന്നായ കരാജില്‍ ഇറാന്റെ ആണവ നിലയങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നുണ്ട്.
ഇതേസമയം, ഇറാനിയന്‍ ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയെന്നത് നിഷേധിക്കുകയാണ്. ഇറാനിയന്‍ വ്യോമ പ്രതിരോധത്തിന്റെ ഫലമായ ഫോടനങ്ങളാണ് കേട്ടതെന്നാണ് അവരുടെ വാദം!തലസ്ഥാനത്തെ ഇമാം ഖൊമേനി രാജ്യാന്തര വിമാനത്താവളത്തിലും സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇതും ഇറാന്‍ നിഷേധിച്ചു.
ഇതിനൊപ്പം ാസ മുനമ്പിലെ അല്‍-ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഐഡിഎഫ് പീരങ്കി ആക്രമണവും നടത്തി.
മധ്യ, തെക്കന്‍ സിറിയയിലുടനീളമുള്ള കേന്ദ്രങ്ങളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി സിറിയന്‍ സൈന്യവും സ്ഥിരീകരിച്ചു. ഇറാഖിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആക്രമണം നടന്നതായി സംശയിക്കുന്ന സമയത്ത് സിറിയയിലോ വടക്കന്‍ ഇറാഖിലോ വിമാനങ്ങളൊന്നും പറന്നില്ല. ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചു.
Summary: As expected, Israel carried out airstrikes on Iran. It is reported that 20 military bases in Iran were attacked today.
COMMENTS