മാത്യു കെ തോമസ് ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധം ഏതാണ്ട് ആസന്നമാക്കിക്കൊണ്ട് ഇസ്രയേലിലേക്ക് ഇറാന്‍ 180ല്‍ പരം മിസൈലുകള്‍ തൊടുത്തു. ഏതാണ്ട് എല്...
മാത്യു കെ തോമസ്
ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധം ഏതാണ്ട് ആസന്നമാക്കിക്കൊണ്ട് ഇസ്രയേലിലേക്ക് ഇറാന്‍ 180ല്‍ പരം മിസൈലുകള്‍ തൊടുത്തു. ഏതാണ്ട് എല്ലാം തന്നെ ഇസ്രയേലിന്റെ അയണ്‍ ഡോം സംവിധാനവും അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ചേര്‍ന്നു തകര്‍ത്തു.
ഇസ്രയേലിലെ പ്രധാന സൈനിക, സുരക്ഷാ കേന്ദ്രങ്ങള്‍ ഉന്നമിട്ടായിരുന്നു ആക്രമണം. ശക്തമായ തിരിച്ചടി നല്കുമെന്ന് ഇസ്രയേലും അമേരിക്കയും പ്രതികരിച്ചതോടെ സംഘര്‍ഷ ഭീതി രൂക്ഷമായിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകുന്നേരം ഇറാന്‍ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകളുടെ പരമ്പര തൊടുത്തുവിടുകയായിരുന്നു.
ഇറാന്‍ ഇന്ന് രാത്രി ഒരു വലിയ തെറ്റ് ചെയ്തു അത് അതിന് തിരിച്ചടി നല്‍കും. സ്വയം പ്രതിരോധിക്കാനും ശത്രുക്കള്‍ക്കെതിരെ തിരിച്ചടിക്കാനുമുള്ള ഞങ്ങളുടെ ദൃഢനിശ്ചയം ഇറാനിലെ ഭരണകൂടത്തിന് മനസ്സിലാകുന്നില്ല, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇറാന്റെ മിസൈല്‍ വര്‍ഷത്തിനു പിന്നാലെ ദശലക്ഷക്കണക്കിന് ആളുകളെ ബോംബ് ഷെല്‍ട്ടറുകളിലേക്കു മാറ്റിയിരുന്നു.
മൂന്ന് സൈനിക താവളങ്ങളെയും ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ആസ്ഥാനത്തെയും ലക്ഷ്യമാക്കിയാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ മുഹമ്മദ് ബഗേരി സ്റ്റേറ്റ് ടെലിവിഷനില്‍ പറഞ്ഞു.
ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനം ഇറാന്റെ പല മിസൈലുകളും തടഞ്ഞു. ഇസ്രയേലില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മധ്യ ഇസ്രായേലിലെ ഗെദേരയിലെ ഒരു സ്‌കൂള്‍ കെട്ടിടം തകര്‍ന്നതിന്റെ വീഡിയോ ഇസ്രയേലി സൈന്യം പുറത്തുവിട്ടു.
രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള നെഗേവ് മരുഭൂമിയിലെ നെവാറ്റിമിലെ ഇസ്രയേല്‍ വ്യോമതാവളത്തില്‍ ഇറാനിയന്‍ മിസൈലുകള്‍ പതിച്ചതായി സ്്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണം വ്യോമസേനയുടെ പ്രവര്‍ത്തന ശേഷിയെ ബാധിച്ചിട്ടില്ലെന്നും മിഡില്‍ ഈസ്റ്റില്‍ ശക്തമായ ആക്രമണം തുടരുമെന്നും ഇസ്രയേലിന്റെ മുഖ്യ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രയേല്‍ ആക്രമണത്തില്‍ ചൊവ്വാഴ്ച ലെബനനിലുടനീളം 55 പേര്‍ കൊല്ലപ്പെടുകയും 156 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസയിലും ലെബനനിലും നടന്ന മാരകമായ ആക്രമണങ്ങള്‍ക്കും ഹമാസ്, ഹിസ്ബുള്ള, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) നേതാക്കളെ അടുത്തിടെ കൊലപ്പെടുത്തിയതിനും മറുപടിയായാണ് മിസൈല്‍ ആക്രമണമെന്ന് ഇറാന്‍ പറയുന്നു.
ലബനനില്‍ കര ആക്രമണം ഇസ്രയേല്‍ ആരംഭിച്ചതിനു പിന്നാലെയാണ് ഇറാന്റെ ആക്രമണം. ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നിന്നു പലായനം ചെയ്യാന്‍ ഇസ്രായേലി സൈന്യം ജനങ്ങളോട് ഉത്തരവിട്ടു.
ഗാസയില്‍ ഒക്‌ടോബര്‍ മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 41,638 പേര്‍ കൊല്ലപ്പെടുകയും 96,460 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലില്‍, ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളില്‍ കുറഞ്ഞത് 1,139 പേര്‍ കൊല്ലപ്പെടുകയും 200 ലധികം ആളുകള്‍ ബന്ദികളാകുകയും ചെയ്തു.
Keywords: Iran, Isrel, Hamas, Hisbullah, America
COMMENTS