Israel mainly used the advanced F-35 fighter jets provided by America to attack Iran. More than 100 aircraft participated in the attack on Iran
എം രാഖി
വാഷിംഗ്ടണ്‍: അമേരിക്ക നല്കിയ അത്യാധുനിക എഫ്-35 പോര്‍വിമാനങ്ങളാണ് ഇറാനെ ആക്രമിക്കാന്‍ ഇസ്രയേല്‍ പ്രധാനമായും ഉപയോഗപ്പെടുത്തിയത്. നൂറിലധികം വിമാനങ്ങളാണ് ശനിയാഴ്ച ഇറാനെതിരായ ആക്രമണത്തില്‍ പങ്കെടുത്തത്.
സിറിയയിലെ റഡാര്‍ കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു ഇസ്രയേലിന്റെ തുടക്കം. ഇതോടെ, ഇസ്രയേല്‍ നീക്കങ്ങള്‍ ഇറാന് കൃത്യമായി മനസ്സിലാക്കാനായില്ല. ഇറാന്റെ സഖ്യകക്ഷിയായ സിറയയിലെ റഡാര്‍ സംവിധാനങ്ങള്‍ പലതും പ്രവര്‍ത്തിപ്പിക്കുന്നതും ഇറാനാണ്.
ഇതിനു പിന്നാലെ ടെഹ്റാനും ഇറാനിലെ മറ്റൊരു തന്ത്രപ്രധാന കേന്ദ്രമായ കരാജും ലക്ഷ്യമിട്ടുള്ള ആക്രമണത്തിലേക്ക് ഇസ്രയേല്‍ അതിവേഗം മുന്നേറി.
സൈനിക ലക്ഷ്യങ്ങളില്‍ കര്‍ശനമായി ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഓപ്പറേഷനാണ് ഇസ്രയേല്‍ സേന നടത്തിയത്. സംഘര്‍ഷം രൂക്ഷമാകുന്നത് തടയാന്‍ ആണവ കേന്ദ്രങ്ങളും എണ്ണ ഉത്പാദന കേന്ദ്രങ്ങളും ഒഴിവാക്കി. ഇവിടങ്ങളില്‍ ആക്രമണം പാടില്ലെന്ന് അമേരിക്ക നേരത്തേ തന്നെ ഇസ്രയേലിനോട് കര്‍ശനമായി പറഞ്ഞിരുന്നു.
എഫ്-35 'അദിര്‍' സ്റ്റെല്‍ത്ത് ഫൈറ്ററുകള്‍ ഉള്‍പ്പെടെ 100-ലധികം വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 2,000 കിലോമീറ്റര്‍ പറന്നു ചെന്നാണ് ഇസ്രയേലി വിമാനങ്ങള്‍ ഇറാനില്‍ ബോംബുവര്‍ഷം നടത്തിയത്.
ടെഹ്റാനിലും കരാജിലും കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങള്‍. പ്രാരംഭത്തില്‍ റഡാറിനെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയുമാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇതോടെ, ഇറാനിയന്‍ സേന ഏതാണ്ട് അന്ധരായ സ്ഥിതിയായി. പിന്നാലെ വന്ന വിമാനങ്ങള്‍ സൈനിക താവളങ്ങളില്‍ തുടരെ ബോംബു വര്‍ഷിക്കുകയായിരുന്നു.
അതിനു മുന്നോടിയായിട്ടായിരുന്നു സിറിയയിലും ഏകോപിത ആക്രമണം നടത്തിയത്. സിറിയയെ ആക്രമിച്ചപ്പോള്‍ തന്നെ തങ്ങള്‍ക്കു തിരിച്ചടി വരാന്‍ പോകുന്നുവെന്നു കണക്കുകൂട്ടുന്നതിലും ഇറാനു പിഴച്ചു.
ഇറാന്‍, ഇറാഖ്, യെമന്‍, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ കണക്കുകൂട്ടുന്നുണ്ട്. ഇതിനെ നേരിടാന്‍ ഇസ്രയേല്‍ സജ്ജമായിരിക്കുകയാണ്. ഒരു രാത്രികൊണ്ട് ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചുവോ എന്നും വ്യക്തമല്ല. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനായി തിരിച്ചടി ഇവിടെ അവസാനിപ്പിക്കാന്‍ ബൈഡന്‍ ഭരണകൂടം ഇസ്രയേലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.
ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും ചീഫ് ഒഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയും ടെല്‍ അവീവിലെ ഐ ഡി എഫ് താവളത്തില്‍ തന്നെ തങ്ങുകയാണ്. ഇന്നലെ രാത്രി ഫോണ്‍ കോണ്‍ഫറന്‍സില്‍ സുരക്ഷാ കാബിനറ്റ് ആക്രമണത്തിന് അനുമതി നല്‍കിയതായി ഒരു മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു.
ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ വൈറ്റ് ഹൗസ് പിന്തുണച്ചു. ഒക്ടോബര്‍ ഒന്നിന് ഇസ്രയേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് സ്വയം പ്രതിരോധിക്കാനും പ്രതികരിക്കാനുമുള്ള അവകാശത്തോട് യോജിക്കുന്നുവെന്നാണ് അമേരിക്ക പ്രതികരിച്ചത്.Summary: Israel mainly used the advanced F-35 fighter jets provided by America to attack Iran. More than 100 aircraft participated in the attack on Iran on Saturday.
COMMENTS