The Congress party has announced its candidates for the by-elections to Wayanad Lok Sabha seat and Palakkad and Chelakara assembly seats
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : വയനാട് ലോക് സഭാ സീറ്റിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകളിലെയും ഉപതിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
വയനാട്ടില്‍ സിറ്റിംഗ് എംപിയായിരുന്ന രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്കാ ഗാന്ധി മത്സരിക്കും. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെയും ചേലക്കരയില്‍ രമ്യാ ഹരിദാസിനെയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.
ഇവര്‍ മൂവരുമായിരിക്കും സ്ഥാനാര്‍ത്ഥികളെന്നു നേരത്തേ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. യുവത്വത്തിന് പ്രാമുഖ്യം നല്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നത്.
പ്രിയങ്കയ്ക്കു വേണ്ടി വയനാട്ടില്‍ ഇതിനകം തന്നെ പ്രചരണ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. രാഹുല്‍ വിട്ടുപോകുന്നതില്‍ വിഷമമുള്ള അണികളെ സമാധാനിപ്പിക്കാനും പ്രിയങ്കയെ ദേശീയ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടാണ് സ്ഥാനാര്‍ത്ഥിത്വം.
പാലക്കാട്ട് മറുനാട്ടുകാരനായ രാഹുലിനെ മത്സരിപ്പിക്കുന്നതിനെതിരെ ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ആ എതിര്‍പ്പുകളെല്ലാം വിഗണിച്ചാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയിരിക്കുന്നത്.
മണ്ഡലത്തിലെ സാഹചര്യങ്ങള്‍ രാഹുലിന് അറിയില്ലെന്നാണ് എതിര്‍ക്കുന്നവരുടെ നിലപാട്. ഡോ. പി സരിന്‍ അല്ലെങ്കില്‍ വിടി ബല്‍റാം എന്നിവരില്‍ ഒരാള്‍ സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ഇവരുടെ വാദം.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കെ രാധാകൃഷ്ണനോടു തോറ്റ രമ്യയെ ചേലക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിലും ഒരു വിഭാഗത്തിനു വിയോജിപ്പുണ്ട്. പക്ഷേ, നേതൃത്വം രമ്യയില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പു കമ്മിഷന്‍ വിജ്ഞാപനം ഇറക്കിയതിനു പിന്നാലെ തന്നെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിക്കുകയായിരുന്നു. എ ഐ സി സി ആസ്ഥാനത്തു നിന്നു പത്രക്കുറിപ്പായാണ് സ്ഥാനാര്‍ത്ഥികളുടെ വിവരം അറിയിച്ചത്. നവംബര്‍ 13നാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 23നാണ് വോട്ടെണ്ണല്‍.
മഹാരാഷ്ട്ര, ത്ധാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ നവംബര്‍ 20 നാണ് വോട്ടെടുപ്പ്. ത്ധാര്‍ഖണ്ഡില്‍ നവംബര്‍ 13, 20 തീയതികളിലാണ് വോട്ടെടുപ്പ്.
Keywords: The Congress party has announced its candidates for the by-elections to Wayanad Lok Sabha seat and Palakkad and Chelakara assembly seats. Rahul Gandhi's sister Priyanka Gandhi who was the sitting MP from Wayanad will contest. It has been decided to contest from Palakkad Rahul Mangkoot and Ramya Haridas from Chelakkara.
COMMENTS