The district collector gave a report to the revenue minister stating that the revenue department has not received the complaint that Kannur ADM Naveen
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി റവന്യൂ വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി റവന്യൂ മന്ത്രിക്ക് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടു നല്കി.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിലേക്കു സിപിഎം കാരിയായ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പി പി ദിവ്യ ക്ഷണിക്കപ്പെടാതി കയറിവന്ന് അഴിമതി ആരോപണം ഉന്നയിക്കുകയും ഇതിന്റെ മാനസിക വിഷമത്തില്‍ നവീന്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
വിശദമായ അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കുമെന്നു കളക്ടറുടെ ഓഫീസ് അറിയിച്ചു. എഡിഎം നവീന്‍ ബാബുവിനെ ഇന്ന് രാവിലെയാണ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെളുപ്പിനു നാല് മണിക്ക് ശേഷമാണ് മരണം നടന്നിരിക്കുന്നതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പെട്രോള്‍ പമ്പ് അനുവദിക്കുന്നതിലെ തര്‍ക്കമാണ് അഴിമതി ആരോപണത്തിലേക്കും നവീനിന്റെ മരണത്തിലേക്കും എത്തിച്ചിരിക്കുന്നത്. ഇതേസമയം, പെട്രോള്‍ പമ്പിനു വേണ്ടി അപേക്ഷിച്ചയാള്‍ ദിവ്യയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണെന്നു ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.
ഉദ്യോഗസ്ഥര്‍ സത്യസന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളിലും പ്രവര്‍ത്തിക്കരുതെന്നുമാണ് ദിവ്യ വേദിയില്‍ പറഞ്ഞത്. അഴിമതിയുടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും രണ്ട് ദിവസത്തിനകം അതു പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു.
ഇതിനിടെ, ദിവ്യയെ ന്യായീകരിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം രംഗത്തുവന്നു. ദിവ്യ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദേശ്യപരമായ വിമര്‍ശനം മാത്രമാണെന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറയുന്നത്.
ഇതേസമയം, ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് എങ്ങും തൊടാതെ പാര്‍ട്ടി പറയുന്നുമുണ്ട്. ഉയര്‍ന്നിരിക്കുന്ന പരാതികളെക്കുറിച്ചെല്ലാം സമഗ്രമായ അന്വേഷണം നടത്തണമെന്ന് പാര്‍്ട്ടി കണ്ണൂര്‍ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. നവീന്‍ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരമെന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നത്.
കണ്ണൂരില്‍ നിന്നു പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ ആയതിനാലാണ് സഹപ്രവര്‍ത്തകര്‍ നവീന്‍ ബാബുവിന് യാത്ര അയപ്പു നല്കിയത്. നവീനും കുടുംബവും സിപിഎം സഹയാ്ത്രികരുമാണ്. നവീന്റെ അമ്മ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
പഠിക്കുന്ന കാലത്ത് നവീന്‍ എസ്എഫ്ഐയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇടത് അനുഭാവിയാണെന്നും നവീന്റെ സ്വദേശമായ മലയാലപ്പുഴയിലെ സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. നവീന്റെ ഭാര്യ കോന്നി തഹസീല്‍ദാറാണ്. അഴിമതിക്കാരനെന്ന പേര് ഒരിക്കലും നവീനിന് ഇല്ലായിരുന്നുവെന്നു നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു.
ഇതേസമയം, നവീനെതിരായ ആരോപണം കൂടുതല്‍ ഉന്നയിക്കാന്‍ പി പി ദിവ്യ ഇന്ന് വാര്‍ത്താ സമ്മേളനം വിളിക്കാനിരിക്കുയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ദിവ്യയുടെ ആരോപണത്തിലെ മനോവിഷമമല്ലാതെ നവീന് മറ്റ് പ്രശ്നങ്ങള്‍ ഇല്ലായിരുന്നെന്ന് കുടുംബം പറയുന്നു.
വ്യക്തമായ തെളിവില്ലാതെ പൊതുവേദിയില്‍ ആരോപണമുന്നയിച്ച പി പി ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിച്ചു.
പെട്രോള്‍ പമ്പിനായി നവീന്‍ ബാബുവിന് കൈക്കൂലി നല്‍കി എന്ന് പരാതി നല്‍കിയ വ്യക്തിയും പി. പി. ദിവ്യയുടെ ഭര്‍ത്താവും ഉറ്റ സുഹൃത്തുക്കളാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പമ്പ് ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള അനുമതിക്ക് ദിവ്യ സമ്മര്‍ദ്ദം ചെലുത്തിയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുരേന്ദ്രന്‍ പറയുന്നു. റോഡില്‍ വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാല്‍ പെട്രോള്‍ പമ്പ് അനുവദിക്കാനാവില്ലെന്നായിരുന്നു നവീന്‍ നിലപാടെടുത്തത്. ട്രാന്‍സ്ഫര്‍ ആയി പോകുന്ന പോക്കില്‍ എ. ഡി. എമ്മിന് ഒരു പണി കൊടുത്തതായി സംശയിക്കാനുള്ള എല്ലാ ന്യായവുമുണ്ട്.
യാത്രയയപ്പിനു ക്ഷണിക്കാതെ വന്നതിലും പരാതിക്കു പിന്നിലും ഗൂഢാലോചന മണക്കുന്നുവെന്നും ശരിയായ അന്വേഷണം കേരളം ആഗ്രഹിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Summary: The district collector gave a report to the revenue minister stating that the revenue department has not received the complaint that Kannur ADM Naveen Babu took bribe. The Congress party alleged that PP Divya, who made the allegations in public without any clear evidence, is not entitled to continue as the Zilla Panchayat President.
COMMENTS