An Air India Express plane, which reported a hydraulic malfunction, landed safely shortly after take-off from Tiruchirappalli airport in Tamil Nadu
തിരുച്ചിറപ്പള്ളി : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഹൈഡ്രോളിക് തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി ഇറക്കി.
144 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പുറപ്പെട്ട എ എക്‌സ് ബി 613 വിമാനം വൈകുന്നേരം 5.40 നാണ് പറന്നുയര്‍ന്നത്. ഉടന്‍ തന്നെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ, നിറയെ ഇന്ധനവുമായി പറന്നുയര്‍ന്ന വിമാനം ഉടന്‍ നിലത്തിറക്കാന്‍ കഴിയാത്ത സ്ഥിതിയായി. രണ്ടര മണിക്കൂറോളം വിമാനത്താവളത്തിനു വട്ടമിട്ട് ഇന്ധനം ചോര്‍ത്തിക്കളഞ്ഞ ശേഷമാണ് വിമാനം നിലത്തിറക്കിയത്.
രാത്രി 8.15 നാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. ലാന്‍ഡിംഗ് സുരക്ഷിതമായതോടെ യാത്രക്കാര്‍ കൈയടിച്ചു. ലാന്‍ഡിംഗ് ഗിയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഏകദേശം 7.50 നാണ് ആദ്യം വന്നത്. ഇതോടെ, തിരുച്ചിറപ്പള്ളി വിമാനത്താവളം അടിയന്തര ലാന്‍ഡിംഗിനുള്ള ഒരുക്കങ്ങള്‍ നടത്തി. നിരവധി ആംബുലന്‍സുകള്‍ സ്റ്റാന്‍ഡ്ബൈയില്‍ നിര്‍ത്തി. അഗ്നിശമന സേനാ യൂണിറ്റുകളും സജ്ജരായി നിന്നു. വിമാനം നിലം തൊടുന്ന വീഡിയോയില്‍ ലാന്‍ഡിംഗ് ഗിയറിനു പ്രശ്‌നങ്ങളുള്ളതായി കാണുന്നുമില്ല.
അടിയന്തര ലാന്‍ഡിംഗിനായി 20 ആംബുലന്‍സുകളും 18 ഫയര്‍ എഞ്ചിനുകളും വിമാനത്താവളത്തില്‍ സജ്ജമാണെന്ന് തിരുച്ചിറപ്പള്ളി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഗോപാലകൃഷ്ണനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
ജാഗ്രത പാലിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) സുരക്ഷാ നടപടികള്‍ ഏകോപിപ്പിച്ചു.
Summary: An Air India Express plane, which reported a hydraulic malfunction, landed safely shortly after take-off from Tiruchirappalli airport in Tamil Nadu. Flight AXB 613, which left for Sharjah with 144 passengers, took off at 5.40 pm.
COMMENTS