It has been confirmed that a 24-year-old man who died near Vandoor was infected with Nipah. Health Minister Veena George said that there are 151
സ്വന്തം ലേഖകന്‍
മലപ്പുറം: വണ്ടൂരിനടുത്ത് കഴിഞ്ഞ ദിവസം മരിച്ച 24കാരന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു. യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 151 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
നേരത്തേ 26 പേരുടെ സമ്പര്‍ക്കപ്പട്ടിക പുറത്തുവിട്ടിരുന്നു. വിശദമായ അന്വേഷണത്തിലാണ് 151 പേര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ടെന്നു വ്യക്തമായത്.
നിപ ബാധയെന്നു നേരത്തേ വ്യക്തമായിരുന്നുവെങ്കിലും പുണെയിലെ വൈറോളജി ലാബിലെ ഫലം കൂടി വരാന്‍ കാത്തിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 കാരനാണ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നു മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്.
ഉടന്‍ തന്നെ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചിരുന്നു. ഈ ഫലം പോസിറ്റീവായിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാത്രി തന്നെ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതലയോഗം ചേര്‍ന്നിരുന്നു.
പ്രോട്ടോകോള്‍ പ്രകാരം 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. ഔദ്യോഗിക സ്ഥീരീകരണത്തിനാണ് സാമ്പിളുകള്‍ പുണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചത്.
ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച യുവാവ്. അവിടെ നിന്നു കാലിനു ആയുര്‍വേദ ചികിത്സയ്ക്കാണ് നാട്ടിലെത്തിയത്. പനി ബാധിച്ചതോടെ ഇയാള്‍ നാലു സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തതായും വ്യക്തമായി. എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിക്കഴിഞ്ഞു. ഐസൊലേഷനിലുള്ള അഞ്ചു പേര്‍ക്ക് ലഘുവായ ലക്ഷണങ്ങള്‍ കണ്ടിട്ടുണ്ട്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മന്ത്രി അറിയിച്ചു.
വണ്ടൂരില്‍ അതീവ ജാഗ്രത തുടരുകയാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തിരുവാലി പഞ്ചായത്തില്‍ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു. പ്രത്യേക സാഹചര്യം പ്രമാണിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ മലപ്പുറത്ത് എത്തുന്നുണ്ട്.
പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ വച്ച് സെപ്റ്റംബര്‍ ഒമ്പതിനാണ് ഇയാള്‍ മരിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് യുവാവിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെനിന്ന് സെപ്റ്റംബര്‍ അഞ്ചിനാണ് പെരിന്തല്‍ മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയതും അവിടെവച്ചു മരണം സംഭവിച്ചതും.
14 വയസ്സുകാരന്‍ പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുന്‍പാണ്.
Summary: It has been confirmed that a 24-year-old man who died near Vandoor was infected with Nipah. Health Minister Veena George said that there are 151 people in the contact list of the young man. Earlier the contact list of 26 people was released. In the detailed investigation, it is clear that 151 people are in the contact list.
COMMENTS