After Malayalam, sexual allegations started to rise in Tamil cinema as well. The allegation has been leveled against Vishal, the general secretary
സ്വന്തം ലേഖകന്‍
ചെന്നൈ: മലയാളത്തിനു പിന്നാലെ തമിഴ് സിനിമയിലും ലൈംഗിക ആരോപണം ഉയരാന്‍ തുടങ്ങി. തമിഴ് നാട്ടിലെ അമ്മ എന്നു പറയാവുന്ന നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി വിശാലിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കേരളത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിനെതിരേ ആയിരുന്നു ആദ്യ ആരോപണമെന്നതും ശ്രദ്ധേയാമായിരുന്നു. തമിഴ് സിനിമയിലും ഹേമാ കമ്മിറ്റിക്കു തുല്യമായ കമ്മിറ്റിയെ വച്ച് സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നു വിശാല്‍ വീമ്പിളക്കിയതിനു പിറ്റേ ദിവസമാണ് അദ്ദേഹത്തിനെതിരേ മീ ടൂ ആരോപണം വീണ്ടും വന്നിരിക്കുന്നത്.
നടി ശ്രീ റെഡ്ഡിയാണ് വിശാലിനെതിരേ രംഗത്തു വന്നത്. നേരത്തേയും ശ്രീ വിശാലിനെതിരേ ആരോപണം ഉന്നയിച്ചുവെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
സ്ത്രീലമ്പടനായ മുടി നരച്ച അങ്കിളേ എന്നു വിളിച്ചുകൊണ്ടാണ് ശ്രീ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ടിരിക്കുന്നത്.
മാധ്യമങ്ങളുടെ മുന്നില്‍ സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ സ്വന്തം നാക്ക് സൂക്ഷിക്കണമെന്ന് ഓര്‍ക്കുക. സ്ത്രീകളെക്കുറിച്ച് പറയാന്‍ നീ വൃത്തികെട്ട ഭാഷയാണ്. നല്ല വ്യക്തികള്‍ക്ക് നിങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ ഫ്രോഡാണ്. നീ എത്ര വലിയ ഫ്രോഡാണെന്ന് ലോകത്തിനറിയാം.
ബഹുമാന്യനായ വ്യക്തിയാണ് നിങ്ങളെന്ന് എനിക്ക് അഭിപ്രായമില്ല. എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ചു. എന്തുകൊണ്ട്? വിവാഹം നിശ്ചയം മുടങ്ങിയത് എന്തുകൊണ്ട്? ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കൂ.
ഒരു സംഘടനയില്‍ സ്ഥാനമുണ്ടാകുന്നത് വലിയ കാര്യമല്ല. കുറച്ച് മര്യാദ കാണിക്കൂ. എന്റെ പക്കല്‍ ചെരുപ്പുകളുടെ വലിയൊരു കളക്ഷനുണ്ട്. വേണമെങ്കില്‍ അറിയിക്കൂ''- ഇതാണ് ശ്രീ റെഡ്ഡിയുടെ ഫേസ് ബുക്ക് കുറിപ്പ്.
തന്നെയും നിരവധി സ്ത്രീകളെയും വിശാല്‍ നശിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ റെഡ്ഡി നേരത്തേ ആരോപിച്ചിരുന്നു. നിരവധി സ്ത്രീകള്‍ക്ക് അവസരത്തിന് വേണ്ടി വിശാലിനു വഴങ്ങിക്കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും ശ്രീ ആരോപിച്ചിരുന്നെങ്കിലും വിശാല്‍ പ്രതികരിച്ചിരുന്നില്ല.
ഇതേസമയം, ഹേമ കമ്മറ്റിപോലെ ഒരു സമിതി തമിഴ്‌നാട്ടിലും വേണമെന്ന് ബിജെപി നേതാവ് കൂടിയായ നടി ഖുശ്ബു ആവശ്യപ്പെട്ടു. ഒരിക്കലും സ്ത്രീകള്‍ വിട്ടുവീഴ്ച ചെയ്യരുത്. ലൈംഗിക അതിക്രമം നേരിട്ട സ്ത്രീക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ പുരുഷന്‍മാര്‍ രംഗത്തു വരണം. സിനിമയിലെ പൊയ്മുഖങ്ങളെ തുറന്നു കാട്ടുന്നതിന് പോരാട്ടഭൂമിയില്‍ ഉറച്ചു നിന്ന് വിജയം കൊയ്തെടുത്ത സ്ത്രീകള്‍ക്ക് അഭിനന്ദനങ്ങള്‍.
ലൈംഗിക പീഡനങ്ങളും വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മര്‍ദവും എല്ലായിടത്തുമുള്ളതാണ്. പുരുഷന്‍മാരും അതനുഭവിക്കുന്നുണ്ട്. അതിജീവിതകള്‍ക്ക് നമ്മുടെ പിന്തുണ ആവശ്യമുണ്ട്. അവരെ കേള്‍ക്കാന്‍ തയ്യാറാവുകയും വൈകാരിക പിന്തുണ കൊടുക്കുകയും വേണം, പുരുഷന്മാരോടായി ഖുശ്ബു പറഞ്ഞു.
ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് പറയുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്കറിയില്ല. തമിഴ് സിനിമയിലും ഇതുപോലെ സമിതി വേണോ എന്ന ചോദ്യത്തിനും തനിക്കറിയില്ലെന്നായിരുന്നു രജനിയുടെ മറുപടി.
ഇതിനിടെ, നടി രാധികാ ശരത് കുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെച്ചൊല്ലി മാധ്യമപ്രവര്‍ത്തകരും തമിഴ് നടന്‍ ജീവയും തമ്മില്‍ വാക്കേറ്റമുണ്ടായി. തമിഴ് സിനിമയില്‍ ഒരു പ്രശ്നവുമില്ലെന്നും എല്ലാം മലയാള സിനിമയില്‍ മാത്രമാണെന്നും ജീവ ക്ഷുഭിതനായി മാധ്യമങ്ങളോട് പറഞ്ഞു.
തേനിയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നടന്‍. ഈ സമയത്താണ് മാധ്യമപ്രവര്‍ത്തകര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും രാധികയുടെ വെളിപ്പെടുത്തലും സംബന്ധിച്ച് ചോദിച്ചത്.
നല്ലൊരു പരിപാടിക്ക് വന്നിരിക്കുന്നതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നു ജീവ പറഞ്ഞു. വീണ്ടും ചോദ്യം വന്നപ്പോഴാണ് തമിഴ് സിനിമയില്‍ ഒരു പ്രശ്നവുമില്ലെന്നും മലയാള സിനിമയിലാണ് പ്രശ്നങ്ങളെന്നും ജീവ പ്രതികരിച്ചത്.
മീ ടൂ ആരോപണത്തിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ മലയാള സിനിമയില്‍ നടക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തെറ്റാണ്. സൗഹൃദാന്തരീക്ഷമാണ് സിനിമാ സെറ്റുകളില്‍ വേണ്ടത്. പല ഇന്‍ഡസ്ട്രികളിലും പലതരത്തിലുള്ള വിഷയങ്ങള്‍ നടക്കുന്നുണ്ടെന്നും നടന്‍ പറഞ്ഞു.
എന്തായാലും തമിഴ് സിനിമയിലും പതുക്കെ പീഡന ആരോപണങ്ങള്‍ ചൂടുപിടിക്കുകയാണ്. വൈകാതെ തന്നെ മറ്റൊരു ഹേമാ കമ്മിറ്റി തമിഴകത്തും രൂപീകരിക്കപ്പെടാനാണ് സാദ്ധ്യത.
Summary: After Malayalam, sexual allegations started to rise in Tamil cinema as well. The allegation has been leveled against Vishal, the general secretary of Nadikar Sangh, who can be said to be the mother of Tamil Nadu.
COMMENTS