നിലമ്പൂര്‍: പൊതുജനങ്ങളോടും സി.പി.എം പാര്‍ട്ടി അണികളോടുമുള്ള പി.വി. അന്‍വര്‍ എം.എല്‍.എയുടെ രാഷ്ട്രീയ വിശദീകരണം ഇന്ന് നിലമ്പൂരില്‍ നടക്കും. വ...
നിലമ്പൂര്‍: പൊതുജനങ്ങളോടും സി.പി.എം പാര്‍ട്ടി അണികളോടുമുള്ള പി.വി. അന്‍വര്‍ എം.എല്‍.എയുടെ രാഷ്ട്രീയ വിശദീകരണം ഇന്ന് നിലമ്പൂരില്‍ നടക്കും. വൈകീട്ട് ആറിന് ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി. ഒരുവിധ പ്രചാരണവും പരിപാടിക്ക് നല്‍കിയിട്ടില്ല. പോസ്റ്ററുകളില്ല, സംഘാടകസമിതി ഇല്ല, സ്റ്റേജ് ഇല്ല. ജീപ്പില്‍ മൈക്ക് കെട്ടിയാണ് പ്രസംഗിക്കുക.
മൈക്ക് പെര്‍മിഷന്‍ എടുത്തിട്ടുണ്ട്. പ്രചാരണത്തിന്റെ ആവശ്യമില്ലെന്നും തന്നെ കേള്‍ക്കാന്‍ ആളുകളെത്തുമെന്നുമാണ് അന്‍വര്‍ പറയുന്നത്. അടുപ്പക്കാരോടു മാത്രം യോഗ കാര്യം അറിയിച്ചിട്ടുണ്ട്. സാധാരണ ഇത്തരം പരിപാടികള്‍ക്ക് മതിയായ പ്രചാരണം നടത്തണമെന്ന് കര്‍ക്കശ നിര്‍ദേശം നല്‍കുന്നയാളാണ് അന്‍വര്‍. പ്രചാരണമൊന്നുമില്ലാതെ എത്രയാളുകള്‍ പങ്കെടുക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. പരമാവധി ആളുകളെ പങ്കെടുപ്പിച്ച് മണ്ഡലത്തിലെ തന്റെ സ്വാധീനം തെളിയിക്കാനുള്ള തത്രപ്പാടൊന്നും എം.എല്‍.എയുടെ ഭാഗത്തു നിന്നില്ല.
തന്നെ കേള്‍ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും എത്തുമെന്നുതന്നെയാണ് എം.എല്‍.എ ആവര്‍ത്തിക്കുന്നത്. അന്‍വറിന്റെ പരിപാടിയില്‍ ഒരു കാരണവശാലും പങ്കെടുക്കരുതെന്ന് അംഗങ്ങള്‍ക്ക് സി.പി.എം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ജനം ഒഴുകിയെത്തിയാല്‍ അത് സി.പി.എമ്മിന് വലിയ തിരിച്ചടിയാവും.
സി.പി.എം ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളുടെ ഭാഗമായി നിരത്തുകളില്‍ പ്രദര്‍ശിപ്പിച്ച പ്രചാരണ ബോര്‍ഡുകളില്‍ മുഖ്യമന്ത്രിയോടൊപ്പം അന്‍വര്‍ നില്‍ക്കുന്ന പടങ്ങളുണ്ട്. അന്‍വറും മുഖ്യമന്ത്രിയും നില്‍ക്കുന്ന പോസ്റ്ററുകള്‍ ആക്ഷേപഹാസ്യ രൂപേണ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത്തരം ബോര്‍ഡുകള്‍ മുഴുവനും വെള്ളിയാഴ്ച രാത്രിയോടെതന്നെ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം അണികള്‍ നീക്കംചെയ്തു.
Key words: PV Anwar, CPM, Pinarayi Vjayan
COMMENTS