After the High Court denied anticipatory bail in the rape case and the police issued a look-out notice, actor Siddique is left wondering what to do
സ്വന്തം ലേഖകന്‍
കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതോടെ നടന്‍ സീദ്ദീഖ് എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടത്തില്‍.
ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാന്‍ ചിലര്‍ ഉപദേശിക്കുന്നു. പക്ഷേ, വിഷയം ബലാത്സംഗമായതിനാല്‍ കോടതിയില്‍ നിന്നു ചിലപ്പോള്‍ വലിയ തിരിച്ചടി കിട്ടിയേക്കാമെന്നും നിയമോപദേശം കിട്ടിയിട്ടുണ്ട്. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേസായതിനാല്‍ ജാമ്യം കിട്ടാതിരിക്കില്ലെന്നാണ് മറ്റു ചില അഭിഭാഷകര്‍ ഉപദേശിച്ചിരിക്കുന്നത്. ഇനിയും നാണം കെടാത് കീഴടങ്ങുന്നതാവും ഉചിതമെന്നാണ് മറ്റൊരു വിഭാഗം കൊടുത്തിരിക്കുന്ന ഉപദേശം.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ സുപ്രീം കോടതിയിലും വലിയ അനുഭാവത്തിനു സാദ്ധ്യതയില്ല. മണിക്കൂറിന് ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന മുകുള്‍ റോത്തഗിയെ നിയോഗിച്ച് സുപ്രീം കോടതിയില്‍ ഒരു ശ്രമം നടത്താമെന്നും ആലോചനയുണ്ട്. സിദ്ദീഖിന്റെ അഭിഭാഷകര്‍ റോഹത്ഗിയുമായി ചര്‍ച്ച നടത്തി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുള്ള വിധിയുടെ പകര്‍പ്പ് റോത്തഗിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വേണ്ടി ഹാജരായതും റോഹത്ഗിയായിരുന്നു.
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദീഖ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഓണാവധിക്ക് മുമ്പായിരുന്നു സിദ്ദിഖിന്റെ വാദം കേട്ടത്. ഇന്നാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി വിധി വന്നത്.
ജാമ്യം നിഷേധിക്കപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതക്യേക അന്വേഷക സംഘം അറസ്റ്റിനുള്ള നടപടിയൊന്നുമെടുത്തിട്ടില്ല. കൊച്ചിയിലോ തിരുവനന്തപുരത്തോ എത്തി കീഴടങ്ങാനാണ് കൂടുതലും സാദ്ധ്യതയെന്നാണ് അറിയുന്നത്.
സിദ്ദിഖിനായി കൊച്ചി നഗരത്തിലും പുറത്തും വ്യാപക പരിശോധന നടത്തുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാക്കനാട്ടെയും ആലുവയിലെയും വീടുകളില്‍ സിദ്ദിഖ് ഇല്ലെന്നാണ് പൊലീസ് പറയുന്നത്. വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കോണ്‍ഗ്രസ് അനുഭാവിയായതിനാല്‍ സര്‍ക്കാരില്‍ നിന്നു നടന് വലിയ ആനുകൂല്യം പ്രതീക്ഷിക്കാനുമാവില്ല. ഉടന്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസിന് തിരുവനന്തപുരത്തുനിന്ന് നിര്‍ദേശം പോയിരിക്കുന്നത്. സിദ്ദീഖിന്റെ ഫോണ്‍ വിവരങ്ങളും സൈബര്‍ സെല്‍ ശേഖരിച്ചിട്ടുണ്ട്. അവസാനമായി അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നത് പാലാരിവട്ടത്താണ്. അതിനാലാണ് കൊച്ചിയില്‍ തിരച്ചില്‍ നടത്തുന്നത്.
2016 ജനുവരി 27ന് രാത്രി 12 മണിക്കാണ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ നടന്‍ എത്തിയത്. പിറ്റേന്നു വൈകിട്ട് അഞ്ചു മണിവരെ സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. ഇതേസമയത്ത് പെണ്‍കുട്ടിയും ഹോട്ടലില്‍ ഉണ്ടായിരുന്നതായി ഹോട്ടലിലെ രേഖകള്‍ വ്യക്തമാക്കുന്നു.
ഹോട്ടലിലെ 101 എ മുറിയാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ജനലില്‍ കര്‍ട്ടന്‍ മാറ്റി നോക്കിയാല്‍ സ്വിമ്മിംഗ് പൂള്‍ കാണാമായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി കൊടുത്തിരുന്നു. അന്വേഷക സംഘം മുറിയിലെത്തി ഇതു സ്ഥിരീകരിച്ചു.
അന്ന് സിദ്ദിഖ് ചോറും മീന്‍കറിയും തൈരുമാണ് കഴിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ഹോട്ടലില്‍ നിന്ന് അന്വേഷക സംഘത്തിന് ഇതിന്റെ ബില്ലുകളും ലഭിച്ചു.
ഇതിനിടെ, ഹൈക്കോടതിയുടെ വിധിയുടെ വിശദാംശങ്ങളും പുറത്തുവന്നു. സിദ്ദീഖിനെതിരായ പരാതി വളരെ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. സമൂഹത്തില്‍ സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുവെന്നും നിധിന്യായത്തില്‍ പറയുന്നു. ദിലീപിന് വേണ്ടി ഹാജരായ ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് സിദ്ദിഖിന് വേണ്ടി ഹാജരായത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിശബ്ദതയിലും കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സിദ്ദീഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതും അദ്ദേഹത്തെ വൈദ്യപരിശോധന നടത്തേണ്ടതും അനിവാര്യമാണെന്ന് കോടതി പറഞ്ഞു. സാക്ഷിയെ സിദ്ദീഖ് സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന സിദ്ദീഖിന്റെ വാദം അനാവശ്യമെന്നും പരാതിക്കാരിയെ ആക്രമിക്കുന്നത് നിശബ്ദയാക്കാനുള്ള ശ്രമമെന്നും കോടതി വിലയിരുത്തി. പരാതിക്കാരിയുടെ സ്വഭാവത്തെ സംശയിക്കേണ്ടതില്ല. അവരുടെ അതിജീവനമാണ് പരിഗണിക്കേണ്ടതെന്നും കോടതി ചൂണ്ടികാട്ടി. പി നാരായണനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
COMMENTS