സ്വന്തം ലേഖകന്‍ കോഴിക്കോട് : മുഖ്യമന്ത്രി കോപിക്കുകയും പാര്‍ട്ടി വടിയെടുക്കുകയും ചെയ്തതോടെ ഇടതു സ്വതന്ത്ര എം എല്‍ എ പിവി അന്‍വര്‍ തത്കാലം ന...
സ്വന്തം ലേഖകന്‍
കോഴിക്കോട് : മുഖ്യമന്ത്രി കോപിക്കുകയും പാര്‍ട്ടി വടിയെടുക്കുകയും ചെയ്തതോടെ ഇടതു സ്വതന്ത്ര എം എല്‍ എ പിവി അന്‍വര്‍ തത്കാലം നാവടക്കുന്നു. പരസ്യ പ്രസ്താവനയ്ക്കില്ലെന്ന് അന്‍വര്‍ ഫേസ് ബുക്കിലൂടെ വ്യക്തമാക്കി.
ഇതേസമയം, തത്കാലം പിന്‍വാങ്ങുന്നുവെന്ന് അന്‍വര്‍ അടിവരയിട്ടു പറയുന്നുണ്ട്. പാര്‍ട്ടിയില്‍ വിശ്വാസമുണ്ട്. അതിനാലാണ് നിശ്ശബ്ദനാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയെ അച്ഛന്റെ സ്ഥാനത്താണ് കണ്ടിരുന്നതെന്ന് ഇതുവരെ പറഞ്ഞിരുന്ന അന്‍വര്‍ പുതിയ പ്രസ്താവനയില്‍ പിണറായി വിജയന്‍ എന്നൊരാള്‍ കേരളത്തിലുണ്ടെന്നുപോലും ഭാവിക്കുന്നില്ല. മുഖ്യമന്ത്രിയെ വിട്ട് പാര്‍ട്ടിയില്‍ മാത്രമാണ് അദ്ദേഹം ഇപ്പോള്‍ വിശ്വാസമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രി ഭരിക്കുന്ന പൊലീസ് വകുപ്പില്‍ പുഴുക്കുത്തുകള്‍ തുടരുന്നതിലെ അസ്വസ്ഥതയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.
പാര്‍ട്ടി സഖാക്കളെ വേദനിപ്പിച്ചുവെന്ന് ബോധ്യമുണ്ടെന്നും പാര്‍ട്ടി നിര്‍ദ്ദേശം ശിരസ്സാവഹിക്കുന്നും കുറിപ്പില്‍ പറയുന്നു. അന്‍വര്‍ പരസ്യ പ്രസ്താവന നടത്തുന്നതിനെതിരേ സിപി എം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തുവന്നിരുന്നു. പരസ്യപ്രസ്താവനയ്ക്കില്ലെങ്കിലും പൊലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ ഇനിയും ശബ്ദമുയര്‍ത്തുമെന്നും അക്കാര്യത്തില്‍ പിന്നോട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.
പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കു പോകില്ലെന്നും കുറ്റാരോപിതര്‍ തല്‍സ്ഥാനത്ത് തുടരുന്നതിനോട് ഇപ്പോഴും വിയോജിപ്പുണ്ടെന്നും പിവി അന്‍വര്‍ കുറിപ്പില്‍ പറയുന്നു.
അന്‍വര്‍ ഫേസ്ബുക്കില്‍ നല്കിയ കുറിപ്പിന്റെ പൂര്‍ണ രൂപം
സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിനോട്, ഈ നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരോട്, പൊതുസമൂഹത്തോട്,കുറച്ച് ദിവസങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏറെ വിഷമത്തോടെയാണ് ഈ വിഷയങ്ങളില്‍ ഇടപെട്ടിരുന്നത്. എന്നാല്‍, ഇത് സാധാരണക്കാരായ പാര്‍ട്ടി അണികളുടെയും, പൊതുസമൂഹത്തിന്റെയും നന്മയ്ക്കായി ഏറ്റെടുത്ത് നടത്തേണ്ടി വന്ന പ്രവര്‍ത്തനമാണ്. പോലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. അക്കാര്യത്തില്‍ ലവലേശം കുറ്റബോധമില്ല, പിന്നോട്ടുമില്ല.
വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് നല്‍കിയ പരാതിയിന്മേല്‍ സര്‍ക്കാര്‍ പല അടിയന്തര നടപടികളും സ്വീകരിച്ചതില്‍ നിന്ന് തന്നെ വിഷയത്തിന്റെ ഗ്രാവിറ്റി വ്യക്തമാണ്. എന്നാല്‍ കുറ്റാരോപിതര്‍ തല്‍സ്ഥാനത്ത് തുടരുന്നതിനോട് അന്നും, ഇന്നും വിയോജിപ്പുണ്ട്. അത് പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്.
ഈ നാട്ടിലെ സഖാക്കളെയും പൊതുജനങ്ങളെയും ബാധിക്കുന്ന ഗൗരവതരമായ വിഷയം എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിച്ചത്. ഇക്കാര്യത്തിനായി ആരും നടക്കാത്ത വഴികളിലൂടെയൊക്കെ നടക്കേണ്ടി വന്നിട്ടുണ്ട്. അത് എന്റെ പ്രിയപ്പെട്ട പാര്‍ട്ടി സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ട് എന്ന ബോധ്യമെനിക്കുണ്ട്. മറ്റു വഴികള്‍ എനിക്ക് മുന്‍പില്‍ ഉണ്ടായിരുന്നില്ല. അക്കാര്യത്തില്‍ നിങ്ങള്‍ ഓരോരുത്തവരോടും ക്ഷമ ചോദിക്കുന്നു.
''വിഷയങ്ങള്‍ സംബന്ധിച്ച് വിശദമായി എഴുതി നല്‍കിയാല്‍ അവ പരിശോധിക്കും'' എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചിരുന്നു. വിശദമായ പരാതി അദ്ദേഹത്തിന് എഴുതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സമയബന്ധിതമായി വേണ്ട പരിശോധനകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം ''ഇന്നും'' വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
വിവാദ പോലീസ് ഉദ്യോഗസ്ഥന്റെ ആര്‍.എസ്.എസ് സന്ദര്‍ശനത്തില്‍ തുടങ്ങി, തൃശ്ശൂര്‍ പൂരം മുതല്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്‌സിനെ സഹായിച്ചത് വരെയും, സ്വര്‍ണ്ണക്കള്ളക്കടത്ത് അടക്കമുള്ള മറ്റനേകം ഗുരുതരമായ വിഷയങ്ങളുമാണ് ഞാന്‍ ഉയര്‍ത്തിയത്. ഇക്കാര്യത്തില്‍ ''ചാപ്പയടിക്കും, മുന്‍ വിധികള്‍ക്കും''(എങ്ങനെ വേണമെങ്കില്ലും വ്യാഖ്യാനിക്കാം) അതീതമായി നീതിപൂര്‍വ്വമായ പരിശോധനയും നടപടിയും ഈ പാര്‍ട്ടി സ്വീകരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഈ നാട്ടിലെ മതേതരത്വം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു സമൂഹത്തിന്റെ എക്കാലത്തേയും വലിയ ആശ്രയമാണ് ഇടതുപക്ഷം. ഈ ചേരിക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുന്ന പ്രസ്ഥാനമാണ് സി.പി.ഐ.എം. ഈ പാര്‍ട്ടിയോട് അങ്ങേയറ്റത്തെ വിശ്വാസമുണ്ട്. നല്‍കിയ പരാതി, പാര്‍ട്ടി വേണ്ട രീതിയില്‍ പരിഗണിക്കുമെന്നും,ചില പുഴുക്കുത്തുകള്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കും എന്നും എനിക്ക് ഉറപ്പുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
പി.വി.അന്‍വര്‍ ഇടതുപാളയത്തില്‍ നിന്ന് പുറത്തിറങ്ങുന്നതും നോക്കി നില്‍ക്കുന്ന മറ്റുള്ളവരും ചില മാധ്യമങ്ങളും ഇക്കാര്യത്തില്‍ നിരാശരായേ മതിയാവൂ. ഈ പാര്‍ട്ടിയും വേറെയാണ്, ആളും വേറേയാണ്. ഞാന്‍ നല്‍കിയ പരാതികള്‍ക്ക് പരിഹാരമുണ്ടാവുമെന്ന ബോധ്യം ഇന്നെനിക്കുണ്ട്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍, ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ പാര്‍ട്ടി നല്‍കിയ നിര്‍ദ്ദേശം ശിരസ്സാ വഹിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.
''ഈ വിഷയത്തില്‍ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ ഞാന്‍ താത്ക്കാലികമായി അവസാനിപ്പിക്കുകയാണ്''. എന്റെ പാര്‍ട്ടിയില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്. നീതി ലഭിക്കും എന്ന ഉറപ്പെനിക്കുണ്ട്. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍. സാധാരണക്കാരായ ജനങ്ങളാണ് ഈ പാര്‍ട്ടിയുടെ അടിത്തറ.
സഖാക്കളേ നാം മുന്നോട്ട്..
Summary: Left independent MLA PV Anwar has been on the sidelines for the time being as the chief minister got angry and took the party stick. Anwar clarified through Facebook that there is no public statement.
COMMENTS