തിരുവനന്തപുരം : ആർഎസ്എസ് തലവനുമായി കൂടിക്കാഴ്ച നടത്തിയതായി ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ സമ്മതിച്ചു. തൃശ്ശൂർ പൂരം ക...
തിരുവനന്തപുരം : ആർഎസ്എസ് തലവനുമായി കൂടിക്കാഴ്ച നടത്തിയതായി ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ സമ്മതിച്ചു.
തൃശ്ശൂർ പൂരം കലക്കുന്നതിനായി ആർഎസ്എസ് തലവനുമായി അജിത് കുമാർ ഗൂഢാലോചന നടത്തിയതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു. തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിക്കുന്നതിനായിരുന്നു പൂരം കലക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
സർക്കാരിനെ ആരോപണങ്ങളുടെ മുൾമുനയിൽ നിർത്തിയതായിരുന്നു പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തൽ.
സംസ്ഥാനത്തെ സുപ്രധാന ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ആർഎസ്എസ് തലവനെ കണ്ടത് എന്തിന് എന്ന ചോദ്യം ഉത്തരമില്ലാതെ ബാക്കിനിൽക്കുകയായിരുന്നു.
താൻ നടത്തിയത് സ്വകാര്യ സന്ദർശനമായിരുന്നു എന്നാണ് അജിത് കുമാറിന്റെ വിശദീകരണം. ഒപ്പം പഠിച്ച സുഹൃത്തിൻറെ ക്ഷണപ്രകാരമാണ് ആർഎസ്എസ് തലവൻ ദത്താത്രേയ ഹൊസബലയെ കണ്ടത്. 2023 മെയ് 22ന് തൃശ്ശൂർ പാറമേക്കാവ് വിദ്യാമന്ദിറിലായിരുന്നു കൂടിക്കാഴ്ച. അവിടെ അപ്പോൾ ആർഎസ്എസിന്റെ ക്യാമ്പ് നടക്കുകയായിരുന്നു.
തീർത്തും സ്വകാര്യ സന്ദർശനമായിരുന്നു അത്. സന്ദർശനത്തെക്കുറിച്ച് അപ്പോൾ തന്നെ സ്പെഷ്യൽ ബ്രാഞ്ച് ഡിജിപിക്കും ഇൻറലിജൻസ് വിഭാഗത്തിനും റിപ്പോർട്ട് നൽകിയിരുന്നതായും അജിത് കുമാർ പറയുന്നു.
എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻറെ മകളുടെ പേരിലുള്ള കേസ് ഒതുക്കുന്നതിന് പ്രത്യുപകാരമായി തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കുന്നതിന് ഒത്തുതീർപ്പ് ചർച്ചകൾക്കാണ് അജിത് കുമാർ പോയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിന് അജിത് കുമാറിനെ നിയോഗിച്ചത് മുഖ്യമന്ത്രിയാണെന്നും വി ഡി സതീശൻ ആരോപിച്ചിരുന്നു.
സന്ദർശനത്തിന്റെ തുടർച്ചയായി തൃശ്ശൂർ പൂരത്തിൻ്റെ നടത്തിപ്പിന് കഴിയുന്നത്ര തടസ്സങ്ങൾ ഉണ്ടാക്കാൻ പോലീസ് ശ്രമിച്ചു. ഇത് ബോധപൂർവ്വം നടത്തിയ നീക്കമാണ്. പൂരം കലങ്ങിയതിന് തൊട്ടു പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ കയറി പൂര സ്ഥലത്ത് എത്തുകയും സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചു ജന പിന്തുണ പിടിച്ചു പറ്റാൻ ശ്രമിക്കുകയും ചെയ്തെന്നും വി ഡി സതീശൻ ആരോപിച്ചു.
നിയമസഭാ സമ്മേളനം ചേരാനിരിക്കെ അജിത് കുമാറിന്റെ കുറ്റസമ്മതം സർക്കാരിന് വലിയ തലവേദനയായി മാറും.
Keywords: Thrissur pooram, MR Ajith Kumar, Kerala police, VD Satheeshan, Pinarayi Vijayan, RSS
COMMENTS