കൊച്ചി: ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുമെന്ന കാരണം ചൂണ്ടിക്കാട്ടി തിരുനാവായ-തവനൂര്‍ പാലം നിര്‍മാണത്തിനെതിരെ മെട്രോമാന്‍ ഇ ശ്രീധരന്‍ ഹൈക്കോ...
കൊച്ചി: ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുമെന്ന കാരണം ചൂണ്ടിക്കാട്ടി തിരുനാവായ-തവനൂര്‍ പാലം നിര്‍മാണത്തിനെതിരെ മെട്രോമാന്‍ ഇ ശ്രീധരന്‍ ഹൈക്കോടതിയില്‍.
നാളെ നിര്‍മാണം തുടങ്ങാനിരിക്കെ, റീ അലൈന്‍മെന്റിനുള്ള സാധ്യതകള്‍ പരിഗണിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്താണ് അദ്ദേഹം ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.
ഭാരതപ്പുഴയുടെ തീരത്തുള്ള ക്ഷേത്രങ്ങളുടെ മതപരമായ പവിത്രതയെ ബാധിക്കാതെ കേരള സര്‍ക്കാര്‍ പാലം നിര്‍മ്മിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. നിര്‍ദിഷ്ട പാലം തിരുനാവായയിലെ മഹാവിഷ്ണു ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വേര്‍തിരിക്കുമെന്നും ഇത് ഹിന്ദു മത വിശുദ്ധിയെ ബാധിക്കുമെന്നും ഹിന്ദു ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുമെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
നിര്‍മ്മാണത്തെ എതിര്‍ക്കുമ്പോഴും, അലൈന്‍മെന്റ് പുനര്‍നിര്‍മ്മിക്കുന്നതിനായി തന്റെ സേവനം സൗജന്യമായി കേരള സര്‍ക്കാരിന് വാഗ്ദാനം ചെയ്യുകയും അവസരം ലഭിച്ചാല്‍ അത് എങ്ങനെ ചെയ്യുമെന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ അലൈന്‍മെന്റ് രീതി നടപ്പിലാക്കിയാല്‍ അത് ചെലവ് കുറഞ്ഞതായിരിക്കുമെന്നും ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടി.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് 92 കാരനായ മെട്രോ മാന്റെ ഹര്‍ജി പരിഗണിച്ച് വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനും കത്തെഴുതിയെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇ ശ്രീധരന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
Key Words: Metroman, E Sreedharan, High Court, Tirunavaya-Tavanur Bridge
COMMENTS