കോഴിക്കോട്: അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തെരച്ചിലില്‍ നടക്കുന്ന ഷിരൂരില്‍ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ ...
കോഴിക്കോട്: അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തെരച്ചിലില്‍ നടക്കുന്ന ഷിരൂരില്‍ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. പൊലീസ് താന്‍ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാല്‍ മടങ്ങുകയാണെന്നും ഈശര്‍ മാല്‍പെ പറഞ്ഞു.
അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞു. തെരച്ചില്‍ വിവരങ്ങള്‍ ആരോടും പറയരുതെന്നാണ് അവര്‍ പറയുന്നത്. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാല്‍ മാത്രമേ വരൂവെന്നും ഈശ്വര്‍ മാല്‍പെ വ്യക്തമാക്കി. ഉടുപ്പി സ്വദേശിയായ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അര്ജുന് ദൌത്യത്തില്‍ സ്വമേധയാ പങ്കാളിയായതാണ്.
വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചതാണ് ജില്ലാ ഭരണകൂടത്തെ പ്രകോപിപ്പിച്ചതെന്ന് മാല്‍പെ ആരോപിച്ചു. ഇനി ഷിരൂരിലേക്ക് തിരിച്ചുവരുന്നില്ല. ഇന്ന് ഒരു സ്കൂട്ടര്‍ നദിയില്‍ കണ്ടെത്തിയിരുന്നു. അത് പുറത്തേക്ക് എടുത്തു കഴിഞ്ഞു. അതിനൊപ്പം അര്‍ജുന്റെ ലോറിയില്‍ നിന്നുളള തടിക്കഷ്ണങ്ങളും കണ്ടെത്തി. നദിക്കടിയില്‍ നിന്നും ഇനിയും വണ്ടി കിട്ടുമെന്ന് കരുതുന്നു. അര്‍ജുന്റെ കുടുംബത്തിന് വാക്ക് നല്‍കിയിരുന്നു. പക്ഷേ മടങ്ങുകയാണ്. അധികൃതരോട് വഴക്ക് കൂടി നില്ക്കാന് വയ്യ. അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു. വഴക്ക് കൂടി ദൗത്യം നിര്‍വഹിക്കാന്‍ ആകില്ലെന്നും ഈശ്വര്‍ മാല്‍പെ വ്യക്തമാക്കി.
ഇന്നലെയും ഇന്നും നദിയിലേക്ക് ഇറങ്ങിയ മാല്‍പെയാണ് അര്‍ജുന്റെ ലോറിയിലെ മരങ്ങളടക്കം കണ്ടെത്തിയത്. മറ്റൊരു ലോറിയുടെ ഭാഗവും സ്കൂട്ടറും നദിക്കടിയില്‍ നിന്നും കണ്ടെടുത്തിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടവും പൊലീസും സഹകരിക്കുന്നില്ലെന്നാണ് ഈശ്വര്‍ മാല്‍പെ തുറന്നടിക്കുന്നത്.
Keywords: Arjun Mission, Eshwar Malpe
COMMENTS