സ്വന്തം ലേഖകന്‍ കൊച്ചി: നടന്‍ നിവിന്‍ പോളി ദുബായില്‍ വച്ചു മയക്കുമരുന്നു നല്കി ബോധം കെടുത്തി മാനഭംഗപ്പെടുത്തിയെന്ന നേര്യമംഗലം സ്വദേശിനിയുടെ ...
സ്വന്തം ലേഖകന്‍
കൊച്ചി: നടന്‍ നിവിന്‍ പോളി ദുബായില്‍ വച്ചു മയക്കുമരുന്നു നല്കി ബോധം കെടുത്തി മാനഭംഗപ്പെടുത്തിയെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. എന്നാല്‍, ഇതു വ്യജ ആരോപണമാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നടന്‍ പറയുന്നു.
എറണാകുളം ഊന്നുകല്‍ പൊലീസ് എടുത്ത കേസില്‍ നിവിന്‍ പോളി ഉള്‍പ്പെടെ ആറുപേരാണ് പ്രതികള്‍. ജാമ്യമില്ലാ വകുപ്പാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. നിവിന്‍ ആറാം പ്രതിയാണ്.
സിനിമയില്‍ ഉയര്‍ന്നിരിക്കുന്ന പീഡന ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു കേസ് കൈമാറിയതായി ഊന്നുകല്‍ പൊലീസ് അറിയിച്ചു.
കഴിഞ്ഞ നവംബറിലാണ് സംഭവമെന്നു പരാതിയില്‍ പറയുന്നു. യുവതിയെ ആറു ദിവസം തടവില്‍ പാര്‍പ്പിക്കുകയും മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ശ്രേയ, തൃശൂര്‍ സ്വദേശിയായ നിര്‍മാതാവ് എ കെ സുനില്‍, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് ഒന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍.
അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചുവെന്നാണ് പരതാതി. തിരുവനന്തപുരത്താണ് യുവതി മൊഴി നല്കിയത്. ഇതു പിന്നീട് ഊന്നുകല്‍ പൊലീസിനു കൈമാറുകയായിരുന്നു.
എന്നാല്‍, പരാതിക്കാരിയെ കണ്ടിട്ടില്ലെന്നു നിവിന്‍ പോളി മാധ്യമങ്ങളോട് പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണമാണിത്. ഇങ്ങനെ ഒരു ആരോപണം നേരിടുന്നത് ആദ്യമാണെന്നും നിയമത്തിന്റെ എല്ലാ വഴികളും സ്വീകരിക്കുമെന്നും നിവിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിനിമയില്‍ ഒരുപാട് ആരോപണങ്ങള്‍ വരുന്നുണ്ടെന്നും ആരെങ്കിലുമൊക്കെ പ്രതികരിച്ചുതുടങ്ങേണ്ടത് അനിവാര്യമാണെന്നും നിവിന്‍ പറഞ്ഞു.
ശാസ്ത്രീയമായ എല്ലാ അന്വേഷണങ്ങളോടും സഹകരിക്കാന്‍ തയ്യാറാണ്. ഇങ്ങനെ ഒരു കേസിന്റെ പേരില്‍ ഒരു മാസം മുമ്പ് പൊലീസ് സ്റ്റേഷനില്‍ നിന്നു വിളിച്ചിരുന്നതായി നിവിന്‍ വെളിപ്പെടുത്തി. ഇങ്ങനെ ഒരു പെണ്‍കുട്ടിയെ അറിയില്ലെന്ന് അന്നു തന്നെ മറുപടി നല്‍കിയിരുന്നു. അന്നത് കള്ളക്കേസാണെന്നു മനസ്സിലാക്കി പൊലീസ് ക്‌ളോസ് ചെയ്തിരുന്നു. ആ സംഭവമാണ് വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത്. അന്നു തിരിച്ചു പരാതി കൊടുക്കാന്‍ പോയപ്പോള്‍ പൊലീസും അഭിഭാഷകനും നിരുത്സാഹപ്പെടുത്തിയിരുന്നു.
ഇപ്പോഴത്തെ ആരോപണത്തിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. പ്രതികളില്‍ ഒരാളെ അറിയാം. അദ്ദേഹവുമായി അടുത്ത ബന്ധമില്ല, സാമ്പത്തിക സംബന്ധമായ കാര്യങ്ങള്‍ മാത്രമേ ഉള്ളൂ. ഒന്നാം പ്രതിയെ അറിയില്ല.
രണ്ടാം പ്രതിയായ നിര്‍മാതാവ് എകെ സുനിലിനെ ദുബായില്‍ വച്ച് കണ്ടിരുന്നു. പിന്നെ കണ്ടിട്ടില്ല. ആരോപണം വ്യാജമെന്ന് തെളിയിക്കണം. ഇങ്ങനെയുള്ള വ്യാജ ആരോപണങ്ങള്‍ തടയേണ്ടതുണ്ട്. ആരോപണങ്ങള്‍ കുടുംബത്തെ ബാധിക്കും. ഈ ആരോപണം വന്നപ്പോള്‍ എന്റെ അമ്മയെ ആണ് ആദ്യം വിളിച്ചത്. ധൈര്യമായിരിക്കാനാണ് അമ്മ പറഞ്ഞത്.
വ്യാജ ആരോപണം ഉന്നയിച്ചതിന് പരാതി നല്‍കും. ഒറ്റയ്ക്കു പോരാടാനാണ് തീരുമാനം. ഞാനെങ്ങും പോകില്ല, ഇവിടെത്തന്നെയുണ്ട്. സത്യാം പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങളും മുന്നോട്ടുവരണം, നിവിന്‍ പോളി പറഞ്ഞു.
Keywords: Nivin Pauly, Case, Police
COMMENTS