സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ആറു മാസത്തിനു ശേഷം ജയില്‍ മോചിതനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിക്ക്. ജാമ്യം ലഭിച്ച് രണ്ട് ദിവസ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ആറു മാസത്തിനു ശേഷം ജയില്‍ മോചിതനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിക്ക്. ജാമ്യം ലഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് കെജ്രിവാള്‍ രാജി തീരുമാനം അറിയിച്ചത്. ഇന്നു ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് ഏവരെയും ഞെട്ടിക്കുന്ന രാജി പ്രഖ്യാപനം വന്നത്.
'രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കും. ജനവിധി വരും വരെ ഞാന്‍ ആ കസേരയില്‍ ഇരിക്കില്ല.
ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ബാക്കി. ഇതിനിടയിലാണ് കെജ്രിവാളിന്റെ തന്ത്രപരമായ നീക്കം.
നിയമ കോടതിയില്‍ നിന്ന് എനിക്ക് നീതി ലഭിച്ചു, ഇനി ജനകീയ കോടതിയില്‍ നിന്ന് നീതി ലഭിക്കണം. ജനങ്ങളുടെ ആജ്ഞയ്ക്കു ശേഷം മാത്രമേ ഞാന്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കൂ,' അദ്ദേഹം പറഞ്ഞു.
കെജ്രിവാള്‍ നിരപരാധിയാണോ അതോ കുറ്റക്കാരനാണോ എന്ന് എനിക്ക് ഡല്‍ഹിയിലെ ജനങ്ങളോട് ചോദിക്കണം. ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് വോട്ട് ചെയ്യൂ. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ രണ്ട് ദിവസത്തിനകം എഎപി എംഎല്‍എമാരുടെ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
രാജിവച്ചശേഷം ജനങ്ങളുടെ ഇടയിലേക്ക് പോയി പിന്തുണ അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദേശീയ തലസ്ഥാനത്തെ തിരഞ്ഞെടുപ്പും മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിനൊപ്പം നവംബറില്‍ നടത്തണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.
ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത കെജ്രിവാള്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സമ്പൂര്‍ണ ആക്രമണം അഴിച്ചുവിട്ടു. ബ്രിട്ടീഷുകാരേക്കാള്‍ സ്വേച്ഛാധിപത്യമാണെന്ന് നനടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെട്ടിട്ടും മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാതിരുന്നത് ജനാധിപത്യത്തെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. '(കര്‍ണാടക മുഖ്യമന്ത്രി) സിദ്ധരാമയ്യ, (കേരള മുഖ്യമന്ത്രി) പിണറായി വിജയന്‍, (ബംഗാള്‍ മുഖ്യമന്ത്രി) മമത ദീദി (ബാനര്‍ജി) എന്നിവര്‍ക്കെതിരെ അവര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അവര്‍ നിങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ രാജിവയ്ക്കരുതെന്നാണ് എനിക്ക് ബിജെപി ഇതര മുഖ്യമന്ത്രിമാരോട് അപേക്ഷിക്കാനുള്ളത്.. ഇത് അവരുടെ പുതിയ ഗെയിമാണ്,' അദ്ദേഹം പറഞ്ഞു.
മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായും വിഷയം സംസാരിച്ചിട്ടുണ്ടെന്നും കെജ് രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ റദ്ദാക്കിയ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളില്‍ സിസോദിയയ്ക്കും അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു.
ഞാന്‍ മനീഷിനോട് സംസാരിച്ചു, ഞങ്ങള്‍ സത്യസന്ധരാണെന്ന് ആളുകള്‍ പറഞ്ഞതിന് ശേഷം മാത്രമേ താന്‍ ഈ സ്ഥാനം കൈകാര്യം ചെയ്യൂ എന്ന് അദ്ദേഹവും പറഞ്ഞു. എന്റെയും സിസോദിയയുടെയും വിധി ഇപ്പോള്‍ നിങ്ങളുടെ കൈയിലാണെന്നും അദ്ദേഹം പറഞ്ഞു.
Summary: Delhi CM Kejriwal to resign, new CM within two days
COMMENTS