അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുമ്പോഴും അര്‍ജുന്‍ തിരിച്ചുവരില്ലെന്ന യാഥാര്‍ത്ഥ്യം സ്വീകരിക്കാന്‍ തയ്യാറായിരുന്നെങ്കിലും ഷിരൂരില്‍ അര്‍ജുന്റെ ലോറി...
അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുമ്പോഴും അര്‍ജുന്‍ തിരിച്ചുവരില്ലെന്ന യാഥാര്‍ത്ഥ്യം സ്വീകരിക്കാന്‍ തയ്യാറായിരുന്നെങ്കിലും ഷിരൂരില്‍ അര്‍ജുന്റെ ലോറി കണ്ടെത്തിയെന്നറിഞ്ഞപ്പോള്‍ കേരളം വിങ്ങുന്നു. കര്‍ണ്ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോടുകാരനായ ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായതുമുതല്‍ പല ഘട്ടങ്ങളിലായാണ് തിരച്ചില്‍ നടത്തിയത്.
അര്‍ജുനെ തനിക്കുള്ളില്‍ത്തന്നെ ഒളിപ്പിച്ച ഗംഗാവാലിപ്പുഴ പലപ്പോഴും ആരെയും തന്റെ ആഴങ്ങളിലേക്ക് അടുപ്പിക്കാതെ കരയിലേക്ക് മടക്കി അയച്ചപ്പോഴും മലയാളി തളര്‍ന്നില്ല. പലപ്പോഴായി പലഘട്ടങ്ങളില്‍ തിരച്ചില്‍ നടന്നു. പലപ്പോഴും മുടങ്ങി. പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും രക്ഷാദൗത്യത്തിന് എല്ലായ്പ്പോഴും തടസ്സമായി. രണ്ടു മാസങ്ങള്‍ക്കു ശേഷം കാലാവസ്ഥ അനുകൂലമാകുകയും നദിയിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെയാണ് തിരച്ചിലിന് അര്‍ജുന് അടുത്തേക്ക് എത്താനായത്. ലോറിയുടെ ക്യാബിന്‍ ഇന്ന് ഉയര്‍ത്തിയപ്പോള്‍ അകത്ത് മൃതദേഹമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അത് അര്‍ജുന്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ ഡി.എന്‍.എ അടക്കമുള്ള പരിശോധനകള്‍ ആവശ്യമാണ്. തിരച്ചിലിന് മലയാളികള്‍ കര്‍ണ്ണാടകയിലെത്തിയതും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ണ്ണാടകയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചതും എന്തിന് കോടതി ഇടപെടല്‍പോലും ഉണ്ടായതിന് മലയാളി സാക്ഷിയായി.
ജൂലായ് 16നാണ് ഷിരൂരില്‍ വന്‍ മലയിടിച്ചില്‍ ഉണ്ടായത്. അര്‍ജുന്റെ ലോറിയും അകപ്പെട്ടു എന്ന വാര്‍ത്ത മണിക്കൂറുകള്‍ കഴിഞ്ഞാണ് കേരളം അറിഞ്ഞത്. ആദ്യത്തെ അലംഭാവത്തിനു അര്‍ജുന്റെ ജീവന്‍ വിലയായിക്കൊടുക്കേണ്ടി വന്നു എന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്. ക്യാബിനില്‍ എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കുമ്പോള്‍ കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിനും ദൗത്യ സ്ഥലത്ത് ഉണ്ടായിരുന്നു.
Key Words: Arjun Mission, Landslide, Arjun;s Lorry
COMMENTS