Marxist leader Anura Kumara Dissanayake will be the new president of Sri Lanka. No one had a majority when the first round of votes were counted
അഭിനന്ദ്
ന്യൂഡല്‍ഹി : മാര്‍ക്‌സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാവും. തിരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് വോട്ടെണ്ണിയപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലായിരുന്നു. തുടര്‍ന്നു രണ്ടാം പ്രിഫറന്‍സ് വോട്ട് എണ്ണിയപ്പോഴാണ് ദിസനായകെ ഒന്നാം സ്ഥാനത്ത് എത്തിയത്.
2022ലെ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവുമായ റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തായിപ്പോയി.
തിരഞ്ഞെടുപ്പില്‍ 75 ശതമാനമായിരുന്നു പോളിങ്. വിക്രമസിംഗെ ഉള്‍പ്പെടെ 38 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കാനുണ്ടായിരുന്നത്. ഒന്നേമുക്കാല്‍ കോടി വോട്ടര്‍മാരാണുള്ളത്.
രണ്ടു ഘട്ടമായി നടന്ന വോട്ടെണ്ണലില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും 50 ശതമാനം വോട്ട് നേടാനാവാതെ വന്നതോടെയാണ് രണ്ടാം പ്രിഫറന്‍സ് വോട്ടിലേക്കു പോയത്.
ഒന്നാം സ്ഥാനത്തെത്തിയ ദിസനായകെയും രണ്ടാം സ്ഥാനത്തെത്തിയ നിലവിലെ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസയും തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്. ദിസനായകെ 42.31 ശതമാനം വോട്ട് നേടിയപ്പോള്‍ പ്രേമദാസയ്ക്ക് 41.21 വോട്ട് കിട്ടി.
ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലും അരാജകത്വത്തിലും നിന്ന് ലങ്കയെ അല്പമെങ്കിലും കൈപിടിച്ചുയര്‍ത്തിയ വിക്രമസിംഗെയെ ജനം കൈയൊഴിയുന്ന കാഴ്ചയാണ് കാണാനായത്. ഇതു തന്നെയായിരുന്നു വിക്രമസിംഗെയുടെ പ്രധാന പ്രചരണ വിഷയവും.
നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവ് അനുര കുമാര ദിസനായകെ തുടക്കം മുതല്‍ പ്രതീക്ഷ ജനിപ്പിച്ചിരുന്നു. മാറ്റത്തിന്റെ ഏജന്റ് എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. തൊഴിലാളിവര്‍ഗ രാഷ്ട്രീയ സഖ്യത്തിന്റെ നേതാവെന്ന നിലയിലാണ് അദ്ദേഹം വോട്ടു തേടിയത്.
ലങ്കയെ മുച്ചൂടും മുടിച്ച ഗോതബയ രാജപക്‌സെയെ പുറത്താക്കിയ പൊതു പ്രതിഷേധത്തിന്റെ ഭാഗമായവരെ താന്‍ സേവിക്കുമെന്നായിരുന്നു ദിസനായകെയുടെ പ്രധാന പ്രഖ്യാപനം. അഴിമതിരഹിത സമൂഹം, മികച്ച സമ്പദ്വ്യവസ്ഥ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മുദ്രാവാക്യങ്ങള്‍.
രാഷ്ട്രീയ പാര്‍ട്ടികള്‍, വനിതാ ഗ്രൂപ്പുകള്‍, ട്രേഡ് യൂണിയനുകള്‍, യുവജന ഗ്രൂപ്പുകള്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ എന്നിവ ഉള്‍പ്പെടെ 21 വ്യത്യസ്ത ഗ്രൂപ്പുകള്‍ ചേര്‍ന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് നാഷണല്‍ പീപ്പിള്‍സ് പവര്‍.
മാര്‍ക്‌സിസ്റ്റ് ആശയ അടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന ജനതാ വിമുക്തി പെരമുന (ജെ വി പി)യാണ് ദിസനായകെയുടെ യഥാര്‍ത്ഥ പാര്‍ട്ടി. ഈ കക്ഷിയാണ് എന്‍പിപി സഖ്യത്തിലെ പ്രധാന ശക്തിയും.
അടിസ്ഥാനപരമായി ഇന്ത്യാ വിരുദ്ധതയുള്ള കക്ഷിയാണ് ജെ വി പി. എന്നാല്‍, ദിസനായകെ ആ നിലപാട് മാറ്റിപ്പിടിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ഇന്ത്യയെ ശത്രുവായി കണ്ട് മുന്നോട്ടു പോകാനാവില്ലെന്ന് അദ്ദേഹം നന്നായി തിരിച്ചറിയുന്നുണ്ട്. ഇന്ത്യയുമായി ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ദിസനായകെയെ ഇന്ത്യ ഡല്‍ഹിയിലേക്കു ക്ഷണിച്ചിരുന്നു. ആ സന്ദര്‍ശനത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ദിസനായകെ ജയിക്കാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് ഇന്ത്യ ഒരു മുഴം മുമ്പേ എറിഞ്ഞത്. എന്നാല്‍, ഇന്ത്യയുടെയും ചൈനയുടെയും മേഖലയിലെ മേധാവിത്തതിനുള്ള നീക്കങ്ങള്‍ക്ക് ചട്ടുകമായി നില്ക്കില്ലെന്നും ദിസനായകെ വ്യക്തമാക്കിട്ടുണ്ട്.
Summary: Marxist leader Anura Kumara Dissanayake will be the new president of Sri Lanka. No one had a majority when the first round of votes were counted in the election. Dissanayake came first when second preference votes were counted. Dissanayake's original party is the Janata Vimukti Peramuna (JVP), which operates on a Marxist ideological base. This party is the main force in the NPP alliance.
COMMENTS