India's National Security Adviser Ajit Doval will travel to Moscow this week to seek an end to the Russia-Ukraine war, central government sources said
അഭിനന്ദ്
ന്യൂഡല്‍ഹി: റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന് അറുതിവരുത്തുന്നതിനായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ ആഴ്ച മോസ്‌കോയിലേക്ക് പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യയും ഉക്രെയ്‌നും സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയാണ് ഈ നീക്കം. റഷ്യന്‍ പ്രസിഡ്ന്റ് വ്ളാഡിമിര്‍ പുടിന്‍, ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി എന്നിവരുമായി മോഡി ദീര്‍ഘമായ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉക്രെയ്ന്‍ സന്ദര്‍ശനത്തിനും പ്രസിഡന്റ് സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കും തൊട്ടുപിന്നാലെ മോഡി ആഗസ്റ്റ് 27-ന് പ്രസിഡന്റ് പുടിനുമായി ഫോണില്‍ സംസാരിച്ചു. തന്റെ കീവ് സന്ദര്‍ശനത്തെക്കുറിച്ച് പ്രധാനമന്ത്രി മോഡി പ്രസിഡന്റ് പുടിനെ ഫോണില്‍ അറിയിച്ചിരുന്നു. രാഷ്ട്രീയവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെ ഉക്രെയ്ന്‍ സംഘര്‍ഷത്തിന് ഒരു ഒത്തുതീര്‍പ്പ് കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമം ലോകം പ്രതീക്ഷയോടെയാണ് കാണുന്നത്. യുദ്ധത്തിന് അറുതിവരുത്തുന്നതിന് ഇന്ത്യയ്ക്കു കഴിഞ്ഞാല്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയും ഉയരും.
ഡോവല്‍ സെപ്തംബര്‍ 10, 11 തീയതികളില്‍ റഷ്യ സന്ദര്‍ശിക്കും. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തുന്ന ഡോവല്‍ റഷ്യ യുക്രൈന്‍ പ്രശ്‌ന പരിഹാരത്തിനായുള്ള ചര്‍ച്ച നടത്തുമെന്നും കേന്ദ്ര വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മോഡി-പുടിന്‍ ഫോണ്‍ സംഭാഷണത്തിലാണ് ഡോവല്‍ സമാധാന ചര്‍ച്ചകള്‍ക്കായി മോസ്‌കോയിലേക്ക് എത്തുന്നതിനെ കുറിച്ച് നേതാക്കള്‍ തീരുമാനിച്ചത്. ഉക്രെയ്ന്‍ അധികൃതരുടെയും അവരുടെ പാശ്ചാത്യ രക്ഷാധികാരികളുടെയും വിനാശകരമായ നയങ്ങളെക്കുറിച്ച് മോഡിയോട് പുടിന്‍ സംസാരിച്ചിരുന്നതായും സംഘര്‍ഷം പരിഹരിക്കുന്നതിന് റഷ്യ സന്നദ്ധമാണെന്നും ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസി പറഞ്ഞു.
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെക്കുറിച്ച് ഇരു നേതാക്കളും അഭിപ്രായങ്ങള്‍ കൈമാറിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു. സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കൈവരിക്കുന്നതിന് എല്ലാ പങ്കാളികളും തമ്മിലുള്ള സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും ആത്മാര്‍ത്ഥവും പ്രായോഗികവുമായ ഇടപെടലിന്റെ പ്രാധാന്യവും മോഡി അടിവരയിട്ടുവെന്നും പി എം ഒ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഉക്രെയ്ന്‍ സംഘര്‍ഷവത്തില്‍ റഷ്യയുമായി ബന്ധപ്പെട്ട മൂന്ന് രാജ്യങ്ങളാണുള്ളതെന്നും ചൈന, ബ്രസീല്‍, ഇന്ത്യ എന്നിവയാണ് അവയെന്നും പുടിന്‍ പറഞ്ഞു. സുഹൃത്തുക്കളെയും പങ്കാളികളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. അവര്‍ ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നു. ഈ വിഷയത്തില്‍ ഞാന്‍ സഹപ്രവര്‍ത്തകരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു എന്നാണ് പുടിന്‍ വ്യക്തമാക്കി.
ഉക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്തുന്നതില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പറഞ്ഞു. മെലോണി ഇന്നലെ ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തി. സംഘര്‍ഷം പരിഹരിക്കുന്നതില്‍ ചൈനയ്ക്കും ഇന്ത്യയ്ക്കും സുപ്രധാന പങ്കുണ്ടെന്നും മെലോണി വ്യക്തമാക്കി.
Summary: India's National Security Adviser Ajit Doval will travel to Moscow this week to seek an end to the Russia-Ukraine war, central government sources said. This move is a continuation of Prime Minister Narendra Modi's visits to Russia and Ukraine in two months.
COMMENTS