With PV Anwar's open fight against ADGP Ajit Kumar and Chief Minister's Political Secretary P Shashik, it is clear that a new powerful faction is form
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരേ പി വി അന്‍വര്‍ തുറന്ന പോരിനിറങ്ങിയതോടെ വ്യക്തമാവുന്നത് സിപിഎമ്മില്‍ പുതിയ ശാക്തിക ചേരി രൂപം കൊള്ളുന്നുവെന്നതാണ്.
സിപിഎം അംഗമല്ല അന്‍വര്‍. അദ്ദേഹം പാര്‍ട്ടി പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മുന്‍നിറുത്തി മറ്റാരൊക്കെയോ പടപ്പുറപ്പാടിന് ഇറങ്ങിയിരിക്കുന്നു എന്നാണ് വെളിവാകുന്നത്.
മുഖ്യമന്ത്രി അച്ഛനു തുല്യനാണെന്നും അദ്ദേഹത്തെ രക്ഷിക്കാനാണ് താന്‍ ബലിയാടാകുന്നതെന്നുമാണ് അന്‍വര്‍ പറയുന്നത്. എന്നാല്‍, അന്‍വര്‍ നടത്തുന്ന ഓരോ ആരോപണവും ചെന്നുകൊള്ളുന്നതാകട്ടെ പിതൃതുല്യനാണ് പിണറായി വിജയനും.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് എം ആര്‍ അജിത് കുമാര്‍. ആഭ്യന്തര വകുപ്പിന്റെ ചുമതലയാകട്ടെ മുഖ്യമന്ത്രിക്കും. ചട്ടപ്രകാരം ഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബാണ് പൊലീസിലെ ഉന്നതനെങ്കിലും ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപിക്കാണ് സ്റ്റാര്‍ പദവി. മുഖ്യമന്ത്രിയുടെ വിശ്വസ്തനാകേണ്ടയാളാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതല വഹിക്കുന്ന വ്യക്തി.
മുഖ്യമന്ത്രിക്ക് 24 വകുപ്പിന്റെ ചുമതലയുണ്ടെന്നും അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും നോക്കി നടത്താന്‍ സാദ്ധ്യമല്ലാത്തതിനാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിക്കും അജിത് കുമാറിനും ആഭ്യന്തരം പതിച്ചു കൊടുത്തിരിക്കുന്നുവെന്നുമാണ് അന്‍വര്‍ പറയാതെ പറയുന്നത്.
ഇതിലൂടെ പറയാതെ പറയപ്പെടുന്നത് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല, എല്ലാം ചെയ്യുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറിയും എഡിജിപിയുമാണെന്നാണ്. മുഖ്യമന്ത്രിയുടെ പിടിപ്പുകേടാണ് ഇതെന്നു പ്രതിപക്ഷം പറയുമ്പോള്‍ പ്രതിരോധിക്കാന്‍ സിപിഎമ്മിനു കഴിയുന്നുമില്ല.
ആഭ്യന്തരം കൈയാളുന്ന വ്യക്തികള്‍ രണ്ടുപേരും പിടിപ്പുകെട്ടവരും കുഴപ്പക്കാരുമാണെന്നാണ് പാര്‍ട്ടി പിന്തുണയുള്ള എംഎല്‍എ പരസ്യമായി വളിച്ചുപറഞ്ഞത്. മാത്രമല്ല, അജിത് കുമാര്‍ സ്വര്‍ണം കള്ളക്കടത്തു മുതല്‍ ആളെ കൊല്ലിക്കല്‍ വരെ ചെയ്യുന്നുവെന്നും അന്‍വര്‍ വിളിച്ചു പറഞ്ഞു.
ഗത്യന്തരമില്ലാതെ മുഖ്യമന്ത്രിക്ക് അജിത് കുമാറിനെതിരേ അന്വേഷണത്തിനു നിര്‍ദ്ദേശം കൊടുക്കേണ്ടിവന്നു. അദ്ദേഹത്തെ ആഭ്യന്തരത്തില്‍ നിന്നു മാറ്റുകയുമാണ്.
അവിടം കൊണ്ടും തീരുന്നില്ല കാര്യങ്ങള്‍. പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാറ്റണമെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ നിലപാടെടുത്തുവെന്നാണ് പുറത്തു വരുന്ന വിവരം. പൊളിറ്റിക്കല്‍ സെക്രട്ടറിയെ നിയോഗിച്ചത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആയതിനാല്‍ തനിക്ക് ഒറ്റയ്ക്കു മാറ്റാനാവില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
ചുരുക്കിപ്പറഞ്ഞാല്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. സി പി എമ്മില്‍ എപ്പോഴും പാര്‍ട്ടി സെക്രട്ടറിക്കാണ് അപ്രമാദിത്വം. പിണറായിയെ പാര്‍ട്ടി സെക്രട്ടറിയാക്കിയത് വിഎസ് അച്യുതാനന്ദനായിരുന്നു. പിന്നീട് വിഎസ് മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറി വരിഞ്ഞുമുറുക്കുന്നത് കേരളം കണ്ട കാഴ്ചയാണ്.
ആ ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണോ പുതിയ പടനീക്കത്തിലൂടെ വരുന്നതെന്നാണ് കേരളം കാതോര്‍ക്കുന്നത്. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരേ ഒറ്റയ്ക്കു പോരിനിറങ്ങാനുള്ള ത്രാണി അന്‍വറിനില്ല. അദ്ദേഹത്തെ ആരൊക്കെയോ പിന്തുണയ്ക്കുന്നുവെന്നു നൂറുശതമാനം ഉറപ്പാണ്. അവരൊന്നും തന്നെ മറനീക്കി പുറത്തു വരുന്നില്ലെന്നു മാത്രം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടു വര്‍ഷം തികച്ചില്ലെന്നതും ഇപ്പോള്‍ നടക്കുന്ന പടപ്പുറപ്പാടുമായി കൂട്ടിവായിക്കണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ട്രെന്റ് ആവര്‍ത്തിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി പരാജയപ്പെടാന്‍ സാദ്ധ്യത ഏറെയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് പാര്‍ട്ടിയോ സര്‍ക്കാരോ ഒരു രക്ഷാപ്രവര്‍ത്തനവും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതിനൊപ്പമാണ് ആരോപണങ്ങള്‍ ഒന്നൊന്നായി വന്നുവീഴുന്നതും.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി പരാജയപ്പെട്ടാല്‍ പിണറായി വിജയന്‍ എന്ന അതികായന്റെ രാഷ്ട്രീയ ജീവിതത്തിനും തിരശ്ശീല വീഴാം. അതു മുന്നില്‍ കണ്ടു കൂടിയാണ് പുതിയ ശാക്തിക ചേരി ഉദയം ചെയ്യുന്നതും.
COMMENTS