ദീപക് നമ്പ്യാർ കൊച്ചി: അവസരം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഡബ്ലിയു സി സി യെ ഒറ്റുകൊടുത്ത സ്ഥാപക അംഗമായ നടിക്കെതിരെ വ്യാപകമായ ചർച്ച. കൊച്ചിയിൽ...
ദീപക് നമ്പ്യാർ
കൊച്ചി: അവസരം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഡബ്ലിയു സി സി യെ ഒറ്റുകൊടുത്ത സ്ഥാപക അംഗമായ നടിക്കെതിരെ വ്യാപകമായ ചർച്ച.
കൊച്ചിയിൽ മറ്റൊരു നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം വഴിയിൽ ഇറക്കിവിട്ട സംഭവം വലിയ ചർച്ചാവിഷയമാക്കിയതിന് പിന്നിലെ പ്രധാന വ്യക്തിയായിരുന്നു ഈ നടി.
സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ കളക്ടീവ് സ്ഥാപിക്കുന്നതിനും ഈ നടിയാണ് മുന്നിട്ടിറങ്ങിയത്. പിന്നീട് ഇവർ ഈ കൂട്ടായ്മയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. അവസരങ്ങൾ നഷ്ടപ്പെടുമെന്ന ഭയം നിമിത്തമാണ് ഇവർ വനിത കൂട്ടായ്മയിൽ നിന്ന് പിൻവാങ്ങിയതെന്നും ശ്രുതിയുണ്ടായിരുന്നു.
ഹേമ കമ്മിറ്റിക്കു മുന്നിൽ നടി തെളിവ് സഹിതം മൊഴി കൊടുക്കും എന്നാണ് സഹപ്രവർത്തകർ കരുതിയിരുന്നത്. എന്നാൽ, കമ്മിറ്റിക്കു മുന്നിലെത്തിയപ്പോൾ ഈ നടി പാടെ നിലപാട് മാറ്റുകയായിരുന്നു.
സിനിമയിലെ പ്രമുഖർക്കെതിരെ തുറന്നുപറഞ്ഞാൽ തനിക്ക് അവസരം നഷ്ടപ്പെടുമെന്ന ഭയമായിരുന്നു ഈ നടിക്ക് എന്നാണ് സഹപ്രവർത്തകരും പറയുന്നത്. ഉറ്റ ചങ്ങാതിക്ക് ഉണ്ടായ ദുരനുഭവം പോലും മറന്നിട്ടു സിനിമയിൽ ഒരുവിധ പീഡനവും നടക്കുന്നില്ല എന്ന മൊഴിയാണ് ഈ നടി ഹേമ കമ്മിറ്റിക്കു നൽകിയത്.
കമ്മിറ്റി റിപ്പോർട്ടിൽ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ഈ നടിയുടെ മൊഴി വിശ്വസിക്കേണ്ടതില്ലെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കാൻ പൾസർ സുനിക്ക് കൊട്ടേഷൻ കിട്ടിയതെന്നാണ് പുറത്തുവന്ന വാർത്തകൾ. ഇതിൻറെ തുടർച്ചയായിട്ടായിരുന്നു പ്രമുഖ നടി സഹപ്രവർത്തകയ്ക്കുവേണ്ടി രംഗത്തുവന്നത്. അവർ എന്തടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റിക്കു മുന്നിൽ മൊഴി മാറ്റിയതെന്നസംശയം എല്ലാവർക്കുമുണ്ട്.
ഡബ്ല്യുസിസിയിൽ ശക്തമായ നിലപാടെടുത്ത ഏതാണ്ട് എല്ലാ നടിമാർക്കും പിന്നീട് സിനിമ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്. എന്നാൽ, ഈ നടിക്ക് മാത്രം പിന്നീടും അവസരങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല.
അഭിനയശേഷിയുടെ കാര്യത്തിൽ സഹപ്രവർത്തകരെക്കാൾ ഈ നടി ഒരു പടി മുന്നിലാണെന്നതും സത്യമാണ്.
സ്വന്തം താത്‌പര്യം സംരക്ഷിക്കാൻ വേണ്ടിയാണ് നടി കമ്മിറ്റിക്കു മുന്നിൽ സംസാരിച്ചതെന്നും അതിനാൽ അവരുടെ മൊഴി വിലക്കെടുക്കുന്നില്ലെന്നുമാണ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്.
51 പേരാണ് ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയത്. വർഷങ്ങൾക്ക് മുൻപ് നടന്ന അനുഭവങ്ങൾ പോലും തെളിവുകളുടെ പിൻബലം ഇല്ലാതെ പലരും പറഞ്ഞിരുന്നു. തെളിവുകൾ ഇല്ലാതിരുന്നിട്ടുകൂടി അവരുടെ വാക്കുകളിലെ സത്യസന്ധത മുഖവിലക്കെടുത്ത് കമ്മിറ്റി ഇതിനെ അംഗീകരിക്കുകയായിരുന്നു. ആ സ്ഥാനത്താണ് പ്രമുഖ നടിയുടെ മൊഴി വിലക്കെടുക്കേണ്ടെന്ന് കമ്മിറ്റി തീരുമാനിച്ചതും. ഇതുതന്നെ അവരുടെ സത്യസന്ധത ഇല്ലായ്മയ്ക്ക് ഏറ്റവും വലിയ തെളിവാണെന്ന് സഹപ്രവർത്തകർ പറയുന്നു.
Keywords: Malayalam cinema, Casting couch, actress, wcc, Justice Hema committee
COMMENTS