കൊച്ചി: മലയാള സിനിമ മേഖലയിലെ ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവരരുതെന്...
കൊച്ചി: മലയാള സിനിമ മേഖലയിലെ ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവരരുതെന്ന് താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് നടി രഞ്ജിനി. ഇതേസമയം, റിപ്പോർട്ട് വിശദമായി പഠിച്ചശേഷം പ്രതികരിക്കാമെന്ന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖ് പറഞ്ഞു.
റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ രഞ്ജിനി സമർപ്പിച്ച തടസ്സ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സർക്കാർ ഇന്ന് റിപ്പോർട്ട് പുറത്തുവിട്ടത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്ന് തന്നെയായിരുന്നു തൻറെ ആഗ്രഹമെന്നും എന്നാൽ മൊഴി കൊടുത്ത വ്യക്തി എന്ന നിലയിൽ തൻറെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടോ എന്നറിയാനാണ് തടസഹർജി നൽകിയതെന്നും രഞ്ജിനി പറഞ്ഞു.
സിനിമയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ട്രിബ്യൂണൽ രൂപീകരിക്കണമെന്നത് തൻറെ ആവശ്യമായിരുന്നു. ഇക്കാര്യം റിപ്പോർട്ടിൽ എടുത്തുപറയുന്നതിൽ സന്തോഷമുണ്ടെന്നും രഞ്ജിനി പ്രതികരിച്ചു.
സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയാണ് സ്ത്രീകൾ നേരിടുന്ന ചൂഷണത്തിനെതിരെ പോരാടിയത്. താനും ഡബ്ല്യുസിസിയുടെ ഭാഗമാണ്. അതിനാൽ റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷം മാത്രമേ ഉള്ളൂ, രഞ്ജിനി പറഞ്ഞു.
താര സംഘടന നയിക്കുന്ന ഒരു ഷോയുടെ റിഹേഴ്സലുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി എറണാകുളത്താണ്. അതിൻറെ തിരക്കുകളിൽ ആയതിനാൽ ഹോമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് വിശദമായി പഠിക്കാനായിട്ടില്ല. വളരെ സെൻസിറ്റീവായ വിഷയമാണിത്. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെ എന്തെങ്കിലും ഒരു വാക്ക് പറഞ്ഞാൽ പോലും അത് ചിലപ്പോൾ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് വളരെ ശ്രദ്ധിച്ചു മാത്രമേ മറുപടി പറയാൻ കഴിയൂ.
ആർക്കെതിരെയാണ് വിവേചനം, എന്തൊക്കെ വിവേചനങ്ങളാണ് ഉണ്ടായിട്ടുള്ളത് തുടങ്ങി ഒരുപാട് കാര്യങ്ങൾ അറിയേണ്ടതുണ്ട്. അതെല്ലാം മനസ്സിലാക്കിയിട്ട് മാത്രമേ പ്രതികരിക്കാൻ കഴിയൂ. മാത്രമല്ല, സിനിമാ മേഖലയിലെ മറ്റ് സംഘടനകളുമായും ഇക്കാര്യം ചർച്ച ചെയ്യേണ്ടതുണ്ടെന്നും സിദ്ദീഖ് പറഞ്ഞു.
Keywords: Malayalam cinema, Film industry, Amma, Justice Hema, wcc, casting couch
COMMENTS