ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ കലാപം അതിരുവിട്ടതോടെ, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് ഇന്ത്യയില്‍ വിമാനമിറങ്ങി. ഡല്‍ഹിയില്‍ നിന്ന് ഇവര്‍ ലണ്ടന...
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ കലാപം അതിരുവിട്ടതോടെ, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് ഇന്ത്യയില്‍ വിമാനമിറങ്ങി. ഡല്‍ഹിയില്‍ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് വിവരം. ഷെയ്ക് ഹസീനയ്ക്ക് ഇന്ത്യയില്‍ അഭയം നല്‍കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹിന്‍ഡണ്‍ എയര്‍ഫോഴ്‌സ് ബേസില്‍ വിമാനമിറങ്ങിയ ബംഗ്ലാദേശ് നേതാവ് ഷെയ്ഖ് ഹസീന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി.
ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. ഹസീനയെ മോദി കാണുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
ലണ്ടനിലേക്കുള്ള യാത്രയ്ക്കായി ഹസീനയുടെ വിമാനത്തില്‍ ഇന്ത്യയില്‍ നിന്നും ഇന്ധനം നിറച്ചുകൊണ്ടിരിക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഇന്ത്യയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ബംഗ്ലാദേശുമായുള്ള രാജ്യത്തിന്റെ 4,096 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രതയിലാണ്. ഫീല്‍ഡ് കമാന്‍ഡര്‍മാരോട് എന്തിനും തയ്യാറായിരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. മേഘാലയയില്‍ 12 മണിക്കൂര്‍ രാത്രികാല കര്‍ഫ്യൂ നിലവിലുണ്ട്.
ഇന്ത്യന്‍ റെയില്‍വേ ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിനുകളും നിര്‍ത്തി, എയര്‍ ഇന്ത്യ ഢാക്കയിലേക്കുള്ള രണ്ട് പ്രതിദിന വിമാനങ്ങള്‍ റദ്ദാക്കി. ഇന്‍ഡിഗോ എല്ലാ വിമാനങ്ങളും അടുത്ത 30 മണിക്കൂറിലേക്ക് നിര്‍ത്തിവച്ചു.
COMMENTS