ന്യൂഡല്‍ഹി: യോഗാ ഗുരു ബാബ രാംദേവ് പുതിയ നിയമക്കുരുക്കില്‍. 'വെജിറ്റേറിയന്‍' എന്ന പേരില്‍ വില്‍പന നടത്തുന്ന പതഞ്ജലി ബ്രാന്‍ഡിന്റെ ഹെര...
ന്യൂഡല്‍ഹി: യോഗാ ഗുരു ബാബ രാംദേവ് പുതിയ നിയമക്കുരുക്കില്‍. 'വെജിറ്റേറിയന്‍' എന്ന പേരില്‍ വില്‍പന നടത്തുന്ന പതഞ്ജലി ബ്രാന്‍ഡിന്റെ ഹെര്‍ബല്‍ ടൂത്ത് പൗഡറായ 'ദിവ്യ മഞ്ജനില്‍' സസ്യേതര ചേരുവകള്‍ അടങ്ങിയയെന്ന് ആരോപിച്ച് പതഞ്ജലി ആയുര്‍വേദിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി.
വെജിറ്റേറിയനും സസ്യാധിഷ്ഠിതവുമായ ആയുര്‍വേദ ഉല്‍പന്നമായി വിറ്റിരുന്നതിനാല്‍ 'ദിവ്യ മഞ്ജന്‍' വളരെക്കാലമായി ഉപയോഗിച്ചിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. മത്സ്യത്തിന്റെ സത്തില്‍ നിന്നുള്ള സമുദ്രഫെന്‍ (സെപിയ അഫിസിനാലിസ്) ഉല്‍പ്പന്നത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് അടുത്തിടെ നടത്തിയ ഗവേഷണങ്ങള്‍ വ്യക്തമാക്കിയിരുന്നു.
പതഞ്ജലിയുടെ ദിവ്യ മഞ്ജന്റെ പാക്കറ്റില്‍ പച്ച ഡോട്ട് ഉണ്ടെന്നും സസ്യാഹാര ഉല്‍പ്പന്നങ്ങളെ സൂചിപ്പിക്കുന്ന ചിഹ്നമാണിതെന്നും അഭിഭാഷകനായ യതിന്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതിയെ അറിയിച്ചു. ഇത് തെറ്റായ ബ്രാന്‍ഡിംഗ് ആണെന്നും ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമത്തിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. ഈ കണ്ടെത്തല്‍ തനിക്കും കുടുംബത്തിനും കാര്യമായ വിഷമമുണ്ടാക്കുന്നതാണെന്നും തങ്ങളുടെ മതവിശ്വാസങ്ങള്‍ സസ്യേതര ചേരുവകള്‍ കഴിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്നും ശര്‍മ്മ പറഞ്ഞു. ഹര്‍ജിയെ തുടര്‍ന്ന് കോടതി പതഞ്ജലിക്ക് നോട്ടീസ് അയച്ചു.
ഡല്‍ഹി പൊലീസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ), സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, ആയുഷ് മന്ത്രാലയം എന്നിവയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
ഹര്‍ജി പരിഗണിച്ചതിന് പിന്നാലെ പതഞ്ജലി ആയുര്‍വേദ, ബാബാ രാംദേവ്, കേന്ദ്ര സര്‍ക്കാര്‍, പതഞ്ജലിയുടെ ദിവ്യ ഫാര്‍മസി എന്നിവയ്ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. അടുത്ത ഹിയറിങ് നവംബര്‍ 28നാണ്.
COMMENTS