കൊച്ചി: മലയാള സിനിമാ മേഖലയിലുള്ളത് അടിമുടി സ്ത്രീ വിരുദ്ധതയെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മലയാള സിനിമാ മേഖലയുമായി ബന്ധപ...
കൊച്ചി: മലയാള സിനിമാ മേഖലയിലുള്ളത് അടിമുടി സ്ത്രീ വിരുദ്ധതയെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. മേഖലയില്‍ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേര്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍മ്മാതാക്കളും സംവിധായകരും നിര്‍ബന്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സഹകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളത്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സിനിമാ രംഗത്ത് നിശബ്ദരാക്കപ്പെട്ടുവെന്നാണ് മറ്റൊരു വിമര്‍ശനം.
മൊഴി നല്‍കാന്‍ സാക്ഷികള്‍ തയ്യാറായത് ഭയത്തോടെയാണ്. അതിക്രമം കാട്ടിയ പലരും ഉന്നതര്‍. സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പോലീസിനെ പരാതിയുമായി സമീപിക്കാന്‍ കഴിയാത്ത നിലയാണ്. അങ്ങനെ പരാതി നല്‍കിയാല്‍ പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ് ഉണ്ടാവുന്നത്. സോഷ്യല്‍ മീഡിയ ആക്രമണവും പരാതി നല്‍കാതിരിക്കാന്‍ കാരണമാണ്. സ്ത്രീകളെ അശ്ലീല ഭാഷയിലൂടെസൈബര്‍ ആക്രമണത്തിന് വിധേയരാക്കുന്നുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
മലയാള സിനിമ ചിലരുടെ കൈകളിലാണെന്നും ആഭ്യന്തര പരാതി പരിഹാര സമിതികളെ ഈ താരങ്ങള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും സ്ത്രീകള്‍ എന്തിനും വഴങ്ങുമെന്ന പൊതു കാഴ്ചപ്പാട് സിനിമാ രംഗത്തുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
നടിമാര്‍ പണം ഉണ്ടാക്കാന്‍ വരുന്നവര്‍ ആണെന്നും ആരുടെ കൂടെയും കിടക്ക പങ്കിടുമെന്ന പൊതുബോധവും നിലവിലുണ്ട്. അഭിനയത്തോട് അഭിനിവേശമുള്ള പലരും അതിക്രമങ്ങള്‍ നിശബ്ദമായി സഹിച്ചു.
അതിക്രമം നേരിട്ട ഒരു നടിയുടെ അനുഭവം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതിക്രമം നടത്തിയ ആളിനൊപ്പം തന്നെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കണ്ടി വന്നുവെന്നും അയാളുടെ മുഖം കാണുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം അവര്‍ക്ക് 17 റീടേക്ക് പോകേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ സംവിധായകന്‍ ശകാരിച്ചുവെന്നും മൊഴിയില്‍ പറയുന്നു.
സ്ത്രീകള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. പരാതിപ്പെട്ടാല്‍ താന്‍ മാത്രം അല്ല, കുടുംബത്തിലെ അടുത്ത അംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഒരാള്‍ മൊഴി നല്‍കി.
കാരവന്‍ സൗകര്യങ്ങള്‍ നായകനും നായികയ്ക്കും മാത്രമാണ്. ഐസിസി അംഗമായവര്‍ വിധേയപ്പെട്ടില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കും. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ പോലും പേടിച്ചു. നടിമാരുടെ മുറിയുടെ വാതിലില്‍ മുട്ടുന്നത് പതിവാണെന്നാണ് മറ്റൊരു വിമര്‍ശനം.
ഷൂട്ടിങ് സെറ്റുകളില്‍ കുടുംബത്തില്‍ ഉള്ളവരെ ഒപ്പം കൊണ്ട് പോകേണ്ട അവസ്ഥയാണ്. മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സെറ്റില്‍ സ്ത്രീകള്‍ വെള്ളം കുടിക്കാതെ നില്‍ക്കുന്നു. പല സ്ത്രീകള്‍ക്കും യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.
സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്വതന്ത്ര സംവിധാനം വേണം. അതിന് സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണ്. സ്വതന്ത്ര സംവിധാനം സര്‍ക്കാര്‍ നേരിട്ട് രൂപീകരിക്കണമെന്നും നിയമപരമായിരിക്കണം ആ പരാതി പരിഹാര സംവിധാനമെന്നും ഹേമ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Key Words: Malayalam Cinema Industry, Sexual Exploitation, Hema Committee Report
COMMENTS