തിരുവനന്തപുരം: ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം വച്ച് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച തിരുനെൽവേലി സ്വദേശി യുവാവിനെ തട്ടിക്കൊണ്ട...
തിരുവനന്തപുരം: ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം വച്ച് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച തിരുനെൽവേലി സ്വദേശി യുവാവിനെ തട്ടിക്കൊണ്ടുപോയത് സ്വർണ്ണം പൊട്ടിക്കൽ സംഘമാണെന്ന് പോലീസിന് വിവരം ലഭിച്ചു.
വലിയതുറ കേന്ദ്രീകരിച്ചുള്ള സംഘമാണ് തിരുനൽവേലി സ്വദേശി ഉമറിനെ തട്ടിക്കൊണ്ടു പോയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി പോകുന്നതിനിടയിലാണ് കാറിൽ വന്ന അഞ്ചംഗസംഘം ഉമറിനെ തട്ടിക്കൊണ്ടുപോയത്.
വിമാനത്താവളത്തിൽ നിന്ന് തമ്പാനൂർ ബസ്റ്റാൻഡിലേക്ക് പോകാനാണ് ഉമർ ഓട്ടോറിക്ഷയിൽ കയറിയത്. പിന്നാലെ കാറിൽ എത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞ് ഉമറിനെ പിടിച്ചിറക്കി കൊണ്ടു പോവുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവർവഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടു പോകൽ സംഘം ഉപയോഗിച്ച കാർ വലിയതുറയ്ക്ക് സമീപം കണ്ടെത്തിയിരുന്നു. ഈ കാർ നെടുമങ്ങാട് സ്വദേശിയിൽനിന്ന് റെന്റ് എ കാർ വ്യവസ്ഥയിൽ എടുത്ത് പല കൈമറിഞ്ഞതാണ് സ്വർണ്ണം പൊട്ടിക്കൽ സംഘത്തിൻറെ കയ്യിൽ എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഘാംഗങ്ങളെ പിടികൂടാനായിട്ടില്ല. സിംഗപ്പൂരിൽ നിന്ന് വന്ന വ്യക്തിയുടെ കൈവശമുണ്ടായിരുന്ന സ്വർണം വാങ്ങാനായി നിയോഗിക്കപ്പെട്ട ആളായിരുന്നു ഉമർ എന്നാണ് പൊലീസ് കരുതുന്നത്.
എന്നാൽ സിംഗപൂരിൽ നിന്ന് എത്തിയ വ്യക്തിയെ വിമാനത്താവളത്തിനകത്ത് കസ്റ്റംസ് തടഞ്ഞു. ഇയാൾ പിന്നീട് നികുതിയടച്ച് സ്വർണ്ണവുമായി പുറത്തെത്തി. പക്ഷേ സ്വർണം ഉമറിന് കൈമാറാൻ ഇയാൾ തയ്യാറായില്ല.
തുടർന്നാണ് ഉമർ മടങ്ങിയത് . ഉമറിന്റെ കൈവശം സ്വർണ്ണം ഉണ്ടെന്ന നിഗമനത്തിലാണ് പൊട്ടിക്കൽ സംഘം പിന്തുടർന്ന് ഇയാളെ തട്ടിക്കൊണ്ടുപോയത്.
എന്നാൽ ഉമറിന്റെ കൈവശം സ്വർണം ഇല്ലെന്നറിഞ്ഞ് ഇയാളെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു സംഘം ഉമറിനെ മാരകമായി മർദ്ദിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ തട്ടിക്കൊണ്ടുപോയ സംഘാംഗങ്ങൾ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നു. ഇവർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
COMMENTS