കൊൽക്കത്ത: കൊൽക്കത്തയിൽ ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ ആശുപത്രിയിലെ പൊലീസ് സിവിക്...
കൊൽക്കത്ത: കൊൽക്കത്തയിൽ ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ ആശുപത്രിയിലെ പൊലീസ് സിവിക് വോളണ്ടിയർ പിടിയിൽ. മൊബൈൽ ഫോൺ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സഞ്ജയ് റോയ് എന്നയാളെ പിടികൂടിയത്. ഇയാളെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച വെളുപ്പിനാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ രണ്ടാം വർഷ പിജി വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഈ സംഭവം രാജ്യമാകെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആശുപത്രിയിലെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിലുമായിരുന്നു.
സഞ്ജയ് റോയിയുടെ മൊബൈൽ ഫോൺ ബ്ലൂടൂത്ത് ഹെഡ്സെറ്റ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതാണ് തെളിവായത്. സംശയമുള്ള ആശുപത്രി ജീവനക്കാരെയും ഡോക്ടർമാരെയും എല്ലാം പൊലീസ് ചോദ്യം ചെയ്യലിന് വിളിച്ചിരുന്നു. ഒപ്പം സഞ്ജയ് റോയിയെയും കൂട്ടി. എല്ലാവരുടെയും ഫോണിൽ ബ്ലൂടൂത്ത് ഹെഡ് സെറ്റ് കണക്ട് ചെയ്യാൻ ശ്രമിച്ചു. സഞ്ജയ് റോയിയുടെ ഫോണിൽ ഹെഡ്സെറ്റ് ഓട്ടോമാറ്റിക്കായി കണക്ടായി. ഇതോടെയാണ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.
പരിശോധനയിൽ സഞ്ജീവ് റോയിയുടെ ഫോണിൻറെ സ്ഥാനം പെൺകുട്ടിയുടെ മൃതദേഹം കിടന്നതിന് തൊട്ടടുത്ത തന്നെ ആയിരുന്നുവെന്ന് വ്യക്തമായി. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അടിയന്തര ഘട്ടങ്ങളിൽ പൊലീസിനെ സഹായിക്കുന്നതിനാണ് സിവിൽ വോളണ്ടിയർമാരെ നിയോഗിച്ചിട്ടുള്ളത്. സഞ്ജയ് റോയ് കാര്യമായി പൊലീസുമായി സഹകരിച്ച് പ്രവർത്തിക്കാറില്ല. ആർ ജി കാർ ആശുപത്രിയിലാണ് ഇയാൾ കൂടുതലും കാണാറുള്ളത്. പൊലീസിൽനിന്ന് കിട്ടിയ ഐഡന്റിറ്റി കാർഡിന്റെ ബലത്തിൽ ആശുപത്രിയിൽ പ്രവേശിക്കുകയും രോഗികൾക്ക് സഹായം നൽകാമെന്ന് പറഞ്ഞ് പണം തട്ടുകയുമാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
കൃത്യം നടന്ന ദിവസം രാത്രി 11മണിക്ക് ഇയാൾ ആശുപത്രിയിലെത്തിയിരുന്നു. തുടർന്ന് പുറത്തുപോയി മദ്യപിച്ച ശേഷം വെളുപ്പിന് മൂന്നരയോടെ വീണ്ടും തിരിച്ചെത്തി. സെമിനാർ ഹാളിന് അടുത്തേക്ക് ഇയാൾ വരുന്നത് പല സിസി ടിവികളിലും വ്യക്തമാണ്.
പെൺകുട്ടി കിടന്നിരുന്ന സെമിനാർ ഹാളിൽ ഇയാൾ അരമണിക്കൂറോളം ഉണ്ടായിരുന്നതായും മൊബൈൽ ഫോൺ സാന്നിധ്യം വ്യക്തമാക്കുന്നു.
ആർജി കാർ ആശുപത്രിയിൽ പിജി വിദ്യാർത്ഥികൾക്ക് വിശ്രമമുറി ഇല്ല. വിദ്യാർഥിനികൾ സെമിനാർ ഹാളിൽ വിശ്രമിക്കുകയാണ് പതിവ്.
സംഭവം നടന്ന ദിവസം പുറത്തുനിന്ന് ഓർഡർ ചെയ്തു വരുത്തിയ ഭക്ഷണം രാത്രി 12:30 യോടെ വിദ്യാർഥിനിയും കൂട്ടുകാരും കൂടി സെമിനാർ ഹാളിലിരുന്നു കഴിച്ചു. തുടർന്ന് ഒളിമ്പിക്സിൽ നീരജ് ചോപ്രയുടെ പ്രകടനം കണ്ടു. തുടർന്ന് കൂട്ടുകാർ ഡ്യൂട്ടിക്കായി പോവുകയും പെൺകുട്ടി ഹാളിൽ തന്നെ വിശ്രമിക്കുകയുമായിരുന്നു.
ഈ സമയത്താണ് പ്രതി ഇവിടെ എത്തിയതും കൃത്യം നടത്തിയതും.
പ്രതിക്ക് വധശിക്ഷ ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.
പ്രതിയെ പിടികൂടിയെങ്കിലും സുരക്ഷിതമായ പ്രവർത്തന സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളിൽ മെഡിക്കൽ പിജി വിദ്യാർത്ഥികൾ വൻ സമരത്തിലാണ്.
Keywords Kolkata West Bengal medical PG student murder Mamata Banerjee doctor
COMMENTS