ദീപക് നമ്പ്യാർ കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ സമാശ്വാസിക്കുന്നത് സിനിമയിലെ നിരവധി ഉന്നതർ. ഇലക്കും മുള്ളിനും...
ദീപക് നമ്പ്യാർ
കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ സമാശ്വാസിക്കുന്നത് സിനിമയിലെ നിരവധി ഉന്നതർ.
ഇലക്കും മുള്ളിനും കേടില്ലാത്ത വിധമാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
മൊഴി കൊടുത്തവരുടെ സ്വകാര്യത ഹനിക്കപ്പെടും എന്ന കാരണം പറഞ്ഞാണ് റിപ്പോർട്ടിലെ പല ഭാഗങ്ങളും ഒഴിവാക്കപ്പെട്ടത്.
ഇത് ഫലത്തിൽ സിനിമയിലെ പല പ്രമുഖർക്കും ആശ്വാസമായിരിക്കുകയാണ്. വൻമരങ്ങളിൽ പലരുടെയും പേരുകൾ റിപ്പോർട്ടിൽ ഉണ്ടെന്ന് നേരത്തെ തന്നെ ശ്രുതി പരന്നിരുന്നു. എന്നാൽ, അതെല്ലാം മൂടിവച്ചുകൊണ്ടുള്ള ബാക്കി ഭാഗങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഭാഗങ്ങളിൽ ഞെട്ടാൻ ഒന്നുമില്ലെന്നും വർഷങ്ങളായി തങ്ങൾ കാണുകയും അറിയുകയും ചെയ്യുന്ന കാര്യങ്ങൾ മാത്രമേ അതിലുള്ളൂ എന്നും നടിയും സംവിധായികയുമായ രേവതി പ്രതികരിച്ചു.
ഈ പ്രതികരണം തന്നെയാണ് സിനിമയിലെ സ്ത്രീ പക്ഷക്കാരായ മിക്കവർക്കും ഉള്ളത്. ഒരുപാട് പേരെ സുരക്ഷിതരാക്കി നി്റുത്തിക്കൊണ്ട് റിപ്പോർട്ട് പുറത്തുവരുമ്പോൾ കാര്യമായ ചർച്ചയോ നടപടികളോ ഉണ്ടാകാൻ പോകുന്നില്ല.
സിനിമയിൽ പ്രമുഖരുടെ ഒരു 15 അംഗ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.. സ്വാഭാവികമായും ഈ മാഫിയയിലെ അംഗങ്ങൾ ആരെന്ന് അറിയാനുള്ള അവകാശം ജനത്തിനുമുണ്ട്. ജനങ്ങളുടെ നികുതിപ്പണം കൊടുത്താണ് കമ്മിറ്റിയെ വച്ചതും അതിൻറെ റിപ്പോർട്ട് തയ്യാറാക്കിയതും. അപ്പോൾ സ്വാഭാവികമായും റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്.
പക്ഷേ, സ്വകാര്യത എന്ന ഒറ്റ കാരണം കൊണ്ട് അതെല്ലാം മൂടിവയ്ക്കപ്പെടുകയാണ്.
റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങൾ വരുന്ന ഭാഗങ്ങൾ ഒളിപ്പിച്ചുവച്ചതിലൂടെ ക്രിമിനൽ നടപടികൾ ചെയ്തവരുടെ പ്രവൃത്തികൾ ഒളിപ്പിക്കപ്പെടുകയാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ എന്തെങ്കിലും നടപടി ഉണ്ടാകുമോയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുമില്ല.
കാസ്റ്റിംഗ് കൗച്ച് ഉൾപ്പെടെ ഞെട്ടിക്കുന്ന ഒരുപാട് കാര്യങ്ങൾ റിപ്പോർട്ട് അക്കമിട്ട് നിരത്തുന്നുണ്ട്. എന്നാൽ, ഇതിലെ പ്രതികൾ ആരെന്നുള്ള കാര്യം മൂടി വെക്കുകയാണ്.
രാത്രികാലങ്ങളിൽ നടികളുടെ മുറിയിൽ ചെന്ന് കതകിൽ തട്ടുന്ന നടന്മാരെ കുറിച്ചും പ്രതികരിക്കുന്ന നടിമാർക്ക് ഉദ്ധരിച്ച ലൈംഗിക അവയവത്തിന്റെ ചിത്രം അയച്ചുകൊടുക്കുന്ന നടന്മാരെ കുറിച്ചുമെല്ലാം പരാമർശമുണ്ട്. ഇത്തരക്കാർ ആരാണെന്നുള്ള കാര്യം ഒളിച്ചു വെക്കുമ്പോൾ സിനിമയിലെ മാന്യന്മാരായ വ്യക്തികൾ കൂടി സംശയത്തിന്റെ പുകമറയിൽ ആവുകയുമാണ്.
സിനിമയിൽ വളരെ മാന്യന്മാരും സ്ത്രീ സഹപ്രവർത്തകരോട് കരുതലോടെ പെരുമാറുകയും ചെയ്യുന്ന സംവിധായകരും സാങ്കേതിക പ്രവർത്തകരും നടന്മാരും ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നുണ്ട്. എന്നാൽ, ക്രിമിനലുകളുടെ പേരു വിവരങ്ങൾ പുറത്തുവരാത്ത കാലത്തോളം എല്ലാ സിനിമാ പ്രവർത്തകരും സംശയത്തിന്റെ നിഴലിൽ ആകുന്ന അവസ്ഥയുമാണ്.
സിനിമയിലെ മയക്കുമരുന്ന് ഉപയോഗവും ലൈംഗിക ചൂഷണവും കമ്മിറ്റി റിപ്പോർട്ട് വ്യക്തമായി പറയുമ്പോഴും ക്രിമിനൽ സ്വഭാവമുള്ള വ്യക്തികളെക്കുറിച്ചും അവരുടെ നടപടികളെക്കുറിച്ചും അക്കമിട്ട് നേരത്തുമ്പോഴും അതിനുമേൽ എന്ത് നടപടി ഉണ്ടാകുമെന്ന് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പരിണിത പ്രജ്ഞയായ ഒരു ന്യായാധിപയുടെ അധ്യക്ഷതയിൽ തെളിവെടുത്ത് സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലെ വിവരങ്ങളെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനുമുള്ള ബാധ്യതയും സർക്കാരുണ്ട്.
Keywords Malayalam cinema, Casting couch, Amma, Film industry
COMMENTS