Confusion and division in the government as the high court directs it to produce the full report of the Justice Hema committee
ദീപക് നമ്പ്യാര്‍
കൊച്ചി: മലയാള സിനിമയിലെ കൊള്ളരുതായ്മകള്‍ തുറന്നുകാട്ടുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും പീഡനവീരന്മാരായ സനിമാക്കാര്‍ക്കും ഊരാക്കുടുക്കായി മാറുന്നു.
നാലര വര്‍ഷത്തോളം റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത ആശയക്കുഴപ്പത്തിലാണ്. ഇതിനിടെയാണ് മുദ്രവച്ച കവറില്‍ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
റിപ്പോര്‍ട്ടില്‍ പുറത്തുവിടാതെ വച്ചിരിക്കുന്ന ഭാഗത്തുള്ള ഉന്നതന്മാര്‍ അങ്കലാപ്പിലായിട്ടുണ്ട്. ലൈംഗിക പീഡനത്തെക്കുറിച്ച് ഇരകള്‍ തന്നെ ഒരു ഹൈക്കോടതി ജഡ്ജിക്കു മുന്നില്‍ തുറന്നു പറഞ്ഞിരിക്കെ, നടപടിയെടുക്കാതിരിക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഒരു സ്ത്രീയെ ഏതാനും സെക്കന്‍ഡുകള്‍ ദുരുദ്ദേശ്യത്തോടെ നോക്കിയാല്‍ പോലും കേസെടുക്കാന്‍ വകുപ്പുകളുള്ള രാജ്യത്ത് ഇരകള്‍ നല്കിയ മൊഴി അടങ്ങിയ റിപ്പോര്‍ട്ട് നാലര വര്‍ഷം പൊടിപിടിച്ചു കിടന്നുവെന്നതും കടുത്ത നീതിനിഷേധമാണ്.
ആരെങ്കിലും പരാതി തന്നാല്‍ നടപടി സ്വീകരിക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ സ്വീകരിച്ചിരുന്നത്.
എന്നാല്‍, ഇതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി പരാതി ലഭിക്കാതെ തന്നെ നടപടിയെടുക്കാന്‍ കഴിയുമെന്ന് ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് കടകവിരുദ്ധമാണ് ധനമന്ത്രിയുടെ നിലപാട്.
സിനിമാ മന്ത്രി സജി ചെറിയാനും പരാതി വന്നാല്‍ നടപടിയെടുക്കാം എന്ന നിലപാടിലാണ്. ഇതിനിടെയാണ് ബാലഗോപാല്‍ വെടി പൊട്ടിച്ചിരിക്കുന്നത്. പരാതി നല്‍കുക എന്നത് സാങ്കേതികം മാത്രമാണെന്നും പരിഷ്‌കരിച്ച നിയമങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു.
ഇതോടെയാണ് സര്‍ക്കാരിലെ ആശയക്കുഴപ്പം മറനീക്കി പുറത്തുവന്നിരിക്കുന്നത്. കേസെടുക്കാന്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നില്ല എന്നും അതിനാല്‍ സര്‍ക്കാരിന് പരിമിതി ഉണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
പരാതി വന്നാല്‍ ഏതു കൊമ്പനായാലും ഈ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട് കൈപ്പറ്റിയ അന്നത്തെ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പറയുന്നത്.
പായിച്ചിറ നവാസ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഇന്ന് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനും പ്രതികള്‍ക്കും ഒരുപോലെ കൊള്ളുന്നതാണ്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു ജുഡിഷ്യല്‍ കമ്മിഷന്‍ സമര്‍പ്പിച്ചതല്ല എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തത്. എന്നാല്‍, ഗുരുതര സ്വഭാവമുള്ള മൊഴികള്‍ ഉണ്ടെങ്കില്‍ പ്രതിസ്ഥാനത്തുള്ളവര്‍ക്ക് ശിക്ഷ ഉറപ്പാക്കേണ്ടേ എന്ന് ചോദ്യത്തിന് സര്‍ക്കാരിന് ഉത്തരമില്ലായിരുന്നു.
പോക്‌സോ കേസുകള്‍ ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കാം എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയോട് പറഞ്ഞത്. പോക്‌സോ പരിധിയില്‍ വരുന്ന പീഡനങ്ങളും സിനിമാ മേഖലയില്‍ നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഫലത്തില്‍ മുദ്രവച്ച റിപ്പോര്‍ട്ടിന്മേല്‍ കോടതി ഇനി എന്ത് നടപടി സ്വീകരിക്കും എന്നത് സുപ്രധാനമായി മാറുകയാണ്. സെപ്റ്റംബര്‍ 10നാണ് കോടതി ഇനി ഈ കേസില്‍ വാദം കേള്‍ക്കുന്നത്.
Summary: Confusion and division in the government as the high court directs it to produce the full report of the Justice Hema committee, writes Deepak Nambiar. The Justice Hema Committee report, which exposes the malpractices in Malayalam cinema, is becoming a imbroglio for the state government and the actors who became villains.
Keywords: Malayalam cinema, Film industry, Amma, Kerala High court, KN balagopal, AK Balan, pinarayi Vijayan
COMMENTS