കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖാ മിത്ര ലൈംഗിക പീഡനത്തിന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ഇതോടെ രഞ്ജിത്തിന...
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖാ മിത്ര ലൈംഗിക പീഡനത്തിന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.
ഇതോടെ രഞ്ജിത്തിനെതിരെ നിയമപരമായ അന്വേഷണത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.
2009 ലാണ് സംഭവം നടന്നതായി പറയുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന സിനിമയുടെ പ്രവർത്തനങ്ങൾക്കായാണ് തന്നെ ബംഗാളിൽ നിന്ന് വിളിച്ചുവരുത്തിയത്.
കഥ ചർച്ച ചെയ്യുന്നതിനായി കടവന്ത്രയിലുള്ള രാജ്യത്തിൻറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. അവിടെവച്ച് രഞ്ജിത്ത് ശരീരത്തിൽ സ്പർശിക്കുകയും മോശമായ ഉദ്ദേശ്യത്തോടെ സമീപിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
രഞ്ജിത്ത് സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. ഇതിന് ശക്തമായ നടപടി വേണമെന്നും പരാതിയിൽ പറയുന്നു.
ഡോക്യുമെൻററി സംവിധായകൻ ജോഷി ജോസഫാണ് തന്നെ രഞ്ജിത്തിന്റെ പിടിയിൽനിന്ന് രക്ഷിച്ചതും തിരികെ കൽക്കട്ടയ്ക്ക് പോകാൻ ടിക്കറ്റ് എടുത്തു നൽകിയതും എന്ന് പരാതിയിൽ പറയുന്നുണ്ട്.
ശ്രീലേഖാ മിത്ര ഉന്നയിച്ച ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്.
ബംഗാളിൽ സിപിഎം വേദികളിൽ സ്ഥിരം സാന്നിധ്യമാണ് ശ്രീലേഖാ മിത്ര. അതുകൊണ്ടുതന്നെ കേസ് വളരെ ഗൗരവത്തിലെടുക്കണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാരണത്തിലാണ് സിപിഎമ്മിന് വേണ്ടപ്പെട്ട ആൾ ആണെങ്കിലും, മന്ത്രി സജി ചെറിയാൻ ആദ്യം സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും, പിന്നീട് രഞ്ജിത്തിനെ പാർട്ടി കയ്യൊഴിഞ്ഞത്.
എന്നാൽ, ശ്രീലേഖാ മിത്ര പറയുന്നത് കളവാണെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് അവർ തന്നെ ഇര ആക്കിയിരിക്കുകയാണ് എന്നാണ് രഞ്ജിത്തിന്റെ നിലപാട്.
COMMENTS