Actress Ranjini approached the Kerala High Court against the much-hyped Justice Hema Commission report to be released on Saturday. The Justice Hema C
സ്വന്തം ലേഖകന്‍
കൊച്ചി: ഏറെ ഒച്ചപ്പാടുണ്ടാക്കിയ ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവിടാനിരിക്കെ ഇതിനെതിരേ മുന്‍കാല നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു.
താന്‍ കമ്മിഷന് മൊഴി നല്കിയിട്ടുണ്ടെന്നും തന്റെ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്നു ജസ്റ്റിസ് ഹേമ ഉറപ്പു തന്നിട്ടുള്ളതാണെന്നും റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു മുന്‍പ് തനിക്ക് പകര്‍പ്പു തന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രഞ്ജിനി എന്ന സാഷ സെല്‍വരാജ് കോടതിയെ സമീപിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടു പുറത്തുവരുമ്പോള്‍ തന്റെ സ്വകാര്യത ഹനിക്കപ്പെടുമെന്നു ഭയക്കുന്നതായും രഞ്ജിനി പറയുന്നു.
റിപ്പോര്‍ട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള സിംഗിള്‍ ബെഞ്ച് വിധിക്കെതിരേയാണ് രഞ്ജിനി അപ്പീല്‍ സമര്‍പ്പിച്ചത്. അപ്പീല്‍ നിലനില്ക്കുമോ എന്നു തിങ്കളാഴ്ച മാത്രമേ കോടതി പരിഗണിക്കുകയുള്ളൂ. ഇതിനാല്‍, സര്‍ക്കാര്‍ നാളെ റിപ്പോര്‍ട്ട് പുറത്തുവിടുമോ എന്ന് ഉറപ്പില്ല.
താന്‍ ഉള്‍പ്പെടെ നിരവധി പേര്‍ ജസ്റ്റിസ് ഹേമ കമ്മിഷനു മൊഴി കൊടുത്തിട്ടുണ്ട്. അപ്പോള്‍ സ്വാഭാവികമായും റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു മുന്‍പ് അതിന്റെ പകര്‍പ്പ് കിട്ടേണ്ടതുണ്ട്. റിപ്പോര്‍ട്ടില്‍ എന്താണുള്ളത് എന്നറിയാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും രഞ്ജിന് അപ്പീലില്‍ പറയുന്നു.
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന നീതി നിഷേധവും തൊഴില്‍ പ്രശ്‌നങ്ങളും പഠിക്കുന്നതിനാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ 2017 ല്‍ സര്‍ക്കാര്‍ നിയോഗിച്ചത്. കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതു പുറത്തു വിടാതെ സര്‍ക്കാര്‍ പിടിച്ചുവച്ചിരിക്കുകയാണ്.
മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തീരുമാനിച്ചുവെങ്കിലും നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ ഹൈക്കോടതിയെ സമീപിച്ച് ഇത് തടയുകയായിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം ഹൈക്കോടതി തന്നെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അനുമതി നല്‍കിയിരുന്നു.
ഈപശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നത്.
Summary: Actress Ranjini approached the Kerala High Court against the much-hyped Justice Hema Commission report to be released on Saturday. The Justice Hema Committee was appointed by the government in 2017 to study the denial of justice and employment issues faced by women in the film industry. Even after years of submission of the committee report, the government has not released it.
COMMENTS