ലക്നൗ : ഉത്തർ പ്രദേശിലെ ഹഥ്റസിൽ മത പ്രഭാഷകനായ ഭോലെ ബാബയുടെ സത് സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ സംഖ്യ 120 കടന്നുവെന്ന് ...
ലക്നൗ : ഉത്തർ പ്രദേശിലെ ഹഥ്റസിൽ മത പ്രഭാഷകനായ ഭോലെ ബാബയുടെ സത് സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ സംഖ്യ 120 കടന്നുവെന്ന് റിപ്പോർട്ടുകൾ.
സംസ്ഥാനത്ത് അത്യുഷ്ണം തുടരുന്നതിനിടെ ഇടുങ്ങിയ കൂടാരത്തിൽ കൂടുതൽ പേർ തടിച്ചു കൂടിയിരുന്നു.
ബസ്സിലും ടെമ്പോ യിലുമൊക്കെയാണ് മൃതദേഹങ്ങൾ സ്ഥലത്തെ കമ്മ്യൂണിറ്റി ഹെൽത് സെൻ്ററിൽ എത്തിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത തല സമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
ഇതേ സമയം, ചടങ്ങ് കഴിഞ്ഞ് ബാബയുടെ വാഹനം കടന്നുപോകാനായി ജനങ്ങളെ തള്ളി മാറ്റിയതാണ് അപകടത്തിനു കാരണമെന്ന് ചില ദൃക്സാക്ഷികൾ പറഞ്ഞു.
മരിച്ചവരിൽ അധികവും സ്ത്രീകളാണ്. കുട്ടികളും മരിച്ചു.
ഹഥ് റാസിലെ സിക്കന്ദ റാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫുൽറായ് ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. ഇതൊരു സ്വകാര്യ പരിപാടിയായിരുന്നു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അനുമതി നൽകിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ ഭരണകൂടം ഒരുക്കിയെങ്കിലും മറ്റ് ക്രമീകരണങ്ങൾ ചെയ്യേണ്ടതായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഘാടകർക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
COMMENTS