ബെർലിൻ: വന്‍ താരനിരയുമായെത്തിയ ഇംഗ്‌ളണ്ടിനെ പിടിച്ചുകെട്ടി സ്‌പെയിന്‍ 2-1ന് യൂറോ കപ്പില്‍ മുത്തമിട്ടു.തുടക്കം മുതല്‍ ഒടുക്കം വരെ പോരാട്ടവീര്...
ബെർലിൻ: വന്‍ താരനിരയുമായെത്തിയ ഇംഗ്‌ളണ്ടിനെ പിടിച്ചുകെട്ടി സ്‌പെയിന്‍ 2-1ന് യൂറോ കപ്പില്‍ മുത്തമിട്ടു.തുടക്കം മുതല്‍ ഒടുക്കം വരെ പോരാട്ടവീര്യം അല്പവും ചോരാതെയായിരുന്നു സ്‌പെയിനിന്റെ മുന്നേറ്റം. ഇതോടെ, നാല് യൂറോ കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമായി സ്‌പെയിന്‍ മാറുകയും ചെയ്തു.
മത്്‌സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. മൂന്നു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു പിറന്നത്.
47-ാം മിനിറ്റില്‍ റികോ വില്യംസിലൂടെ സ്പെയിനാണ് ആദ്യം മുന്നിലെത്തിയത്. പതിനേഴുകാരന്‍ ലാമിന്‍ യമാലിന്റെ അസിസ്റ്റില്‍നിന്നാണ് ഗോള്‍ വന്നത്്. ബോക്‌സിന്റെ വലതുവശത്തുനിന്ന് യമാല്‍ മറുപുറത്ത് ഓടിയെത്തുകയായിരുന്ന നിക്കോ വില്യംസിനെ ലക്ഷ്യംവെച്ച് നല്‍കിയ പാസ് ഫലം കണ്ടു. വില്യംസ് ഇടംകാല്‍ കൊണ്ട് അനായാസം പന്ത് വലയിലെത്തിച്ചു.
ഈ ഗോളോടെ യമാലിന്റെ ഈ യൂറോ കപ്പിലെ അസിസ്റ്റുകളുടെ എണ്ണം നാലായി. വില്യംസനാകട്ടെ ഈ യൂറോ കപ്പ് ടൂര്‍ണമെന്റിലെ രണ്ടാമത്തെ ഗോളും സ്വന്തമാക്കി.
ഒരു യൂറോ കപ്പ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലും ഗോളോ അസിസ്റ്റോ നേടുന്ന ആദ്യ താരമായി യമാല്‍ മാറുകയും ചെയ്തു.
വില്യംസിന്റെ ഗോളോടെ ഒരു യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീം എന്ന ഫ്രാന്‍സിന്റെ റെക്കോഡിനൊപ്പം സ്പെയിന്‍ എത്തുകയും ചെയ്തു. 1984-ല്‍ ഫ്രാന്‍സ് നേടിയ 14 ഗോള്‍ റെക്കോഡിനൊപ്പമാണ് സ്‌പെയിന്‍ എത്തിയത്.
എന്നാല്‍, പകരക്കാരനായിറങ്ങിയ കോള്‍ പാമര്‍ ഗോള്‍ മടക്കി ഇംഗ്‌ളണ്ടിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. അതോടെ, സ്‌പെയിന്‍ ഉണര്‍ന്നു. പിന്നെ, അവരുടെ മനോഹര മുന്നേറ്റങ്ങളായിരുന്നു.
കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‌ക്കെ മാര്‍ക് കുക്കറെല്ലയുടെ അസിസ്റ്റില്‍ ഒയാര്‍സബല്‍ വിജയഗോള്‍ നേടുകയായിരുന്നു.
ആദ്യപകുതിയില്‍ പന്ത് കൂടുതല്‍ സമയം കൈവശം വച്ചത് സ്പെയിനായിരുന്നു. കിട്ടിയ അവസരങ്ങളില്‍ ഇംഗ്ലണ്ട് എതിരാളികളെ അമ്പരപ്പിക്കുകയും ചെയ്തു. അപ്പോഴെല്ലാം പ്രതിരോധിക്കാന്‍ സ്പെയിന്‍ നന്നേ പാടുപെട്ടു.
ആദ്യ പത്ത് മിനിറ്റില്‍ റികോ വില്യംസ് ഇടതുവിങ്ങിലൂടെ അതിവേഗം കയറി ഇംഗ്ലീഷ് പ്രതിരോധം ഭേദിക്കാന്‍ നിരന്തരം ശ്രമിച്ചു.
12-ാം മിനിറ്റില്‍ അതിവേഗം ഇംഗ്ലീഷ് ബോക്സിലേക്ക് കടന്നുകയറിയ നിക്കോ വില്യംസ് ഇടതുപാര്‍ശ്വത്തില്‍ ക്ലോസ് റേഞ്ചില്‍ നിന്ന് ഉതിര്‍ത്ത ഷോട്ട് ഇംഗ്ലണ്ട് അത്ഭുതകരമായി പ്രതിരോധിച്ചു. 17-ാം മിനിറ്റില്‍ കെയ്ല്‍ വാക്കറുടെ ക്രോസ് അപകടമില്ലാതെ ബോക്സിനുള്ളിലൂടെ കടന്നുപോവുകയും ചെയ്തു.
COMMENTS