അങ്കോള : ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെട്ട മലയാളിയായ അർജുന വേണ്ടിയുള്ള തിരച്ചിൽ പത്താം ദിവസവും എങ്ങുമെത്താതെ തുടരുന്നു. ഗംഗാവലി പുഴയി...
അങ്കോള : ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപ്പെട്ട മലയാളിയായ അർജുന വേണ്ടിയുള്ള തിരച്ചിൽ പത്താം ദിവസവും എങ്ങുമെത്താതെ തുടരുന്നു.
ഗംഗാവലി പുഴയിലെ അതിശക്തമായ അടിയൊഴുക്കാണ് നാവികസേനയുടെയും കരസേനയുടെയും അംഗങ്ങൾക്ക് ഏറ്റവും വലിയ വെല്ലുവിളി ആയിരിക്കുന്നത്.
ഇപ്പോൾ നദിയിൽ നാല് സ്ഥലങ്ങളിൽ നിന്ന് ലോഹ ഭാഗങ്ങളുടെ സിഗ്നൽ ലഭിച്ചതായി തിരച്ചിലിന് നേതൃത്വം നൽകുന്ന റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ പറഞ്ഞു.
അർജുന്റെ ലോറി, പാതയോരത്തെ സുരക്ഷ കവചം, സമീപത്തുണ്ടായിരുന്ന മൊബൈൽ ഫോൺ ടവർ എന്നിവയുടെ ഭാഗങ്ങൾ ആയിരിക്കണം ഇതെന്ന് അനുമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മൂന്നാം സിഗ്നൽ കിട്ടിയ ഭാഗത്താണ് ലോറി ഉള്ളതെന്നാണ് ഏതാണ്ട് ഉറപ്പിച്ചിരിക്കുന്നത്. ഇവിടെ നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല.
ജലപ്രവാഹത്തിന്റെ വേഗം രണ്ട് നോട്സിൽ കൂടുതലാണെങ്കിൽ മുങ്ങൽ വിദഗ്ധർക്ക് ബുദ്ധിമുട്ടാണ്. പ്രത്യേക സാഹചര്യങ്ങളിൽ മൂന്ന് നോട്സ് വരെ മുങ്ങാറുണ്ട്. എന്നാൽ, ഗംഗാവലി പുഴയിൽ ഇപ്പോൾ 7 നോട്ട്സ് വരെയാണ് പ്രവാഹത്തിന്റെ വേഗം.ഇവിടേക്ക് മുങ്ങൽ വിദഗ്ധരെ ഇറക്കുന്നത് ആത്മഹത്യാപരമാണെന്ന് ഇന്ദ്രബാലൻ പറഞ്ഞു.
ഇന്ന് രാത്രിയിലും തിരച്ചിൽ തുടരുമെന്നും അർജുൻ എവിടെ എന്ന് കണ്ടെത്താനാണ് മുഖ്യ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
അർജുൻ ലോറിയുടെ ക്യാബിനിൽ തന്നെ ഉണ്ടോ അതോ പുറത്താണോ എന്ന കാര്യത്തിലാണ് സംശയം. മുങ്ങൽ വിദഗ്ധർക്ക് ക്യാബിനിൽ എത്തി പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല.
നദിയുടെ സമീപപ്രദേശങ്ങളിൽ നിന്ന് തടിക്കഷണങ്ങൾ കിട്ടിയിട്ടുണ്ട്. ഇത് അർജുന്റെ ലോറിയിൽ ഉണ്ടായിരുന്നതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറി കുത്തൊഴുക്കിൽപ്പെട്ടപ്പോൾ കയർ പൊട്ടി മരക്കഷണങ്ങൾ വെള്ളത്തിൽ പോയതാകാം എന്നാണ് അനുമാനം. ലോറിയുടെ ക്യാബിൻ വേർപെട്ടിട്ടുണ്ടാകില്ല എന്നാണ് നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
COMMENTS