Ramesh Narayanan response about Asif Ali controversy
കൊച്ചി: നടന് ആസിഫ് അലിയെ താന്‍ അപമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സംഗീത സംവിധായകന് രമേഷ് നാരായണന്. സോഷ്യല്‍ മീഡിയയില്‍ രമേഷ് നാരായണനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം എം.ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസ് ചലച്ചിത്രം മനോരഥങ്ങളുടെ ട്രെയിലര്‍ പുറത്തിറങ്ങുന്ന ചടങ്ങിലാണ് വിവാദമുണ്ടായത്. സീരീസിലെ ഒരു ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് രമേഷ് നാരായണനായിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹത്തിന് പുരസ്കാരം നല്കാന് നടന് ആസിഫ് അലിയെ ക്ഷണിച്ചത്.
എന്നാല്‍ ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ പുരസ്കാരം വാങ്ങിയ രമേഷ് നാരായണന് നടന് ഹസ്തദാനവും നല്‍കിയിരുന്നില്ല. മാത്രമല്ല ഇതിനു പിന്നാലെ സംവിധായകന് ജയരാജിനെ രമേഷ് നാരായണ്‍ തന്നെ വിളിച്ച് ആ പുരസ്കാരം അദ്ദേഹത്തിന്റെ കൈയില്‍ നല്കിയ ശേഷം വാങ്ങുകയായിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം കടുത്ത പ്രതിഷേധം ഉയരുകയായിരുന്നു.
ആസിഫിനെ അപമാനിക്കുകയാണ് സംഗീതജ്ഞന് ചെയ്തതെന്നായിരുന്നു പ്രതിഷേധം. എന്നാല്‍ തന്റെ പേരില്‍ തെറ്റിധാരണ വന്നതില്‍ ക്ഷമാപണം നടത്തുന്നതായും ആസിഫ് മൊമന്റോ തരാനാണ് വന്നതെന്ന് അറിയില്ലായിരുന്നെന്നും രമേഷ് നാരായണന് പറഞ്ഞു.
താന്‍ വേദിയിലല്ല നിന്നതെന്നും അതിനാലാണ് അറിയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സംവിധായകരെയും വേദിയിലേക്ക് ക്ഷണിച്ചെങ്കിലും തന്നെ ക്ഷണിച്ചിരുന്നില്ലെന്നും അതാണ് മനസ്സിലാകാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ സിനിമയിലേക്ക് ക്ഷണിച്ചത് ജയരാജാണെന്നും അതിനാലാണ് അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും വാങ്ങിയതെന്നും രമേഷ് പറഞ്ഞു. ആസിഫ് തനിക്ക് പ്രിയപ്പെട്ട നടനാണെന്നും അദ്ദേഹത്തെ അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Ramesh Narayanan, Asif Ali, Controversy
COMMENTS