കൊല്ലം : മണപ്പുറം ഫിനാൻസിന്റെ തൃശൂർ വലപ്പാട് ശാഖയിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയും സ്ഥാപനത്തിലെ അസിസ്റ്റൻറ് ജനറൽ മാനേജരുമ...
കൊല്ലം : മണപ്പുറം ഫിനാൻസിന്റെ തൃശൂർ വലപ്പാട് ശാഖയിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയും സ്ഥാപനത്തിലെ അസിസ്റ്റൻറ് ജനറൽ മാനേജരുമായിരുന്ന ധന്യ മോഹൻ പൊലീസിന് കീഴടങ്ങി.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു രണ്ട് ദിവസമായി ധന്യക്കായി പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് കൊല്ലം ഈസ്റ്റ് പൊലീസിന് മുമ്പാകെ ധന്യ കീഴടങ്ങിയത്.
18 വർഷമായി ഈ സ്ഥാപനത്തിൽ ധന്യ ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ അസിസ്റ്റൻറ് ജനറൽ മാനേജർ ആയി വലപ്പാട് ശാഖയിൽ പ്രവർത്തിക്കുകയായിരുന്നു.
സ്ഥാപനത്തിലെ പേഴ്സണൽ ലോൺ വിഭാഗത്തിൻ്റെ നിയന്ത്രണ ചുമതല ധന്യക്ക് കൂടിയായിരുന്നു. ഇതുവഴി തന്റെയും നാലു ബന്ധുക്കളുടെയും പേരിൽ പല ഘട്ടങ്ങളിലായി 19.94 കോടി രൂപയാണ് ധന്യ മാറ്റിയിരിക്കുന്നത്.
ഇങ്ങനെ മാറ്റിയ പണം സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നതിനും ഓൺലൈൻ റമ്മി കളിക്കുന്നതിനും ചെലവിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്.
ഓൺലൈൻ റമ്മിക്ക് രണ്ടുകോടി രൂപ ചെലവിട്ടതിനെ കുറിച്ച് കണക്കുകൾ ആദായ നികുതി വകുപ്പ് ചോദിച്ചിരുന്നു. എന്നാൽ ഇതിന് ധന്യ മറുപടി നൽകിയിരുന്നില്ല. ഈ വിവരം ഓഫീസിൽ അറിഞ്ഞിരുന്നു. ഇതോടെയാണ് ധന്യയുടെ ഇടപാടുകളെ കുറിച്ച് സ്ഥാപനം അന്വേഷണം ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ 80 ലക്ഷം രൂപ തട്ടിയതായാണ് വെളിപ്പെട്ടത്. തുടർന്ന് സ്ഥാപനത്തിലെ ആപ്ലിക്കേഷൻ വിഭാഗം തലവൻ സുശീൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് വൻ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരം സ്ഥാപനം അറിയുന്നത്.
അഞ്ചു ഇവർ സ്ഥാപനത്തിൽ നിന്നു ലോണുകളായി കോടിക്കണക്കിന് രൂപ അഞ്ച് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ധന്യയുടെ ബന്ധുക്കൾക്കും തട്ടിപ്പിൽ പങ്കുള്ളതായാണ് പൊലീസ് സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം വലപ്പാട് ശാഖയിൽ സ്ഥാപനത്തിൻറെ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിന് എത്തിയിരുന്നു. അന്വേഷണം നടക്കവേ അസുഖം അഭിനയിച്ച് ധന്യ പുറത്തേക്കു പോയി. പിന്നാലെ ഫോൺ ഓഫ് ചെയ്ത് ബന്ധുക്കളെയും കൂട്ടി ഒളിവിൽ പോവുകയായിരുന്നു. ധന്യ ഇപ്പോൾ താമസിക്കുന്ന വലപ്പാട്ടെ വീട്ടിലും കൊല്ലത്തെ വീട്ടിലും പോലീസ് സംഘങ്ങൾ അന്വേഷിച്ച് എത്തിയിരുന്നു. രണ്ടു വീടുകളും പൂട്ടിക്കിടക്കുകയായിരുന്നു. വലപ്പാട്ടെ വീട്ടിൽ പൂട്ട് തകർത്ത് പൊലീസ് അകത്തുകയറി പരിശോധന നടത്തിയിരുന്നു.
ലുക്ക് ഔട്ട് നോട്ടീസ് വരികയും ഇനി പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും വ്യക്തമായതോടെയാണ് ധന്യ കീഴടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
COMMENTS