ഷിരൂർ: ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ടുപോയ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനായി സൈന്യം എത്തി. നീണ്ട കാത്തിരിപ്പിന് ശേ...
ഷിരൂർ: ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ടുപോയ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനായി സൈന്യം എത്തി. നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സൈന്യം എത്തിയത്.
ദുരന്തം ഉണ്ടായി ആറാം ദിനത്തിലാണ് രക്ഷയ്ക്ക് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. കർണാടകത്തിലെ ബെൽഗാമിലെ സൈനിക കേന്ദ്രത്തിൽ നിന്നുള്ള 40 അംഗങ്ങളാണ് ഇവിടെ എത്തിയിട്ടുള്ളത്. രാവിലെ 11 മണിയോടെ സൈന്യം എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ടരയ്ക്കാണ് ഇവർ സംഭവസ്ഥലത്ത് എത്തിയത്. വൈകുന്നേരം ഈ മേഖലയിൽ കനത്ത മഴ പ്രവചിച്ചിട്ടുള്ളതിനാൽ രക്ഷാപ്രവർത്തനം എങ്ങനെയായിരിക്കും എന്ന് വ്യക്തമല്ല.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ ഇവിടെ നാലിടത്ത് ലോഹ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിൽ കൂടുതൽ ലോഹ സാന്നിധ്യമുള്ള പ്രദേശത്താണ് ഇപ്പോൾ മണ്ണ് മാറ്റിയുള്ള തിരച്ചിൽ നടക്കുന്നത്.
കൂറ്റൻ മല ഇടിഞ്ഞു വീണിരിക്കുന്നതിനാൽ രക്ഷാദൗത്യം അതീവ ദുഷ്കരമാണ്. ഇടവിട്ട് പെയ്യുന്ന മഴയും രക്ഷ ദൗത്യത്തിന് തടസ്സമാകുന്നുണ്ട്. കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
നാവികസേന, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, തീരദേശ സേന, അഗ്നി രക്ഷാ സേന, പോലീസ് എന്നിവർ സംയുക്തമായാണ് ഇതുവരെ തിരച്ചിൽ നടത്തിയത്. സൈന്യം എത്തിയതോടെ തിരച്ചിലിന്റെ നേതൃത്വം അവർ ഏറ്റെടുക്കുകയാണ്.
ഇതിനിടെ, അർജുനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ സുഭാഷ് ചന്ദ്രൻ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു.
അർജുനെ കണ്ടെത്തുന്നതിനുള്ള അനാസ്ഥയും നടപടിക്രമങ്ങളുടെ മെല്ലെ പോക്കും കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനുശേഷമാണ് കർണാടക സർക്കാർ അല്പമെങ്കിലും ഉണർന്നത്. കോഴിക്കോട് തണ്ണീർ പന്തലിൽ സേവ് അർജുൻ ഫോറം കടുത്ത പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സൈന്യത്തെ വിളിക്കാനും കേരള സർക്കാരിന് പുറമേ കെ സി വേണുഗോപാൽ എംപിയും കർണാടക സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു.
അപകട സ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കണമെന്ന് ഐഎസ്ആർഒ ചെയർമാനോട് വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു. ഉപഗ്രഹ ചിത്രങ്ങൾ ലഭിച്ചാൽ രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പത്തിൽ ആക്കാൻ കഴിഞ്ഞേക്കും '
COMMENTS