The family is saddened and protested that the search for Arjun, who went missing with lorry in landslide in Shirur, has been called off
കോഴിക്കോട്: അര്‍ജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ അവസാനിപ്പിച്ചതില്‍ ദുഃഖവും പ്രതിഷേധവുമായി കുടുംബം. ദൗത്യം അവസാനിപ്പിക്കരുതെന്ന് സഹോദരി അഞ്ജു ആവശ്യപ്പെട്ടു.
താത്കാലികമായി തിരച്ചില്‍ നിര്‍ത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് കുടുംബം പ്രതികരണവുമായെത്തിയത്. അര്‍ജുനെ കാണാതായി പതിമൂന്നാം ദിവസം തിരച്ചിലിനു വിരാമമിട്ടിരിക്കുകയാണ് കര്‍ണാടകം.
അര്ജുന് എവിടെയെന്ന അമ്മയുടെ ചോദ്യത്തിന് ഉത്തരം കിട്ടിയേ തീരൂ. അര്‍ജുനെ കണ്ടെത്താന്‍ സാധ്യമായ സാങ്കേതിക വിദ്യയെല്ലാം ഉപയോഗിക്കണം. അര്‍ജുനൊപ്പം കാണാതായവരെയും കണ്ടെത്തണം. രക്ഷാപ്രവര്‍ത്തനം നടത്തിയ രീതിയെക്കുറിച്ച് ആരെയും കുറ്റം പറയുന്നില്ലെന്നും അഞ്ജു പറഞ്ഞു.
ജൂലൈ 16നാണ് ട്രക്കും അര്‍ജുനും ദുരന്തത്തില്‍ അപ്രത്യക്ഷരായത്. കരസേനയും നാവികസേനയും പ്രാദേശിക മുങ്ങല്‍ വിദഗ്ദ്ധനായ ഈശ്വര്‍ മാല്‍പെയും പരിശോധന നടത്തിയിട്ടും അര്‍ജുന്റെ ട്രക്ക് എവിടെയെന്ന് കണ്ടെത്താനായിട്ടില്ല.
ഇന്ന് വൈകിട്ട് നാല് മണിയോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പൊടുന്നനെ അറിയിക്കുകയായിരുന്നുവെന്നാണ് സ്ഥലത്തുണ്ടായിരുന്ന എം വിജിന് എംഎല്‍എ പറഞ്ഞു.
ഗംഗാവലി നദിയില്‍ ഒഴുക്ക് ശക്തമായതിനാല്‍ മുങ്ങാനാവുന്നില്ലെന്ന് തിരിച്ചു പോകുന്നതിനു മുന്‍പ് ഈശ്വര്‍ മാല്‍പെ പറഞ്ഞു. നദിയിലെ ഒഴുക്കിനു തീവ്രത കുറഞ്ഞാല്‍ എപ്പോള്‍ വിളിച്ചാലും എത്തുമെന്നും ഈശ്വര്‍ പറഞ്ഞു.
തിരച്ചില്‍ നിര്‍ത്തിയതിനെതിരേ കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതിഷേധം രേഖപ്പെടുത്തി. മുന്‍ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് കാലാവസ്ഥ കുറച്ച് അനുകൂലമായപ്പോഴാണ് തിരച്ചില്‍ നിറുത്തിയതെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.
ദൗത്യം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് വൈകിട്ട് കത്തയച്ചു.
എന്നാല്‍, ദൗത്യം അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും എല്ലാ സാധ്യതകളും തേടുമെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ഡ്രഡ്ജിങ് യന്ത്രം അടക്കം കൂടുതല്‍ സാമഗ്രികള്‍ എത്തിക്കുമെന്നും ഇതെല്ലാം നടക്കണമെങ്കില്‍ കാലാവസ്ഥ അനുകൂലമാകണമെന്നും സതീഷ് കൃഷ്ണ സെയില്‍ പറയുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് കൊണ്ടുവന്ന ബോട്ടുകളും ഉപകരണങ്ങളും വൈകിട്ടോടെ സ്ഥലത്തുനിന്ന് മാറ്റി.
Summary: The family is saddened and protested that the search for Arjun, who went missing with lorry in landslide in Shirur, has been called off. Sister Anju asked not to end the mission.
COMMENTS