BJP started contesting in UP by boasting that it will sweep 80 out of 80 seats. An easy victory was expected there as the administration of the state
അഭിനന്ദ്
ന്യൂഡല്‍ഹി: ബി ജെ പിയുടെയും എന്‍ ഡി എ മുന്നണിയുടെയും എല്ലാ പ്രതീക്ഷയും തെറ്റിക്കുന്ന ഫലമാണ് ഉത്തര്‍ പ്രദേശില്‍ നിന്നു വരുന്നത്.
80ല്‍ 80 സീറ്റും തൂത്തുവാരുമെന്നു വീമ്പിളക്കിയാണ് ബി ജെ പി യുപിയില്‍ മത്സരിക്കാനിറങ്ങിയത്. സംസ്ഥാനത്തെ ഭരണവും ബി ജെ പിയുടെ കൈയിലായതിനാല്‍ അനായാസ ജയമാണ് അവിടെ പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍, വോട്ടെണ്ണല്‍ തുടങ്ങിയതോടെ ചിത്രമാകെ മാറുകയായിരുന്നു. 40 സീറ്റില്‍ ഇന്ത്യാ മുന്നണി ലീഡ് നേടിയത് ബി ജെ പി നേതൃത്വത്തെ ഞെട്ടിച്ചു. ഒരുവേള പ്രധാനമന്ത്രി നരേന്ദ്ര മോഡി പോലും യുപിയിലെ വാരാണസിയില്‍ ലീഡില്‍ പിന്നാക്കം പോയിരുന്നു. ബി ജെ പി ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണിത്.
ഇക്കുറി പ്രതിപക്ഷ നിരയില്‍ ഏറ്റവും ഐക്യത്തോടെ നിന്നത് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമാണ്. സമാജ് വാദി തലവന്‍ അഖിലേഷ് യാദവും കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയും ഒറ്റക്കെട്ടായി നിന്നപ്പോള്‍ അതു ബി ജെ പിയുടെ നില തെറ്റിക്കാന്‍ പോന്ന സഖ്യമായി.
മറു വശത്ത് ബി എസ് പിയുടെ മായാവതിയെ ബി ജെ പി കണ്ണുരുട്ടി നിറുത്തിയെങ്കിലും പ്രതിപക്ഷ ഐക്യം തകര്‍ക്കാനായില്ല.
ബി ജെ പിയുടെ അമിത ആത്മവിശ്വാസത്തിനുള്ള തിരിച്ചടിയും സംസ്ഥാനത്തെ യോഗി ആദിത്യനാഥ് സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിയോജിപ്പും കൂടിയാണ് തിരഞ്ഞെടുപ്പു ഫലത്തില്‍ തെളിയുന്നത്.
കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയെ അമേതിയില്‍ തോല്പിച്ച സ്മൃതി ഇറാനി പോലും 40,000 വോട്ടിനു പിന്നിലാണ്. അമേതിയില്‍ രാഹുല്‍ മത്സരിക്കാന്‍ വിസമ്മതിക്കുകയും റായ് ബറേലിയിലേക്കു മാറുകയും ചെയ്തതോടെ സ്മൃതി വിജയം ഉറപ്പിച്ച മട്ടിലായിരുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിശോരി ലാല്‍ ശര്‍മയെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ അദ്ദേഹത്തെ ബലി കൊടുക്കുന്നുവെന്നാണ് സ്മൃതിയും കൂട്ടരും കളിയാക്കിയത്. പക്ഷേ, ബി ജെ പിയുടെ കണക്കുകൂട്ടലെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ യു പിയില്‍ കാണുന്നത്.
യുപിയിലെ സുല്‍ത്താന്‍പൂരില്‍ മുന്‍ കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയും ഇരുപതിനായിരത്തോളം വോട്ടിനു പിന്നിലാണ്.
Summary: BJP started contesting in UP by boasting that it will sweep 80 out of 80 seats. An easy victory was expected there as the administration of the state was also in the hands of the BJP. However, once the counting of votes started, the whole picture changed
COMMENTS