തീപാറും ടി20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുടക്കമായി. ആദ്യ മത്സരം കാനഡയും യു.എസും തമ്മിലാണ്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കാനഡ 10 ഓവറ...
തീപാറും ടി20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുടക്കമായി. ആദ്യ മത്സരം കാനഡയും യു.എസും തമ്മിലാണ്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കാനഡ 10 ഓവറില്‍ 82 റണ്‍സ് എടുത്ത് 2 വിക്കറ്റ് നഷ്ടത്തില്‍ കളി തുടരുകയാണ്.
ടെക്സാസിലെ ഗ്രാന്‍ഡ് പ്രേരി സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ) ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍, കാനഡയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഐസിസി ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ ഇടംപിടിച്ച ഇരുടീമുകളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
യു.എസിലെ മൂന്നും വെസ്റ്റിന്‍ഡീസിലെ ആറും നഗരങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ന്യൂയോര്‍ക്, ടെക്‌സാസ്, ഫ്‌ലോറിഡ എന്നിവിടങ്ങളിലായി 16 മത്സരങ്ങളും ആന്റിഗ്വ & ബര്‍ബുഡ, ബാര്‍ബഡോസ്, ഗ്രനാഡ, ഗയാന, സെന്റ് വിന്‍സന്റ്, ട്രിനിഡാഡ് & ടൊബാഗോ എന്നിവിടങ്ങളില്‍ 39 കളികളുമാണ് നടക്കുക.
കിരീടം തേടി നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് പോരിനിറങ്ങുന്നത്. യു എസ്, പാപ്വന്യൂഗിനി, ഉഗാണ്ട ടീമുകള്‍ക്ക് ലോകകപ്പ് അരങ്ങേറ്റമാണ്. പാകിസ്താനുള്‍പ്പെടെ ട്വന്റി20യുടെ ആവേശത്തിനൊപ്പം ലോകകിരീടം തേടി 20 ടീമുകള്‍ ഇന്ന് ഇറങ്ങുന്നു.
പാകിസ്താനും അയര്‍ലന്‍ഡും യു.എസും കാനഡയുമടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്ത്യയുടെ ഗ്രൂപ് മത്സരങ്ങളെല്ലാം യു.എസിലാണ്.
ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ആദ്യ കളി. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്താന്‍ മത്സരം ജൂണ്‍ ഒമ്പതിന് ന്യൂയോര്‍ക്കിലാണ് നടക്കുക. ജൂണ്‍ രണ്ട് മുതല്‍ 18 വരെയാണ് ഗ്രൂപ് പോരാട്ടങ്ങള്‍. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാര്‍ സൂപ്പര്‍ എട്ടില്‍ പ്രവേശിക്കും. സൂപ്പര്‍ എട്ടില്‍ നാല് വീതം ടീമുകളുടെ രണ്ട് ഗ്രൂപ്പുകളുണ്ടാവും.
19 മുതല്‍ 25 വരെ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ നടക്കും. സൂപ്പര്‍ എട്ട് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലില്‍ ഇടം പിടിക്കും. സെമി മത്സരങ്ങള്‍ 27ന് ട്രിനിഡാഡ് & ടൊബാഗോയിലും ഗയാനയിലുമായി അരങ്ങേറും. ജൂണ്‍ 29ന് രാത്രി ഇന്ത്യന്‍ സമയം എട്ടിന് ബാര്‍ബഡോസിലാണ്‌ഫൈനല്‍.
Key Words: T20 World Cup, USA, Canada
COMMENTS