Congress leader Rahul Gandhi will be the Leader of the Opposition in the Lok Sabha. He accepted the Congress Working Committee's decision that Rahul
അഭിനന്ദ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകും. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയെ നേരിടാന്‍ രാഹുല്‍ തന്നെ വേണമെന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ തീരുമാനം അദ്ദേഹം അംഗീകരിക്കുകയായിരുന്നു.
രാഹുലിനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് പ്രോ ടേം സ്പീക്കര്‍ക്ക് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ സോണിയാ ഗാന്ധി കൈമാറി.
2019ല്‍ ബി ജെ പിയോട് ഏറ്റ ദയനീയ പരാജയത്തെ തുടര്‍ന്നായിരുന്നു രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. അതില്‍ പിന്നെ, ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയുള്ള ഭാരത് ജോഡോ യാത്ര പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ കോണ്‍ഗ്രസിനെ 99 അംഗങ്ങളുടെ ബലകത്തിലേക്ക് ലോക് സഭയില്‍ ഉയര്ത്തിയെടുത്തില് രാഹുലിന്റെ പങ്ക് പ്രധാനമാണ്. രാഹുല്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു.
സ്പീക്കര്‍ സ്ഥാനത്തു മത്സരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതിനു തൊട്ടു പിന്നാലെയാണ് 18-ാം ലോക്സഭയിലെ പ്രതിപക്ഷ നേതാവാകാന്‍ രാഹുല്‍ സമ്മതം മൂളിയിരിക്കുന്നത്.
പ്രതിപക്ഷ അംഗത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാമെന്ന ഉറപ്പ് നിഷേധിച്ച് കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും സംയുക്തമായി കൊടിക്കുന്നില്‍ സുരേഷിനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയായിരുന്നു.
കഴിഞ്ഞ ലോക്സഭയില്‍ സ്പീക്കറായിരുന്ന ഓം ബിര്‍ളയെ തന്നെയാണ് ബിജെപി ഇക്കുറിയും ആ സ്ഥാനത്തു നിയോഗിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യാ മുന്നണിയുമായി എത്രമാത്രം സഹകരിക്കുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍, മമതാ ബാനര്‍ജിയുടെ പിന്തുണ അഭിഷേക് ബാനര്‍ജിയിലൂടെ രാഹുല്‍ ഉറപ്പാക്കുകയായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടക്കുന്ന ഇന്ത്യാ സഖ്യ അംഗങ്ങളുടെ സമ്മേളനത്തില്‍ പാര്‍ട്ടി പങ്കെടുക്കുമെന്ന് തൃണമൂല്‍ അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി അറിയിക്കുകയും ചെയ്തതോടെ പ്രതിപക്ഷത്തിനു കൂടുതല്‍ ഊര്‍ജം കൈവരികയായിരുന്നു.
ബാക്കിയുള്ള 281 എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ചൊവ്വാഴ്ച നടന്നപ്പോള്‍, പ്രതിപക്ഷ ബഞ്ചുകളുടെ മുന്‍ നിരയില്‍ ഇരുന്ന രാഹുല്‍ ഗാന്ധിയും അഭിഷേക് ബാനര്‍ജിയും ചര്‍ച്ച നടത്തുന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി സ്പീക്കര്‍ സ്ഥാനത്ത് തിരഞ്ഞെടുപ്പ് നിര്‍ബന്ധമാക്കുന്നതാണ് പ്രതിപക്ഷ തീരുമാനം. ഈ വിഷയത്തില്‍ തങ്ങളോട് കൂടിയാലോചിച്ചിട്ടില്ലെന്ന് ആദ്യം തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞത് പ്രതിപക്ഷത്ത് അസ്വസ്തതയുണ്ടാക്കിയിരുന്നു. പിന്നാലെ കൊടിക്കുന്നില്‍ സുരേഷ് നേരിട്ടും തൃണമൂല്‍ നേതൃത്വവുമായി സംസാരിച്ചിരുന്നു.
കൊടിക്കുന്നില്‍ സുരേഷിനെ പ്രോടേം സ്പീക്കറായി നിയമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ്, ഡെപ്യൂട്ടി സ്പീക്കര്‍ പദത്തോടും ബിജെപി ആദ്യം മുഖം തിരിച്ചപ്പോഴാണ് ജയിക്കില്ലെന്ന് അറിയാമെങ്കിലും മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്.
പരമ്പരാഗതമായി പ്രതിപക്ഷത്തിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കാറുള്ളത്. 2014ല്‍ എഡിഎംകെയിലെ തമ്പി ദുരൈക്കായിരുന്നു ബിജെപി ഡെപ്യൂട്ടി സ്പീക്കര്‍ പദം കൊടുത്തത്. കഴിഞ്ഞ ലോക് സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഉണ്ടായിരുന്നില്ല.
Summary: Congress leader Rahul Gandhi will be the Leader of the Opposition in the Lok Sabha. He accepted the Congress Working Committee's decision that Rahul should face the BJP-led NDA.
COMMENTS