Bar bribery case: Police notice to Arjun Radhakrishnan
തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ ശബ്ദരേഖ പ്രചരിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച തിരുവനന്തപുരം ജവഹര്‍ നഗറിലെ ഓഫീസിലെത്താനാണ് നിര്‍ദ്ദേശം.
ബാറുടമകളുടെ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അര്ജുന് രാധാകൃഷ്ണനെന്നാണ് അന്വേഷണസംഘം വെളിപ്പെടുത്തുന്നത്. ഇയാള്‍ അഡ്മിന് സ്ഥാനത്തു നിന്നും മാറിയെങ്കിലും ഗ്രൂപ്പ് അംഗമായി തുടരുന്നുണ്ടെന്നും അതിനാല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് വിളിപ്പിച്ചിരിക്കുന്നതെന്നുമാണ് പൊലീസിന്റെ വിശദീകരണം. അര്ജുന് രാധാകൃഷ്ണന്റെ ഭാര്യാപിതാവ് ബാര്‍ ഉടമയാണെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം ബാറുടമകളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ താനില്ലെന്നും തന്റെ ഏത് നമ്പറാണ് ആ ഗ്രൂപ്പിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കണമെന്നും അര്ജുന് രാധാകൃഷ്ണന് പറഞ്ഞു.
തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും എന്നാല്‍ പൊലീസ് വിളിച്ചിരുന്നെന്നും വീട്ടിലേക്ക് വരുമെന്നും വിശദാംശങ്ങള്‍ അറിയാനുണ്ടെന്നുമാണ് പറഞ്ഞതെന്നും അര്ജുന് പറയുന്നു.
ഭാര്യയുടെ കുടുംബം വര്‍ഷങ്ങളായി ഹോട്ടല്‍ ബിസിനസിലാണുള്ളതെന്നും താനിപ്പോള്‍ ആ ഭാഗത്തേക്ക് നോക്കാറില്ലെന്നും അര്ജുന് പറഞ്ഞു.
COMMENTS