തിരുവനന്തപുരം: മുഖ്യമന്ത്രിയും കുടുംബവും വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.15 നുള്ള വിമാനത്തില്‍ അദ്ദേഹം തിരുവനന്തപു...
തിരുവനന്തപുരം: മുഖ്യമന്ത്രിയും കുടുംബവും വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.15 നുള്ള വിമാനത്തില്‍ അദ്ദേഹം തിരുവനന്തപുരത്തെത്തി പിന്നീട് വീട്ടിലേക്ക് മടങ്ങി. നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാല്‍ ഓഫീസിലും സുരക്ഷാ സംവിധാനങ്ങള്‍ക്കും നല്‍കിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയത്. മുന്‍ കൂട്ടി അറിയിച്ചതിലും നേരെത്തെയാണ് മടങ്ങിയെത്തിയത്.
സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഡിജിപി അടക്കം വിമാനത്താവളത്തില്‍ എത്താറുണ്ടെങ്കിലും ഇന്ന് പതിവു തെറ്റിച്ച് പുലര്‍ച്ചെ വിമാനത്താവളത്തില്‍ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
ഇന്ന് ദുബായില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷമേ മടങ്ങൂ എന്നാണ് മുന്‍പ് അറിയിച്ചിരുന്നതെങ്കിലും പരിപാടില്‍ ഒഴിവാക്കി മുഖ്യമന്ത്രി നേരത്തെ തിരിച്ചെത്തുകയായിരുന്നു. മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് മുന്‍പ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് സിംഗപ്പൂര്‍ യാത്ര ഒഴിവാക്കി മുഖ്യമന്ത്രി ഇന്തോനേഷ്യയില്‍ നിന്ന് ദുബായിലേക്ക് പോകുകയായിരുന്നു.
എട്ടു മുതല്‍ 12 വരെ ഇന്‍ഡോനേഷ്യയിലും 12 മുതല്‍ 18 വരെ സിംഗപ്പൂരിലും, 19 മുതല്‍ 21 വരെ ദുബായിലും യാത്ര ചെയ്യാനായിരുന്നു മുഖ്യമന്ത്രി നേരത്തെ തീരുമാനിച്ചത്. ഈ മാസം 19ന് ദുബൈയില്‍ എത്തുമെന്നായിരുന്നു അറിയിച്ചതെങ്കിലും 15 ന് ദുബൈയിലെത്തിയിരുന്നു. ഇരുപതാം തീയതിയോടുകൂടി കേരളത്തില്‍ തിരികെ എത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ അതിന് 2 ദിവസം മുന്നെ മുഖ്യമന്ത്രി കേരളത്തിലെത്തി.
മുഖ്യമന്ത്രിയ്‌ക്കൊപ്പം വിദേശത്തേക്ക് പോയ മന്ത്രി മുഹമ്മദ് റിയാസ് മടങ്ങിയെത്തിയിട്ടില്ല. ദുബായില്‍ ഇന്ന് നടക്കുന്ന പരിപാടികളില്‍ കൂടി പങ്കെടുത്ത ശേഷമാകും മന്ത്രി റിയാസിന്റെ മടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പോലും പങ്കെടുക്കാതെ മുഖ്യമന്ത്രി കുടുംബസമേതം വിദേശത്തേക്ക് പോയതിനെച്ചൊല്ലി പ്രതിപക്ഷ പാര്‍ട്ടികള്‍ നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്ര അനവസരത്തിലാണോ എന്ന സംശയം എല്‍ഡിഎഫിനകത്തുനിന്ന് തന്നെ ഉയര്‍ന്നിരുന്നു. അതേസമയം, മുഖ്യമന്ത്രി തിരികെയെത്തിയതിന് പിന്നാലെ മന്ത്രിസഭായോഗം ചേര്‍ന്ന് നിയമസഭ വിളിക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറും.
Key Words: Pinarayi Vijayan, Foreign Visit


COMMENTS