Society gold loan scam
കാസര്‍കോട്: അംഗങ്ങളറിയാതെ സൊസൈറ്റിയില്‍ നിന്നും സ്വര്‍ണപ്പണയ വായ്പ ഇനത്തില്‍ കോടികള്‍ തട്ടിയ സി.പി.എം നേതാവിനെതിരെ കേസ്. സി.പി.എം നിയന്ത്രണത്തിലുള്ള കാസര്‍കോട് കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്.
സൊസൈറ്റി സെക്രട്ടറിയും സി.പി.എം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.രതീശനാണ് അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ എടുത്തത്.
സൊസൈറ്റി പ്രസിഡന്റ് കെ.സൂപ്പിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ആദൂര്‍ പൊലീസ് കേസെടുത്തു. ഇതു മാത്രമല്ല ഇവിടെ വലിയ തോതിലുള്ള തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
സ്വര്‍ണപണയം ഇല്ലാതെ തന്നെ പല ആളുകളുടെയും പേരില്‍ സ്വര്‍ണ വായ്പ എടുക്കുകയും പണയം വെച്ച സ്വര്‍ണം ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോകുകയും അപെക്സ് ബാങ്ക് നല്കിയ പണം ഇവിടെ നിന്നും മാറ്റിയിട്ടുമുണ്ട്. ഇത്തരത്തില്‍ വന്‍ തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം.
നിലവില്‍ രതീശന് കര്‍ണ്ണാടകത്തില്‍ ഒളിവില്‍ കഴിയുന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Keywords: Co- Operative society, CPM leader, Gold loan scam, Case
COMMENTS